പ്രായപൂര്‍ത്തിയായ ഒരുഹൃദയത്തിന്റെ ലളിതാകാരഭംഗിയോടെ, ഉള്ളില്‍ ലഹരിയുടെ മുന്തിരിച്ചാര്‍ നിറച്ച്, മുന്തിയ വിരുന്നുമേശകളിലേക്കുള്ള ക്ഷണവും കാത്തിരിക്കുന്ന ഫ്രാന്‍സിലെ റെമി മാര്‍ട്ടിന്‍ കുടുംബാംഗത്തെ ക്യൂവില്‍ നിന്ന് ഒരാള്‍ പേരെടുത്ത് വിളിച്ചു ലൂയിസ് 13. ആകെ പ്രന്തണ്ടുപേര്‍ നിന്ന വരിയില്‍നിന്നും, തന്നെ തള്ളിപ്പറഞ്ഞവനെത്തന്നെ തിരഞ്ഞുപിടിച്ച്, തിരുസഭയുടെ താക്കോല്‍സ്ഥാനത്തിരുത്തിയിട്ട് ക്രിസ്തു പറഞ്ഞു : ‘ഈ പാറമേല്‍ ഞാനെന്റെ സഭ പടുത്തുയര്‍ത്തും.’
മദ്യവും മാര്‍പാപ്പയും മുഖാമുഖം വന്നാലുണ്ടാവുന്ന വിരോധാഭാസമാണ് ലൂയിസ് പതിമൂന്നിനും വി. പത്രോസിനും ഇടയിലുള്ളത്. പേരിന്റെ ആദ്യപാതിയില്‍ ലൂയിസ് എന്നും മറുപാതിയില്‍ പീറ്ററെന്നും ചേര്‍ത്ത് ഒരാളെ വിളിക്കുമ്പോള്‍ അധികമാരും ഓര്‍ത്തിരിക്കാനിടയില്ല, ഈ അസാധാരണ വൈചിത്ര്യം! കാരണം, അയാള്‍ ഓര്‍ക്കപ്പെടുന്നത് പേരുകൊണ്ടല്ല; കവിതകൊണ്ടാണ്.
ലൂയിസ് പീറ്റര്‍ എന്ന കവിയുടെ അസമാഹൃതരചനകള്‍ നിവര്‍ത്തിവെച്ച് ഞാന്‍ മേല്‍വിലാസം പരതി. ഇല്ല, ഊരില്ല; തപാല്‍പ്പെട്ടിയുമില്ല. സൗഹൃദങ്ങളുടെ തെരുവിലാണ് ലൂയിസിന്റെ താമസം. ‘എല്ലാവര്‍ക്കും ദൈവം സ്‌നേഹം കരുതിവെച്ചിരിക്കുന്നത് കുടുംബത്തിനുള്ളിലാണ്. എനിക്ക് പക്ഷേ, തെരുവോരങ്ങളില്‍ അത് വിതറിയിട്ടിരിക്കുകയാണ്. നടന്ന് പെറുക്കിയെടുക്കണം.’വീടില്ലേയെന്നോ വീട്ടിലേക്കില്ലേയെന്നോ ചോദിച്ചാല്‍ നിങ്ങള്‍ക്കുകിട്ടുന്ന മറുപടിഇതായിരിക്കും.
കവിതകളില്‍ ഈ മനുഷ്യന്റെ ജന്മദേശം നയീന്‍ പട്ടണമാണ്. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ കണ്ണീര്‍ കണ്ട് ക്രിസ്തു മനസ്സലിഞ്ഞ ഇടം. അന്ന്, മരിച്ച മകനുവേണ്ടി കരയാന്‍ ഒരു അമ്മയുണ്ടായിരുന്നു. പക്ഷേ, അകത്തെ ശവമഞ്ചത്തിനടുത്തേക്ക് ക്രിസ്തുവിനെ കൂട്ടിക്കൊണ്ടുവരാന്‍ തനിക്ക് അമ്മയോ ആള്‍വലയമോ ഇല്ലെന്ന് കവി ക്രിസ്തുവിനെ ഓര്‍മിപ്പിക്കുന്നു.
‘പ്രവാചകാ,
ജറുസലേമിലേക്കുള്ളയാത്രയില്‍
നീയിതുവഴികടന്നുപോകുമ്പോള്‍
കണ്ണുനീര്‍ച്ചാലുകളാല്‍വഴിതെളിച്ച്
നിന്നെ എന്നിലേക്കാനയിക്കുവാന്‍
എന്റെയരികിലുംചുറ്റിലും
ആരുമേയില്ലെന്ന്
കനിവോടെഓര്‍ക്കേണമേ’.
