പട്‌ന: പ്രായമേറിയതും കറവ വറ്റിയതുമായ പശുക്കളെ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടിന് മുന്നില്‍ കെട്ടിയിട്ടാല്‍ അവരുടെ യഥാര്‍ത്ഥ പശു സ്‌നേഹം മനസിലാക്കാന്‍ കഴിയുമെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. പശുവിനോടല്ല വോട്ടിനോടാണ് ബി.ജെപിക്കാര്‍ക്ക് സ്‌നേഹമുള്ളതെന്നും ലാലുപ്രസാദ് ആരോപിച്ചു.
ഗോ സംരക്ഷണമെന്നത് ബി.ജെ.പിയും ആര്‍.എസ്.എസും വോട്ടിനു വേണ്ടി മാത്രം ഉയര്‍ത്തിക്കൊണ്ടുവരുന്ന വാദങ്ങളാണെന്നും ലാലുപ്രസാദ് പറഞ്ഞു. “അവര്‍ പശുക്കളെ സ്‌നേഹിക്കുന്നതായി ഭാവിക്കുകയാണ്” ബീഹാറിലെ രാജ്ഗിറില്‍ നടന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ബി.ജെ.പിയുടെ ഗോ സംരക്ഷണത്തിനെതിരെ ലാലുപ്രസാദ് വിമര്‍സനങ്ങള്‍ ഉന്നയിച്ചത്.
നിങ്ങള്‍ പ്രായം ചെന്ന കറവ വറ്റിയ പശുക്കളെ ബി.ജെ.പിക്കാരുടെ വീടിനു മുന്നില്‍ കെട്ടിയിട്ടു നോക്കൂ അപ്പോള്‍ കാണാം അവര്‍ ആ മൃഗത്തോട് എങ്ങനെയാണ് പെരുമാറുന്നതെന്ന്” ലാലുപ്രസാദ് പറഞ്ഞു. ബിജെ.പിക്കാരുടെ കപട പശുസ്‌നേഹം പുറത്തുകൊണ്ടുവരാന്‍ നിങ്ങള്‍ രംഗത്തുവരണമെന്നും അദ്ദേഹം അണികളോട് പറഞ്ഞു.
ആര്‍.എസ്.എസും ബി.ജെ.പിയുടെയും പശുസ്‌നേഹം പാലിനു വേണ്ടിയല്ല മറിച്ച് വോട്ടിനു വേണ്ടിയാണ്. അവര്‍ ഉന്നം വെക്കുന്നത് ന്യൂനപക്ഷങ്ങളെയാണ് അദ്ദേഹം പറഞ്ഞു. തന്റെ വാദങ്ങള്‍ ശരിയാണെന്ന് തെളിയിക്കാന്‍ നിങ്ങള്‍ പ്രയത്‌നിക്കണമെന്നും ലാലുപ്രസാദ് പാര്‍ട്ടി യോഗത്തില്‍ പ്രവര്‍ത്തകരോട് പറഞ്ഞു.