| Sunday, 12th August 2018, 10:20 am

തുര്‍ക്കിക്കെതിരെ നടക്കുന്നത് സാമ്പത്തിക യുദ്ധം; അമേരിക്കയുമായുള്ള ബന്ധം വഷളായേക്കുമെന്ന സൂചന നല്‍കി എര്‍ദോഗന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്താംബൂള്‍: അമേരിക്കയുമായുള്ള ബന്ധത്തിന്റെ ഭാവി ആശങ്കയിലാണെന്നും അമേരിക്കന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് തുര്‍ക്കിയുടെ സമ്പദ്ഘടന താറുമാറാക്കാനാണെന്നും ടര്‍ക്കിഷ് പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദോഗന്‍. ലിറയുടെ മൂല്യത്തില്‍ കഴിഞ്ഞ ദിവസങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കനത്ത ഇടിവിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുര്‍ക്കിയില്‍ നിന്നുള്ള സ്റ്റീല്‍-അലൂമിനിയം ഇറക്കുമതിയുടെ മേലുള്ള നികുതി അമേരിക്ക ഇരട്ടിയാക്കിയതിനു തൊട്ടുപിന്നാലെയാണ് എര്‍ദോഗന്റെ പ്രസ്താവന. ലിറയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് വീഴ്ചയുണ്ടായിരിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളിലെ പാളിച്ചയല്ലെന്നും, മറിച്ച് അമേരിക്ക തൊടുത്തുവിട്ടിരിക്കുന്ന സാമ്പത്തിക യുദ്ധത്തിന്റെ “മിസൈല്‍” കാരണമാണെന്നുമാണ് എര്‍ദോഗന്റെ പ്രസ്താവന.

2016 ജൂലൈയില്‍ അട്ടിമറിയിലൂടെ തുര്‍ക്കിയെ തകര്‍ക്കാന്‍ പദ്ധതിയിട്ടവര്‍ ഇപ്പോള്‍ രാജ്യത്തെ സാമ്പത്തികമായി ആക്രമിക്കുകയാണെന്നും ഇതിനു കൃത്യമായ മറുപടി കൊടുത്തിരിക്കുമെന്നും അമേരിക്കയെ പേരെടുത്ത് പരാമര്‍ശിക്കാതെ എര്‍ദോഗന്‍ പറയുന്നു.

Also Read: ഇന്ത്യോനേഷ്യയില്‍ ഭൂകമ്പം: മരണ സംഖ്യ 387 കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തങ്ങളെ നേരിട്ട് എതിര്‍ക്കാനാകാത്ത ചിലര്‍ സാങ്കല്‍പിക ഓണ്‍ലൈന്‍ കറന്‍സി കൊണ്ടുവന്നിരിക്കുകയാണ്. തങ്ങളുടെ രാജ്യത്തിന്റെ യാഥാര്‍ത്ഥ്യവുമായോ ഉല്‍പാദനവുമായോ യാതൊരു ബന്ധവുമില്ലാത്തവയാണ് ഈ കറന്‍സികളെന്നും തന്റെ പാര്‍ട്ടിയുടെ പ്രാദേശിക യോഗത്തില്‍ സംസാരിക്കവേ എര്‍ദോഗന്‍ ആരോപിച്ചു.

രാജ്യം തകര്‍ച്ചയിലല്ലെന്നും എര്‍ദോഗന്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഈ വര്‍ഷം മാത്രം 40 ശതമാനത്തിന്റെ ഇടിവാണ് ലിറയുടെ നിരക്കില്‍ ഉണ്ടായിട്ടുള്ളത്. എര്‍ദോഗന്റെ സാമ്പത്തിക നയമാണ് ഇതിനു പിന്നിലെന്ന ആരോപണവും ശക്തമായി ഉയര്‍ന്നു വന്നിരുന്നു.

സിറിയയിലെ താല്‍പര്യങ്ങള്‍ മുതല്‍ റഷ്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാനുള്ള ശ്രമം വരെ വിവിധ വിഷയങ്ങളുടെ പേരില്‍ ഇരു രാജ്യങ്ങളും അഭിപ്രായവ്യത്യാസത്തിലാണുള്ളത്. തുര്‍ക്കിയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിചാരണനേരിടുന്ന ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍ ആന്‍ഡ്രൂ ബ്രണ്‍സണെ കൈമാറുന്ന വിഷയത്തിലും അമേരിക്കയും തുര്‍ക്കിയും ഇരുചേരികളിലാണുള്ളത്.

We use cookies to give you the best possible experience. Learn more