കടുവാസങ്കേതങ്ങളിലെ വിനോദസഞ്ചാരം: വിലക്ക് ഭാഗികമായി നീക്കി
India
കടുവാസങ്കേതങ്ങളിലെ വിനോദസഞ്ചാരം: വിലക്ക് ഭാഗികമായി നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th October 2012, 4:13 pm

ന്യൂദല്‍ഹി: കടുവാസങ്കേതങ്ങളുടെ ഉള്‍ഭാഗങ്ങളിലെ വിനോദസഞ്ചാരത്തിനുള്ള വിലക്ക് സുപ്രീം കോടതി ഭാഗീകമായി നീക്കി. ദേശീയ കടുവാ സംരക്ഷണ അതോറിറ്റി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിബന്ധനയോടെയാണ് കോടതി വിലക്ക് നീക്കിയത്.[]

കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച പശ്ചാത്തലത്തിലായിരുന്നു നേരത്തെ കോടതി കടുവാസങ്കേതങ്ങളിലെ വിനോദസഞ്ചാരം ഇടക്കാല ഉത്തരവിലൂടെ വിലക്കിയത്.

വിനോദസഞ്ചാരത്തിനായി എല്ലാ സംസ്ഥാനങ്ങളും പുതിയ മാര്‍ഗരേഖ ഉണ്ടാക്കണമെന്നും ഇതിന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ അംഗീകാരം വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു.

കടുവാ സങ്കേതങ്ങളിലെ ഉള്‍പ്രദേശങ്ങള്‍ പൂര്‍ണമായി വിനോദസഞ്ചാരത്തിന് ഉപയോഗിക്കാന്‍ കോടതി അനുവദിച്ചിട്ടില്ല. 20 ശതമാനത്തോളം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരുകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് വിലക്ക് ഭാഗീകമായി നീക്കാന്‍ കേന്ദ്രം തന്നെ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

വിനോദസഞ്ചാരികളുടെ വരവ് കുറയാന്‍ നിയന്ത്രണം ഇടയാക്കുമെന്നും വരുമാനത്തെയും ഇത് ബാധിക്കുമെന്നും സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ ഉത്തരവ് ശബരിമലയ്ക്കും ബാധകമാണ്. ഇതനുസരിച്ച് ശബരിമലയില്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കേണ്ടിവരും.