'കുടുംബവുമായി സംസാരിക്കണമെങ്കില്‍ കോടതിയെ സമീപിക്കണം'; തിഹാറിലെ കശ്മീരി തടവുകാര്‍ക്ക് വീണ്ടും നിയന്ത്രണം
national news
'കുടുംബവുമായി സംസാരിക്കണമെങ്കില്‍ കോടതിയെ സമീപിക്കണം'; തിഹാറിലെ കശ്മീരി തടവുകാര്‍ക്ക് വീണ്ടും നിയന്ത്രണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th July 2024, 5:45 pm

ന്യൂദല്‍ഹി: തിഹാര്‍ ജയിലിലെ കശ്മീരി തടവുകാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍. കുടുബാംഗങ്ങളുമായി സംസാരിക്കാനുള്ള അവസരമാണ് നിഷേധിച്ചിരിക്കുന്നത്. ആഴ്ചയില്‍ ഒരു ദിവസം തടവുകാര്‍ക്ക് കുടുംബാംഗങ്ങളുമായി ഫോണിലൂടെ സംസാരിക്കാവുന്നതാണ്. ഈ അവസരമാണ് തിഹാര്‍ ജയിലിലെ അധികൃതര്‍ ഇപ്പോള്‍ നിയന്ത്രിച്ചിരിക്കുന്നത്. ദേശീയ മാധ്യമമായ ‘ദി വയര്‍’ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

തടവുകാരുടെ കുടുംബങ്ങളുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് വയര്‍ പുറത്തുവിട്ടിരിക്കുന്നത്. കോളുകള്‍ നിഷേധിച്ചുള്ള ഔദ്യോഗിക ഉത്തരവ് പൊലീസ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ പ്രസ്തുത ഉത്തരവ് അധികൃതര്‍ വാക്കാല്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ട് ഒരാഴ്ച പിന്നിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കശ്മീരില്‍ നിന്ന് തിഹാറിലെത്തി തടവുകാരെ കാണുക എന്നത് നിലവിലെ സ്ഥിതിഗതികള്‍ അനുസരിച്ച് കശ്മീരികള്‍ക്ക് പ്രയാസകരമാണ്. അധികൃതരുടെ നടപടി കൂടുതലായും ചെറിയ കുട്ടികളെയാണ് ബാധിച്ചിരിക്കുന്നത്. മാതാവും പിതാവും തടവുകാരായിട്ടുള്ള കുട്ടികള്‍ക്ക് അവരുമായി സംസാരിക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജമ്മുകശ്മീരില്‍ നിന്ന് തിഹാറിലെത്താന്‍ സാമ്പത്തികമായ പരിമിതിയും ഇവര്‍ നേരിടുന്നതായാണ് റിപ്പോര്‍ട്ട്.

അധികൃതരുടെ ഉത്തരവ് കോടതി വിധികളുടെ ലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിഹാറില്‍ തടവിലാക്കപ്പെട്ടിരിക്കുന്ന കശ്മീരി തടവുകാരെല്ലാം ദല്‍ഹിയിലെ ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ ശിക്ഷാവിധികള്‍ക്കായി വിചാരണ നേരിടുന്നവരാണ്. കോളുകള്‍ നിഷേധിക്കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി എന്‍.ഐ.എയോ തിഹാര്‍ ജയില്‍ അധികൃതരോ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കുടുംബവുമായി സംസാരിക്കണമെങ്കില്‍ കോടതിയെ സമീപിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നൂറുകണക്കിന് കശ്മീരി തടവുകാരാണ് നിലവില്‍ തിഹാര്‍ ജയിലില്‍ അനധികൃതമായി തടവില്‍ കഴിയുന്നത്. കനത്ത ചൂടില്‍ കശ്മീരി തടവുകാര്‍ ബുദ്ധിമുട്ടുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കനത്ത ചൂടില്‍ ഉയര്‍ന്ന വോള്‍ട്ടേജുള്ള ബള്‍ബുകള്‍ രാത്രികളില്‍ ഓഫ് ചെയ്യാന്‍ തടവുകാര്‍ക്ക് അനുവാദമില്ല. ഇത് ഉള്‍പ്പെടെയുള്ള നടപടികള്‍ തടവുകാരുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. അമിത ചൂടുള്ള കാലാവസ്ഥ കശ്മീരികള്‍ക്ക് ശീലമില്ലാത്തതിനാല്‍ നടപടി തടവുകാരെ സാരമായി ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Tihar prison administration has now imposed a new restriction