സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ 3 നവംബര്‍ 11നാണ് തിയേറ്ററുകളിലെത്തിയത്. മനീഷ് ശര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ കത്രീന കൈഫാണ് നായികയായത്. പത്താന് ശേഷം യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സില്‍ നിന്നുമുള്ള ചിത്രത്തിന് വലിയ ഹൈപ്പാണ് ലഭിച്ചത്.
യഷ് രാജ് ഫിലിംസ് ആണ് ടൈഗര്‍ 3യുടെ എട്ട് ദിവസത്തെ ആഗോള കളക്‌ഷൻ റിപ്പോർട്ട് പുറത്ത് വിട്ടത്. പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം 376 കോടി രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയിട്ടുള്ളത്. ഇന്ത്യയിൽ നിന്നും മാത്രം 230.75 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. അതുപോലെ ഈ എട്ട് ദിവസം കൊണ്ട് ഇന്ത്യക്ക് പുറത്ത് നിന്ന് 96 കോടി രൂപയും ചിത്രം കൈവരിച്ചിട്ടുണ്ട്.
ദീപാവലി റിലീസ് ആയി നവംബര്‍ 12 ന് തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഷാരൂഖ് ഖാൻ ചിത്രങ്ങൾക്കുള്ള ആരാധക പിന്തുണ ഇല്ലെങ്കിലും ചിത്രത്തിന് ആദ്യദിനം കേരളത്തില്‍ നിന്നും ലഭിച്ച പ്രതികരണവും ബുക്കിങ്ങും കളക്ഷനും മികച്ചതായിരുന്നു. ആദ്യദിനം ചിത്രം 1.1 കോടി കേരളത്തില്‍ നിന്ന് നേടിയിരുന്നു. ജവാനും പത്താനും കഴിഞ്ഞാല്‍ ചരിത്രത്തില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ടൈഗര്‍ 3. എന്നാല്‍ ആ നേട്ടത്തിന് തുടർച്ച ഉണ്ടായിരുന്നില്ല.
ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തിലെ വില്ലന്‍. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രണ്‍വീര്‍ ഷൂരേ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേസമയം സല്‍മാന്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. 2012ല്‍ പുറത്തെത്തിയ ഏക് ഥാ ടൈഗറിന്റെ മൂന്നാം ഭാഗമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. 2017ല്‍ രണ്ടാം ഭാഗമായി ടൈഗര്‍ സിന്ദാ ഹെ എത്തി. ഈ വര്‍ഷം യാഷ് രാജ് ഫിലിംസ് തന്നെ നിര്‍മിച്ച പത്താന്‍ എന്ന ചിത്രത്തിലൂടെയാണ് യഷ് രാജ് ഫിലിംസ് സ്‌പൈ യൂണിവേഴ്‌സിന് തുടക്കമിട്ടത്. ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ കാമിയോ റോള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
Content Highlight: Tiger 3’s eight days collection report