ബെംഗളൂരു: കര്‍ണാടകയില്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ തെരഞ്ഞെടുപ്പു വേണ്ടിവരുമെന്ന് ജനതാദള്‍ നേതാവ് എച്ച്.ഡി ദേവഗൗഡ. കോണ്‍ഗ്രസിനെയാണ് അദ്ദേഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
‘ അഞ്ചുവര്‍ഷം ഞങ്ങളെ പിന്തുണയ്ക്കുമെന്നാണ് അവര്‍ പറഞ്ഞത്, പക്ഷേ അവരുടെ പെരുമാറ്റം ഇത് പാലിക്കുന്ന മട്ടിലുള്ളതല്ല. ഞങ്ങളുടെ ആളുകള്‍ വളരെ സ്മാര്‍ട്ടാണ്. അവര്‍ കോണ്‍ഗ്രസുകാരെ നന്നായി ശ്രദ്ധിക്കുന്നുണ്ട്.’ ദേവഗൗഡ പറഞ്ഞു.
കര്‍ണാടകയില്‍ ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യത്തിനുള്ളില്‍ അതൃപ്തി പുകയുന്ന സാഹചര്യത്തിലാണ് ദേവഗൗഡയുടെ പരാമര്‍ശം.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയ്ക്കു കാരണം പാര്‍ട്ടിയ്ക്ക് അവരുടെ ശക്തി ക്ഷയിച്ചതാണെന്നും ദേവഗൗഡ പറഞ്ഞു. ‘ എന്റെ ഭാഗത്തുനിന്നും യാതൊരു അപകടവുമുണ്ടാവില്ല. ഈ സര്‍ക്കാര്‍ എത്രകാലം നിലനില്‍ക്കുമെന്ന് എനിക്കറിയില്ല. ഇത് കോണ്‍ഗ്രസിന്റെയും കുമാരസ്വാമിയുടേയും കൈകളിലാണ്.’ ദേവഗൗഡ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഏകകക്ഷീയമായ എല്ലാ നിലപാടുകളും ജെ.ഡി.എസ് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോണ്‍ഗ്രസില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് കര്‍ണാടക സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്.
‘കര്‍ണാടക സഖ്യത്തിനുള്ള പശയായിരുന്നു ഞാന്‍. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഗുലാം നബി ആസാദിനേയും അശോക് ഗെഹ്‌ലോട്ടിനേയും ബാംഗ്ലൂരിലേക്ക് അയച്ചു. ചര്‍ച്ചയ്ക്കിടെ സഖ്യസര്‍ക്കാറിന്റെ ബുദ്ധിമുട്ടുകള്‍ ഞാനവരോട് പറഞ്ഞതാണ്. സഖ്യം വേണ്ടെന്ന് ഞാന്‍ അവരോട് പറഞ്ഞതാണ്.’ ദേവഗൗഡ പറഞ്ഞു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കാനായിരുന്നു താന്‍ ആവശ്യപ്പെട്ടതെന്നും ദേവ ഗൗഡ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത് കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്നാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞപ്പോള്‍ താന്‍ അത് അംഗീകരിക്കുകയായിരുന്നെന്നും ദേവഗൗഡ പറഞ്ഞു.