മുംബൈ: യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിന് മുമ്പ് സഹോദരന്‍ ടൈഗര്‍ മേമന്‍ മുംബൈയിലെ കുടുംബാംഗങ്ങളെ ടെലഫോണില്‍ വിളിച്ചതായി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട്. മേമന്റെ വധശിക്ഷ സുപ്രീം കോടതി ശരി വെച്ച് 40 മിനുട്ടുകള്‍ക്ക് ശേഷം പുലര്‍ച്ചെ 5.35നാണ് ടൈഗര്‍ മേമന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മുംബൈ സ്‌ഫോടന പരമ്പരയിലെ മുഖ്യ സുത്രധാരന്‍ ഇബ്രാഹീം മേമന്റെ വിളിയെത്തിയത്.
യാക്കൂബിനെയോര്‍ത്ത് കുടുംബത്തിന്റെ കണ്ണുനീര്‍ വെറുതെയാവില്ലെന്നും സഹോദരന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്നുമാണ് ടൈഗര്‍ മേമന്‍ അമ്മയോട് പറഞ്ഞതായി മുംബൈ പോലീസ് റെക്കോര്‍ഡ് ചെയ്ത ചെലഫോണ്‍ സംഭാഷണത്തിലുള്ളത്. ഇക്കണോമിക് ടൈംസാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. സംഭാഷണത്തിന്റെ പകര്‍പ്പ് തങ്ങളുടെ പക്കലുണ്ടെന്നും പത്രം അവകാശപ്പെടുന്നു.
22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇബ്രാഹീം മേമന്റെ ശബ്ദം പോലീസിന് ലഭിക്കുന്നത്. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (വിഒഐപി) സംവിധാനം ഉപയോഗിച്ച് വിളിച്ചതിനാല്‍ ഇബ്രാഹീം മേമന്‍ എവിടെ നിന്നാണ് വിളിച്ചതെന്ന് പോലീസിന് വ്യക്തമായിട്ടില്ല. മൂന്ന് മിനുട്ട് നേരമാണ് മേമന്‍ മാതാവുമായി സംസാരിച്ചത്. പ്രതികാരം ചെയ്യുമെന്ന് മേമന്‍ പറഞ്ഞപ്പോള്‍ അക്രമം ഒഴിവാക്കണമെന്ന് മാതാവായ ഹാനിഫ മേമന്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടൈഗര്‍ മേമന്‍ ദാവൂദ് ഇബ്രാഹീമിനൊപ്പം ഇപ്പോള്‍ പാകിസ്ഥാനിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശ്വാസം.