ഓരോ സൗഖ്യശുശ്രൂഷയ്ക്കു മുന്‍പും രോഗിയുടെകൂടി സമ്മതപത്രം വാങ്ങുന്നവനാണ് ബൈബിളിലെ യേശു, എന്നാലിവിടെ, ഈ മനുഷ്യനെ ഉയിര്‍പ്പിക്കുകയെന്നത് യേശുവിന്റെ മാത്രം ഉത്തരവാദിത്വമായിമാറിയിരിക്കുന്നു. കാരണം, അയാളെ ഓര്‍ത്തു വെക്കാന്‍ ദൈവം മാത്രമമേയുള്ളൂ.
ബൈബിളിന്റെ പശ്ചാത്തലത്തില്‍, ദൈവവുമായി ഇണങ്ങുകയും പിണങ്ങുകയും തര്‍ക്കിക്കുകയും ചെയ്യുന്ന ഒരാളെ ലൂയിസ് പീറ്റര്‍ എന്ന കവിയില്‍ കാണാം. തങ്ങള്‍ക്കിടയില്‍ പൊതുവായുള്ളത് സഞ്ചാര പ്രകൃതം മാത്രമാണെന്നാണ് കവിയുടെ സാക്ഷ്യം. ക്രിസ്തുവിന്റെ ജീവിതം മുഴുവന്‍ സഞ്ചാരമായിരുന്നല്ലോ. അടക്കിയ കുഴിയില്‍ നിന്നുപോലും എണീറ്റു നടന്ന ക്രിസ്തുതന്നെയാണ് ലൂയിസ് പീറ്ററിന്റെ കാലുകളുടെ ബലം. മാതൃഗര്‍ഭത്തില്‍ നിന്ന് ഗാഗുല്‍ത്തായിലേക്കും കുരിശില്‍ നിന്ന് വ്യാകുലമാതാവിന്റെ മടിയിലേക്കും ഓരോ മനുഷ്യനും യാത്ര പോവേ ണ്ടതുണ്ടെന്ന് അയാള്‍ക്ക് നന്നായറിയാം.
നടന്നു നടന്ന് ലൂയിസ് പീറ്റര്‍എത്താത്ത ഇടങ്ങളില്ല, കേരളത്തില്‍. ചെന്നു കേറുന്നിടത്തെല്ലാം സൗഹൃദത്തിന്റെ പരിമളം പരക്കുന്ന സന്ധ്യകള്‍ സമ്മാനിച്ചാണ് അയാള്‍ കടന്നുപോവുന്നത്. പടിയിറങ്ങിപോകുമ്പോഴും ‘കറുത്ത പെണ്ണ്’ അടക്കമുള്ള കവിതകള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കും. അത്രമേല്‍ വികാരോഷ്മളമായ ചൊല്‍ക്കാഴ്ചയാണത്.
ലൂയിസ് പീറ്റര്‍ കവിത ചൊല്ലുമ്പോള്‍ ആ ഉടല്‍ ഒരുമരമാകുന്നു. കൈകള്‍ ചില്ലകള്‍ പോലെ വിഹായസ്സിലേക്കുയരുന്നു. ശരീരഭാഷയും
കാവ്യഭാഷയും ഒന്നു തന്നെയാവുന്നു. സ്വയം ചിത്രീകരിച്ചെഴുതിയ ചില കവിതകളില്‍ നിന്നാണ് ലൂയിസ് പീറ്ററെന്ന നിസ്വനായ സഞ്ചാരിയെ നാം കൂടുതല്‍ മനസ്സിലാക്കുന്നത്.
‘എന്നെക്കുറിച്ചാണെങ്കില്‍
എന്റെ പാതയോട് ചോദിക്കുക.
ഒരു കള്ളച്ചുവടോ കള്ളയുറക്കമോ
ഉണ്ടായിരുന്നില്ലെന്ന് അവര്‍ പറയും.'(എന്നെക്കുറിച്ച്)
മനുഷ്യന്റെ നിക്ഷേപങ്ങള്‍ സൂക്ഷിക്കുന്ന ഒരു സ്ഥാപനത്തിലെ തൊഴില്‍ സുരക്ഷിതത്വത്തില്‍ നിന്നും കുതറിമാറി, ഇട്ട ഷര്‍ട്ടും ഉടുത്ത മുണ്ടുമല്ലാതൊന്നും സ്വന്തമായി സ്വരുക്കൂട്ടാതെ അയാള്‍ നടപ്പ് തുടരുകയാണ്. ഒരിക്കലും ഒന്നും അയാള്‍ നിക്ഷേപമാക്കി സഞ്ചിയില്‍ സൂക്ഷിക്കുന്നില്ല; സൗഹൃദം പോലും.
