| Wednesday, 3rd October 2012, 12:54 am

കടുവാ സങ്കേതങ്ങളിലെ വിനോദ സഞ്ചാരം: കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്‌നാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാജ്യത്തെ കടുവാ സങ്കേതങ്ങളിലെ വിനോദ സഞ്ചാരവും തീര്‍ഥാടനവും നിയന്ത്രിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖയ്‌ക്കെതിരേ തമിഴ്‌നാട് രംഗത്ത്. []

തീരുമാനം വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം  നല്‍കി.

അതിനിടെ തമിഴ്‌നാട്ടിലെ കടുവാസങ്കേതത്തിനു സമീപത്തു നിന്നും അധികൃതര്‍ ബലംപ്രയോഗിച്ച് ഒഴിപ്പിക്കുന്നുവെന്ന് ആരോപിച്ച് മലയാളി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖയ്‌ക്കെതിരേ കേരളവും എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. തീരുമാനം നടപ്പാക്കിയാല്‍ ശബരിമല ഉള്‍പ്പടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഭക്തജനങ്ങളെ നിയന്ത്രിക്കേണ്ടിവരും. ഇത് പ്രായോഗികമല്ലെന്നാണ് കേരളത്തിന്റെ നിലപാട്.

കടുവ സങ്കേതങ്ങള്‍ക്കുള്ള നിയന്ത്രണം ശബരിമലയില്‍ ഏര്‍പ്പെടുത്തുന്നത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് സുപ്രീംകോടതിയില്‍ കേരളം വ്യക്തമാക്കിയിരുന്നു.

കടുവാസങ്കേതങ്ങളിലെത്തുന്ന വിനോദസഞ്ചാരികളെ നിയന്ത്രിക്കണമെന്ന് വനം പരിസ്ഥി മന്ത്രാലയം കടുവാ സങ്കേതങ്ങളുടെ മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് സുപ്രീകോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.

ശബരിമലയില്‍ വളരെ ചുരുങ്ങിയ കാലയളവില്‍ മാത്രമാണ് തീര്‍ത്ഥാടകര്‍ വരുന്നത്. ഈ സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ അതു വിശ്വാസികളെ വ്രണപ്പെടുത്തും. മാര്‍ഗരേഖയില്‍ ഉള്ള കാര്യങ്ങള്‍ ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്ളതാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more