എം.എല്‍.എസില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ആദ്യ എവേ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്റര്‍ മയാമിയുടെ ടിക്കറ്റ് വിറ്റുതീര്‍ന്നത് 10 മിനിട്ടില്‍. ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 299 ഡോളറാണെങ്കിലും 600 ഡോളറിനാണ് ടിക്കറ്റുകള്‍ വിറ്റുപോയത്. 900 ഡോളറിന് വരെ ടിക്കറ്റ് വാങ്ങാന്‍ ആരാധകര്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എഫ്.സി ഡല്ലാസിനെതിരായ മത്സരത്തില്‍ ടൊയോറ്റ സ്‌റ്റേഡിയത്തില്‍ 20,000 കാണികളാവും എം.എല്‍.എസിലെ മെസിയുടെ ആദ്യ എവേ മത്സരം കാണാനായി എത്തുക. മെസിയുടെ വരവോടെ തകര്‍പ്പന്‍ ഫോമില്‍ തുടരുകയാണ് ഇന്റര്‍ മയാമി.
ഇന്റര്‍ മയാമിക്കായി ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളും ഒരു അസിസ്റ്റും മെസി അക്കൗണ്ടിലാക്കി കഴിഞ്ഞു. എം.എല്‍.എസില്‍ കളിയാരംഭിച്ചയുടന്‍ പ്രകടന മികവ് കൊണ്ടും ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ കൊണ്ടും ശ്രദ്ധേയനാവുകയാണ് ഈ 36കാരന്‍.
ഈ പ്രകടനം തുടരുകയാണെങ്കില്‍ ഇന്റര്‍ മയാമിയുടെ ടോപ്പ് ഗോള്‍ സ്‌കോററാകാന്‍ മെസിക്ക് അധിക സമയം വേണ്ടെന്നാണ് ഫുട്ബോള്‍ വിദഗ്ദരുടെ വിലയിരുത്തല്‍. അരങ്ങേറ്റ മത്സരത്തില്‍ ഒരു ഗോളും ബാക്കി രണ്ട് മത്സരങ്ങളിലും ഇരട്ട ഗോളുകളും വലയിലെത്തിച്ച മെസിക്ക് ഇനി 24 ഗോള്‍ നേടിയാല്‍ മയാമിയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാകാന്‍ സാധിക്കും.
നിലവില്‍ അര്‍ജന്റൈന്‍ ദേശീയ ടീമില്‍ മെസിയുടെ സഹതാരമായിരുന്ന ഗോണ്‍സാലോ ഹിഗ്വെയ്നാണ് മയാമിയുടെ ടോപ്പ് ഗോള്‍ സ്‌കോറര്‍. യുവന്റസില്‍ നിന്ന് മയാമിയിലെത്തി മൂന്ന് സീസണുകള്‍ ക്ലബ്ബില്‍ ചെലവഴിച്ച ഹിഗ്വെയ്ന്‍ 29 ഗോളുകളാണ് അക്കൗണ്ടിലാക്കിയിട്ടുള്ളത്. അടുത്ത ഏതാനും മത്സരങ്ങളില്‍ നിന്ന് തന്നെ ഹിഗ്വെയ്നെ മറികടക്കാന്‍ മെസിക്ക് സാധിക്കുമെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിക്കുന്നത്.
ജൂലൈ 21നാണ് മെസി മയാമി ജേഴ്സിയില്‍ തന്റെ അരങ്ങേറ്റം നടത്തുന്നത്. ക്രൂസ് അസൂളിനെതിരായ മത്സരത്തിന്റെ ഇഞ്ച്വറി ടൈമില്‍ ഗോള്‍ നേടിയ മെസി ഇന്റര്‍ മയാമിയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. തുടര്‍ന്ന് അറ്റ്ലാന്റ യുണൈറ്റഡിനെതിരെ ഇന്റര്‍ മയാമി 4-1ന്റെ ജയം സ്വന്തമാക്കിയ മത്സരത്തില്‍ മെസി ഡബിളടിച്ചിരുന്നു. ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ മെസിയുടെ ഇരട്ട ഗോളിന്റെ മികവില്‍ മത്സരം 3-1ന്റെ ജയത്തിലെത്തിക്കാന്‍ മയാമിക്ക് സാധിച്ചു.
ഈ സീസണില്‍ തന്നെ മെസിക്ക് മയാമിയുടെ ഗോള്‍ സ്‌കോററാകാന്‍ സാധിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒര്‍ലാന്‍ഡോ സിറ്റിക്കെതിരായ മത്സരത്തിലെ ജയത്തോടെ റൗണ്ട് ഓഫ് 16ല്‍ കടന്ന മയാമി ജൂലൈ ആറിനാണ് എഫ്.സി ഡല്ലാസിനെ ഏറ്റുമുട്ടുക.
Content Highlights: Tickets sold out in ten minutes for Lionel Messi’s first away match in MLS