| Monday, 27th December 2021, 2:25 pm

മൂന്ന് തവണ പാമ്പ് കടിച്ചു, പാമ്പിനെന്തെങ്കിലും പറ്റിയോ എന്നായിരുന്നു അച്ഛന് അറിയേണ്ടത്: സല്‍മാന്‍ ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ തന്റെ അന്‍പതിയാറാം പിറന്നാള്‍ ആഘോഷിച്ചത്. കുടുംബസമേതം താരത്തിന്റെ പനവേലില്‍ ഉള്ള ഫാം ഹൗസില്‍ ആയിരുന്നു പിറന്നാള്‍ ആഘോഷം. പിറന്നാളാഘോഷത്തിനിടെയായിരുന്നു താരത്തിന് പാമ്പുകടിയേറ്റത്.

പാമ്പ് കടിയേറ്റ സാഹചര്യത്തെ കുറിച്ചും പിന്നീട് അതിനെ കുറിച്ച് തന്റെ അച്ഛന്‍ ചോദിച്ചതിനെ കുറിച്ചുമൊക്കെ മാധ്യമങ്ങളോട് സംസാരിക്കുകയാണ് സല്‍മാന്‍.

തനിക്ക് എന്തെങ്കിലും പറ്റിയോ എന്നല്ല മറിച്ച് പാമ്പിന് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു അച്ഛന് അറിയേണ്ടത് എന്നാണ് ചിരിച്ചുകൊണ്ട് സല്‍മാന്‍ പറഞ്ഞത്.

‘പനവേലിലെ ഫാം ഹൗസ് കാടിന്റെ അടുത്താണ് ഉള്ളത്. ഫാം ഹൗസിലെ റൂമില്‍ കയറിയ പാമ്പിനെ കണ്ട് കുട്ടികള്‍ പേടിച്ചു. നീളമുള്ള വടി കൊണ്ട് വരാന്‍ ഞാന്‍ അവരോട് പറഞ്ഞു. അവര്‍ ഒരു വടി കൊണ്ട് വരുകയും ചെയ്തു. ആ വടി വെച്ച് പാമ്പിനെ വളരെ സ്‌നേഹത്തോടെ എടുത്ത ഞാന്‍ അതിനെ കാട്ടിലേക്ക് പറഞ്ഞ് അയക്കാനായി കൊണ്ട് പോകുകയായിരുന്നു.

എന്നാല്‍ വഴിക്ക് വെച്ച് പാമ്പ് വടിയില്‍ നിന്ന് മാറി മുകളിലേക്ക് കയറാന്‍ തുടങ്ങി. അപ്പോഴേക്കും വടി ഉപേക്ഷിച്ച് പാമ്പിനെ ഞാന്‍ കൈ കൊണ്ട് എടുത്തു. അവിടുത്തെ പ്രാദേശ വാസികള്‍ക്ക് അവിടെ ഏതൊക്കെ പാമ്പ് ആണ് വരുന്നത് എന്ന് അറിയാം. അവര്‍ കന്താരി പാമ്പ് കാന്താരി പാമ്പ് എന്ന് ബഹളം വെച്ചു.

അപ്പോഴാണ് ആദ്യത്തെ കടി ഏറ്റത്. പിന്നീടും ആളുകള്‍ ബഹളം വെച്ച് കൊണ്ടേയിരുന്നു ആ ബഹളത്തില്‍ രണ്ടാമത്തെ കടിയും കിട്ടി. ഹോസ്പിറ്റല്‍ ഹോസ്പിറ്റല്‍ എന്ന് ബഹളം വെച്ചപ്പോള്‍ മൂന്നാമത്തെ കടിയും ഏറ്റു,’ സല്‍മാന്‍ പറയുന്നു.

ഇക്കാര്യമറിഞ്ഞ് അച്ഛന്‍ വളരെയധികം ടെന്‍ഷനടിച്ചു. പാമ്പിന് എന്തെങ്കിലും പറ്റിയോ ജീവനോടെയുണ്ടോ എന്നായിരുന്നു അച്ഛനറിയേണ്ടത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ടൈഗറും പാമ്പും സുഖമായിരിക്കുന്നു എന്ന്. ഏക് താ ടൈഗര്‍, ടൈഗര്‍ സിന്ദാ ഹേ തുടങ്ങിയ തന്റെ സിനിമകളെ ബന്ധപ്പെടുത്തിയായിരുന്നു സല്‍മാന്റെ ഈ പരാമര്‍ശം.

പാമ്പിനെ ഞങ്ങള്‍ ഉപദ്രവേച്ചോ എന്നായിരുന്നു പിന്നെ അറിയേണ്ടത്. വളരെ സൂക്ഷിച്ച് സ്നേഹത്തോടെയാണ് കൈകാര്യം ചെയ്തതെന്നും തിരികെ വനത്തിലേക്ക് വിട്ടെന്നും അദ്ദേഹത്തോട് പറഞ്ഞെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന് പിന്നാലെ താരത്തെ ന്യൂ മുബൈയിലുള്ള എം.ജി.എം ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വളരെ മികച്ച ചികിത്സ തന്നെ തനിക്ക് ലഭിച്ചുവെന്നും ആശുപത്രി ജീവനക്കാരോട് നന്ദി പറയുന്നു എന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു

വിവരം അറിഞ്ഞ ഉടനെ പോലീസ് കമ്മിഷണര്‍ ബിപിന്‍ കുമാര്‍ സാറും എം.ല്‍.എ സന്ദീപ് കുമാര്‍ സാറും ഹോസ്പിറ്റലില്‍ എത്തി എന്നും വേണ്ട സഹായങ്ങള്‍ ചെയ്തുവെന്നും സല്‍മാന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more