ന്യൂയോര്‍ക്ക്: വാര്‍ത്തയിലേക്ക് കടക്കുന്നതിന് മുന്‍പ് ഒരു മുന്നറിയിപ്പ്: ഇതില്‍ പറയുന്ന “ടൈഡ് പോഡ് ചലഞ്ച്” ആരും പരീക്ഷിച്ച് നോക്കരുത്. ബ്ലൂ വെയില്‍ ചലഞ്ചിനു ശേഷം സമൂഹമാധ്യമങ്ങളിലൂടെ ഏറെ പ്രചാരം നേടുകയും കൗമാരക്കാരെ മരണത്തിലേക്ക് വരെ തള്ളിയിടുകയും ചെയ്യുന്ന പുതിയ വെല്ലുവിളിയാണ് “ടൈഡ് പോഡ് ചലഞ്ച്”. ബ്ലൂ വെയില്‍ സംബന്ധിച്ച ദുരൂഹതകള്‍ ഇപ്പോഴും നീങ്ങിയിട്ടില്ലെങ്കിലും “ടൈഡ് പോഡ് ചലഞ്ചി”ല്‍ കാര്യങ്ങള്‍ വ്യക്തമാണ്.
വസ്ത്രങ്ങള്‍ കഴുകുന്നതിനുള്ള ടൈഡ് സോപ്പുപൊടി കഴിക്കുകയും ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയുമാണ് “ടൈഡ് പോഡ് ചലഞ്ച്”. വീഡിയോ പോസ്റ്റ് ചെയ്യുന്നതിനൊപ്പം മറ്റുള്ളവരെ ഇത് ചെയ്യാനായി വെല്ലുവിളിക്കുകയും വേണം. അത്യന്തം അപകടകരമായ ഈ വെല്ലുവിളി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
ആക്ഷേപഹാസ്യ വാര്‍ത്തകള്‍ക്കായുള്ള “ദി ഒനിയനി”ല്‍ വന്ന വെറുമൊരു തമാശ മാത്രമായിരുന്നു ഇതിന്റെ തുടക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കളി കാര്യമായതോടെ കൗമാരക്കാര്‍ ഇത് ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് ചലഞ്ച് ഏറ്റെടുത്തുകൊണ്ട് വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. അപ്‌ലോഡ് ചെയ്യപ്പെടുന്ന വീഡിയോകള്‍ക്കെല്ലാം ലക്ഷക്കണക്കിന് കാഴ്ചക്കാരും ഉണ്ട്. ഇന്നലെ അപ്‌ലോഡ് ചെയ്ത വീഡിയോ ഇതുവരെ 12,000-ത്തിലേറെ തവണ കണ്ടുകഴിഞ്ഞിട്ടുണ്ട്.
പോളിമറുകള്‍, എഥനോള്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് തുടങ്ങിയ വിഷ പദാര്‍ത്ഥങ്ങളാണ് സോപ്പുപൊടിയില്‍ അടങ്ങിയിട്ടുള്ളത്. ഇത് കഴിച്ചാല്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകുമെന്നും ചിലപ്പോള്‍ മരണം തന്നെ സംഭവിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ആശുപത്രികളില്‍ ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് ഡോക്ടര്‍മാര്‍ ടൈഡ് പോഡ് ചലഞ്ചിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വീഡിയോ: