ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം കരുത്താര്‍ജ്ജിച്ച് വളരുകയാണെന്ന് നരേന്ദ്ര മോദി; 'സഹകരണം തുടരണം'
World News
ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം കരുത്താര്‍ജ്ജിച്ച് വളരുകയാണെന്ന് നരേന്ദ്ര മോദി; 'സഹകരണം തുടരണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th January 2020, 11:21 am

ന്യൂദല്‍ഹി: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധം കൂടതല്‍ കരുത്താര്‍ജ്ജിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും പരസ്പര ധാരണയിലും ഊന്നിയിട്ടുള്ളതാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിച്ച് വളരുകയാണെന്നുമാണ് മോദി പറഞ്ഞത്.

പരസ്പര താല്പര്യമുള്ള എല്ലാ മേഖലകളിലും തുടര്‍ന്നും സഹകരിച്ച് മുന്നോട്ട് പോകണമെന്ന് മോദി ആഗ്രഹം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ഇന്ത്യയുമായുള്ള ബന്ധത്തില്‍ ട്രംപും സംതൃപ്തിയറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതില്‍ കൈവരിച്ച നേട്ടങ്ങളും മോദി എടുത്തു പറഞ്ഞു.

അതേസമയം, ഡൊണാള്‍ഡ്ട്രംപിനെതിരെ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി രംഗത്തു വന്നിരുന്നു.

അമേരിക്ക ഇറാനിലെ 52 തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ ലക്ഷ്യമാക്കിയിട്ടുണ്ടെന്നും ഖാസിം സുലൈമാനിയുടെ മരണത്തില്‍ പ്രതികാര നടപടിയുമായി ഇറാന്‍ മുന്നോട്ടു പോകുകയാണെങ്കില്‍ ഇവിടെ ധ്രുതഗതിയില്‍ അക്രമം നടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ഇറാനെ വെല്ലുവിളിക്കാന്‍ നോക്കേണ്ട എന്നായിരുന്നു റൂഹാനിയുടെ മറുപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബാഗ്ദാദില്‍ വെച്ച് നടന്ന വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ അമേരിക്കക്കെതിരെ ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയില്‍ പരാതി നല്‍കിയിരുന്നു.

അമേരിക്കന്‍ നടപടിയെ യു.എന്‍ അപലപിക്കണമെന്ന് ഇറാഖ് ആവശ്യപ്പെട്ടിരുന്നു. ബാഗ്ദാദില്‍ അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി സൈനിക നടപടിയിലുള്ള പ്രതിഷേധം ഇറാഖ് വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