സൗഹൃദത്തിന്റെ വീഞ്ഞുചഷകങ്ങള്‍ നുരഞ്ഞു ചിതറിയ മുറികള്‍ ഇന്ന് ‘സ്മൃതിമുറിവു’കളാണെന്ന് ലൂയിസ് എഴുതിവെക്കുന്നുണ്ട്. ’12-ാം നമ്പര്‍ മുറി’ എന്ന കവിതയില്‍. ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ക്ഷോഭത്തോടെ ചില സൗഹൃദങ്ങളെ ആട്ടിയകറ്റാറുമുണ്ട്. താന്‍ ഒരു കൂടിനും ഉടമയല്ലെന്നും ഒരു കൂട്ടിനും അടിമയല്ലെന്നും പിന്നീടയാള്‍ കവിതയിലൂടെ നിലപാടുറപ്പിക്കുന്നു.
ലൂയിസ് പീറ്ററോട് കലഹിച്ചാല്‍ ദൈവം പോലും തോറ്റു പോകും. അത്രമേല്‍ തീവ്രമാണത്; സ്‌നേഹം പോലെത്തന്നെ. ദൈവത്തോട് കലഹിക്കുകയെന്നാല്‍ മതത്തോടു കലഹിക്കുക എന്നുകൂടിയാണ്. ഏദെന്‍ തോട്ടത്തില്‍ നിന്ന് പുറത്താക്കിയതിന്റെ പേരിലാണ് ഇവര്‍ തമ്മില്‍ ഇടര്‍ച്ചയുണ്ടാകുന്നത്. ഇണയോടൊപ്പം ഉറങ്ങിയ കൂട് തകര്‍ത്ത്, മുള്ളും പറക്കാരയും വിളയുന്ന മണ്ണിലേക്ക് മനുഷ്യനെ ശപിച്ചിറക്കിവിട്ട ദൈവത്തോട് എങ്ങനെ പൊറുക്കാനാണ്? ആണും പെണ്ണും ഒരുമിച്ചിരിക്കേണ്ട ഏദെന്‍ തോട്ടങ്ങളില്‍ നിന്ന് ഈ തലമുറയെ ഇറക്കിവിടുന്ന ‘ദൈവ’ങ്ങളോട് അനുസരണക്കേട് കാണിക്കാന്‍ മനുഷ്യന്‍ പഠിക്കേണ്ടിയിരിക്കുന്നു. തോട്ടത്തിന് പുറത്തിറങ്ങി ദൈവത്തെ ശപിക്കുന്ന മനു ഷ്യനെ ‘ഏദെന്‍’ എന്ന കവിതയില്‍കാണാം.
‘ഒരുകിളിയും
ഇനിയവനുവേണ്ടി പാടുകയില്ല
ഒരുകാറ്റും
അവനോട്കൂട്ടുകൂടുകയുമില്ല
ദയാരഹിതന്‍
ദൈവംതന്നെയായിതുടരും.’ (ഏദെന്‍)
ദൈവം ദയാരഹിതനാണെന്ന് പറഞ്ഞ അതേ നാവുകൊണ്ട് ‘കടുവ കരുണാമയനാണ്’ എന്ന് പറയുന്ന കവിയെ അദ്ഭുതത്തോടെയല്ലാതെ വായിക്കാനാവില്ല. ഇരയെ കൊല്ലുമ്പോഴും വിശപ്പിനു വേണ്ടത് മാത്രം ഭക്ഷിച്ച് ബാക്കി ഇരയ്ക്കരികില്‍ ഇട്ടിട്ടു പോകുന്ന കടുവയുടെ ‘കാരുണ്യം’ കവി എടുത്തുകാണിക്കുകയാണ്. ഹോട്ടലിലെ ഭക്ഷണത്തിനു ശേഷം കൈ തുടക്കാന്‍ ഒന്നല്ല, ഒരുകുന്ന് ടിഷ്യുപേപ്പര്‍ വാരിപ്പൊത്തിയെടുക്കുന്ന മനുഷ്യന്‍ കടുവയെ കണ്ട് പഠിക്കണം!
‘വിക്ടര്‍ജോര്‍ജിന്റെ ഓര്‍മ്മക്ക്’ എന്ന കവിതയില്‍, വിക്ടറിനുവേണ്ടി മാത്രം സ്മാരകം പണിയുന്ന നമ്മുടെ ‘മറവി’യെ കവി പരിഹസിക്കുന്നുണ്ട്. വിക്ടറിനൊപ്പം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായ ശതകോടി ജീവജാലങ്ങള്‍ക്ക് ആര് സ്മാരകമൊരുക്കുമെന്ന ചോദ്യത്തിന്റെ ധ്വനി പശ്ചിമഘട്ട ഭിത്തികളില്‍തട്ടി പ്രതിധ്വനിക്കേണ്ടതുണ്ട്, ഇക്കാലത്ത്.
