| Sunday, 30th October 2016, 10:31 am

സ്‌കൂളില്‍ പോയില്ല: മകളെ റോഡിലെ പോസ്റ്റില്‍ ചങ്ങലയില്‍ കെട്ടിയിട്ട് അമ്മയുടെ ക്രൂരത

ഡൂള്‍ന്യൂസ് ഡെസ്‌ക്

മണിക്കൂറുകളോളം കുഞ്ഞ് ചങ്ങലയുമായി റോഡരികില്‍ നിന്നു. തുടര്‍ന്ന് കുട്ടിയുടെ കരച്ചില്‍ കണ്ട് അതുവഴി വന്ന യാത്രികരാണ് വിവരം പൊലീസിലറിയിച്ചത്.


ക്വാലാലംപൂര്‍: സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചതിന്റെ പേരില്‍ മകളെ റോഡരികില്‍ ചങ്ങലിയില്‍ കെട്ടിയിട്ട് അമ്മയുടെ ക്രൂരത. മലേഷ്യയിലെ കോലാലംപൂരിലാണ് സംഭവം.

സ്‌കൂളില്‍ പോകാതെ മടികാണിച്ച എട്ടുവയസ്സുകാരിയെയാണ് അമ്മ ചങ്ങലയില്‍ കെട്ടിയത്. കുട്ടിയുടെ കാലില്‍ ചങ്ങലയിട്ട് റോഡിലെ വൈദ്യുതവിളക്കിന്റെ കാലില്‍ കെട്ടിയിട്ടുകയായിരുന്നു.

ഇതിന് ശേഷം സ്ത്രീ അവിടെ നിന്നും മടങ്ങുകയും ചെയ്തു. മണിക്കൂറുകളോളം കുഞ്ഞ് ചങ്ങലയുമായി റോഡരികില്‍ നിന്നു. തുടര്‍ന്ന് കുട്ടിയുടെ കരച്ചില്‍ കണ്ട് അതുവഴി വന്ന യാത്രികരാണ് വിവരം പൊലീസിലറിയിച്ചത്.

പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും പൂട്ട് തുറക്കാന്‍ കഴിയാത്തതിനാല്‍ കുട്ടിയെ മോചിപ്പിക്കാന്‍ മണിക്കൂറുകളൊളം കാത്തിരിക്കേണ്ടി വന്നു. അമ്മ തിരിച്ചുവരുന്നതിനുശേഷമാണ് കുട്ടിയെ ചങ്ങലയില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞത്.

എന്തിന് വേണ്ടിയാണ് ഈ ക്രൂരത കുഞ്ഞിനോട് ചെയ്തതെന്ന പോലീസുകാരന്റെ ചോദ്യത്തിന് കുട്ടി സ്‌കൂളില്‍ പോകാന്‍ മടി കാട്ടിയെന്നും അതിന് ശിക്ഷിച്ചതാണെന്നുമായിരുന്നു അമ്മയുടെ മറുപടി.

ഇനി കുഞ്ഞിനെ ഇത്തരത്തില്‍ ഉപദ്രവിക്കരുതെന്ന് താക്കീത് നല്‍കിയാണ് കുഞ്ഞിനെ അമ്മക്കൊപ്പം വിട്ടതെന്ന് പൊലീസ് കമ്മീഷണര്‍ അസ്ലിന്‍ സര്‍ദാരി അറിയിച്ചു.

കാലില്‍ വേദനിച്ച് കുഞ്ഞ് വളരെ വിഷമിച്ചെന്ന് നാട്ടുകാരും ദൃക്‌സാക്ഷികളും പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ എന്തുചെയ്യണമെന്ന് മനസിലാകാതെയാണ് പോലീസിനെ വിളിച്ചതെന്നും ഇവര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more