| Sunday, 4th August 2019, 7:56 pm

പെരുന്നാളവധി; പ്രവാസികള്‍ക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷാര്‍ജ: യു.എ.ഇയില്‍ ബലിപെരുന്നാളാഘോഷം ആഗസ്റ്റ് 11 നായിരിക്കെ പെരുന്നാളവധിക്കായി മാത്രം നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്കില്‍ വര്‍ധന. പ്രവാസികള്‍ കൂടുതലുള്ള ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള ടിക്കറ്റ് നിരക്കുകളാണ് വര്‍ധിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഗസ്റ്റ് 10 മുതല്‍ 13 വരെ നാല് ദിവസത്തെ അവധിയാണ് യു.എ.ഇയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 8-നുള്ള ഷാര്‍ജ- ദില്ലി എയര്‍ അറേബ്യ വിമാനത്തിന് 2,608 ദിര്‍ഹ( 49,468.18 രൂപ)മാണ് ടിക്കറ്റ് നിരക്ക്. ഈ ദിവസം മുംബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് 2,993 ദിര്‍ഹ(56,770.80 രൂപ)മാണ്. കേരളത്തിലേക്കും സമാനമായ രീതിയില്‍ വന്‍തുകയാണ്.

എമിറേറ്റ്‌സിന്റെയും ഫ്‌ളൈദുബായിയുടെയും ടിക്കറ്റ് നിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ് 8 ന് മുംബൈയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 62,878.45 രൂപയാണ്.

സൗദി അറേബ്യയും യു.എ.ഇയും ഉള്‍പ്പെടെയുള്ള പ്രധാന ഗള്‍ഫ് രാജ്യങ്ങളില്‍ ഓഗസ്റ്റ് 11നാണ് ബലിപെരുന്നാള്‍. അതേസമയം മസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ബലി പെരുന്നാള്‍ ഓഗസ്റ്റ് 12നായിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more