ലൂയിസ് പീറ്ററിന്റെ കവിതക്ക് ഡി.എന്‍.എ. ടെസ്റ്റിന്റെആവശ്യമില്ല. പേരൊഴിവാക്കി എഴുതിയാല്‍ എല്ലാം ഒന്നെന്ന് തോന്നി പ്പിക്കും മട്ടില്‍ ആവര്‍ത്തനച്ചുവയുള്ള പുതുകവിതാരംഗത്ത് തീര്‍ത്തും വ്യത്യസ്തമായ സ്വരമാണ് ഈ കവിയുടേത്. താന്‍ മാത്രം നടന്ന, തനിക്ക് മാത്രം നടക്കാന്‍ കഴിയുന്ന വഴികളില്‍നിന്നും വിയര്‍പ്പാറ്റിയ വഴിയമ്പലങ്ങളില്‍നിന്നും പാകം ചെയ്തതെടുത്ത കവിതയാണ് അയാള്‍ വായനക്കാരന് വിളമ്പുന്നത്.
കുടിച്ച മദ്യത്തിന്റെ പെഗ്ഗ് കണക്ക് ഓര്‍മയില്‍ നിന്ന് എടുത്തു പറയുന്നതു പോലെത്തന്നെ ഓരോ കവിതയും തലച്ചോറിന്റെ പാപ്പിറസില്‍ രേഖപ്പെടുത്തിയിട്ടുണ്ട് ലൂയിസ് പീറ്റര്‍. പേനയും കടലാസും അയാള്‍ക്ക് ഒരു ആഡംബരമാണ്. ഓര്‍മയിലാണ് അയാളുടെ കാവ്യ നിക്ഷേപം മുഴുവന്‍. കേട്ട കവിതയ്ക്ക് രേഖ വേണമെങ്കില്‍ കേള്‍ക്കുന്നവന്‍ കടലാസിലെഴുതണം. കടലാസിലേക്ക് പകര്‍ത്തുന്നില്ലെങ്കിലും കവിതയില്‍ വാക്കുകള്‍ അടുക്കിവെക്കാന്‍ ലൂയിസ് വിദഗ്ദ്ധനാണ്. സംഭാഷണങ്ങള്‍, അസ്തമയം, മൃഗബലി തുടങ്ങിയ ചുരുക്കം ചില കവിതകള്‍ മാത്രമേ ഇതിന് അപവാദമായി പറയാനുള്ളൂ.
ഞാനും ലൂയിസ് പീറ്ററും തമ്മിലുള്ള സൗഹൃദത്തിനും കലഹത്തിനും ഒരു വയസ്സു പോലും തികഞ്ഞിട്ടില്ല. എനിക്ക് അപരിചിതമായ ദൂരത്തുനിന്ന്, നമ്പറില്‍ നിന്ന് ഇടയ്ക്കിടെയെത്തുന്ന ഫോണ്‍വിളികളില്‍ പലതിനും ലൂയിസ് പീറ്ററിന്റെ ഘനമുള്ള സ്വരമായിരിക്കും. ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും കാലത്ത്, സ്വന്തമായൊരു മൊബൈല്‍ഫോണ്‍ പോലുമില്ലാതെ ജീവിക്കാനുള്ള ധൈര്യം എത്ര പേര്‍ക്കുണ്ട്? കവിതയുടെ അതിജീവനത്തിന് ഇവയൊന്നും അത്യന്താപേക്ഷിതമല്ലെന്നൊരു പ്രഘോഷണം കൂടിയാണ് ലൂയിസ് പീറ്ററിന്റെ ജീവിതം. (റ്റിജോയുടെ ഈ കുറിപ്പ് 2016 ജനുവരിയില്‍എഴുതിയതാണ്. പിന്നീട് ലൂയിസ് പീറ്റര്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നു. ഫേസ്ബുക്കിലും സജീവമായിരുന്നു.)
നല്ല നിലത്തല്ല, മുള്ളുകള്‍ക്കും കല്ലുകള്‍ക്കും ഇടയില്‍ വീണുകിടക്കുന്ന വാക്കുകള്‍ ഉപയോഗിച്ച് ലൂയിസ് പീറ്റര്‍ ഇന്നും എഴുതിക്കൊണ്ടേയിരിക്കുന്നു. പ്രിയവായനക്കാരാ, ഈ കവിയെ ഒരിക്കലെങ്കിലും കാണാതെ ജീവിക്കുന്നതും ഒരിക്കലെങ്കിലും വായി ക്കാതെ മരിക്കുന്നതും നിന്റെ ഏറ്റവും വലിയ നഷ്ടമായിരിക്കും, തീര്‍ച്ച.
ലൂയിസ് പീറ്ററിന്റെ കവിതകള്‍ എന്ന പുസ്തകത്തിലും എഴുത്ത് മാസികയിലും നേരത്തെ പ്രസിദ്ധീകരിച്ച ലേഖനം
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക