ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍ഹീറോ കഥാപാത്രങ്ങളിലൊന്നാണ് മാര്‍വല്‍ ക്യാരക്ടറായ സ്‌പൈഡര്‍മാന്‍. സ്‌പൈഡര്‍മാന്റെ ഏറ്റവും പുതിയ സിനിമകളില്‍ ടോം ഹോളണ്ടാണ് നായകനായെത്തുന്നത്.
സ്‌പൈഡര്‍മാന്‍ സീരീസിലെ ഏറ്റവും ഒടുവില്‍ റിലീസായ സിനിമ സ്‌പൈഡര്‍മാന്‍ നോ വേ ഹോം ഇന്ത്യയിലടക്കം വലിയ ഓളം സൃഷ്ടിച്ച ചിത്രമാണ്. സ്‌പൈഡര്‍മാന്‍ ചിത്രത്തിന്റെ ഓഡിഷന് പോയതായി തുറന്നുപറയുകയാണ് ബോളിവുഡ് ആക്ഷന്‍ ഹീറോ ടൈഗര്‍ ഷ്‌റോഫ്.
തനിക്ക് ഹോളിവുഡിലെ ഒരുപാട് പേരുമായി പരിചയപ്പെടാന്‍ സാധിച്ചെന്നും തന്നെ സ്‌പൈഡര്‍മാന്‍ ആക്കിയാല്‍ വി.എഫ്.എക്‌സ് ചെലവുകള്‍ കുറക്കാമെന്നും നിര്‍മാതക്കളുടെ അടുത്ത് പറഞ്ഞതായും ടൈഗര്‍ പറഞ്ഞു.
‘എനിക്ക് ഹോളിവുഡിലുള്ള നിരവധി മികച്ച വ്യക്തികളെ കാണാന്‍ സാധിച്ചിട്ടുണ്ട്. ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ അവര്‍ക്ക് വളരെ താല്‍പര്യമുണ്ടെന്ന് തോന്നുന്നു. ജാക്കി ചാന് ശേഷം ഒരു ക്രോസ്ഓവര്‍ ആക്ഷന്‍ ഹീറോ ഉണ്ടായിട്ടില്ല. എനിക്ക് ചിലപ്പോള്‍ അതാകാന്‍ സാധിച്ചേനെ.
സ്‌പൈഡര്‍മാന്‍ വേഷത്തിന് വേണ്ടി ഞാന്‍ ഓഡിഷനില്‍ പങ്കെടുത്തിരുന്നു. ഞാന്‍ ഒരുപാട് വീഡിയോകള്‍ അയക്കുകയും അവര്‍ക്ക് അത് ഇഷ്ടമാവുകയും ചെയ്തിരുന്നു. സ്‌പൈഡര്‍മാന്‍ ചെയ്യുന്ന എല്ലാ സ്റ്റണ്ടും എനിക്ക് ചെയ്യാന്‍ സാധിക്കും. അതുകൊണ്ട് നിങ്ങള്‍ക്ക് വി.എഫ്.എക്സിന്റെ പണം ലാഭിക്കാനാകുമെന്നും ഞാന്‍ പറഞ്ഞു. ആ കഥാപാത്രത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് തൊട്ടടുത്ത് വരെ ഞാനെത്തി, പക്ഷെ നടന്നില്ല,’ ടൈഗര്‍ പറഞ്ഞു.
2017ല്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍മാന്‍ ഹോം കമിങ്ങിന്റെ ഹിന്ദി പതിപ്പില്‍ ടൈഗര്‍ ഷ്‌റോഫ് ശബ്ദം നല്‍കിയിരുന്നു.
‘എന്റെ ബാല്യകാല സൂപ്പര്‍ഹീറോ സ്‌പൈഡര്‍മാന്റെ ഹിന്ദിയിലുള്ള ശബ്ദമാകാന്‍ സാധിച്ചതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. സ്പൈഡര്‍മാന്‍ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്, ഞാന്‍ എപ്പോഴും അഭിനയിക്കാന്‍ ആഗ്രഹിച്ച ഒരു സൂപ്പര്‍ഹീറോ കഥാപാത്രമാത്രമാണ് സ്‌പൈഡി,’ ടൈഗര്‍ കൂട്ടിച്ചേര്‍ത്തു.
Content highlight: Tiger Shroff says He auditioned for Spider Man