തമിഴ് വിരുദ്ധനായി ചിത്രീകരിക്കുന്നതില്‍ ദു:ഖം; തന്റെ കുടുംബവും ആഭ്യന്തര യുദ്ധത്തിന്റെ ഇരകള്‍; പ്രതികരണവുമായി മുത്തയ്യ മുരളീധരന്‍
ചെന്നൈ: തന്നെ തമിഴ് വിരുദ്ധനായി ചിത്രീകരിക്കുന്നതില്‍ ദു:ഖമുണ്ടെന്ന് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. തനിക്കെതിരെയും തന്റെ ജീവിതകഥ സിനിമയാക്കുന്നതിനെതിരെയും വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മുത്തയ്യ മുരളീധരന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
തന്നെ തമിഴ് വിരുദ്ധനായി ചിത്രീകരിക്കാനാണ് ബോധപ്പൂര്‍വ്വം ശ്രമം. താനും തമിഴ് വംശജനാണെന്ന കാര്യം മറക്കരുത്, തന്റെ കുടുംബവും ആഭ്യന്തര സംഘര്‍ഷത്തിന്റെ ഇരകളാണ്.
മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആദരവ് അര്‍പ്പിക്കാനാണ് സിനിമയ്ക്ക് സമ്മതം നല്‍കിയത്. യുദ്ധത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദന നന്നായി അറിയാമെന്നുമാണ് മുത്തയ്യ മുരളീധരന്‍ പുറത്തുവിട്ട പത്രകുറിപ്പില്‍ പറയുന്നത്. ശ്രീലങ്കയിലെ തമിഴ് ജനത ഏറ്റവും പ്രിയപ്പെട്ടവരെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുത്തയ്യ മുരളീധരന്റെ ജീവിതം വിജയ് സേതുപതി നായകനാക്കി സിനിമയാക്കുന്നതായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് സിനിമയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം തമിഴ് സിനിമാപ്രവര്‍ത്തകരും രാഷ്ട്രീയ സംഘനകളും രംഗത്തെത്തി.
ഷെയിം ഓണ്‍ വിജയ് സേതുപതി എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ പ്രചരിപ്പിച്ചത്. തമിഴ് വംശജര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ശ്രീലങ്കയിലെ ഒരു ക്രിക്കറ്റ് താരത്തെ പറ്റിയുള്ള സിനിമ എന്തിനാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് എന്നാണ് ചിലര്‍ ട്വിറ്ററില്‍ ചോദിക്കുന്നത്. ഒരു തമിഴന്‍ എന്ന നിലയില്‍ വിജയ് സേതുപതി ഈ കഥാപാത്രം ചെയ്യരുതായിരുന്നെന്നും ചിലര്‍ വിമര്‍ശിച്ചു.പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളെ പറ്റി ഇന്ത്യയില്‍ സിനിമ ചെയ്യാന്‍ പറ്റുമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.
അതേസമയം മറുഭാഗത്ത് വിജയ് സേതുപതി ആരാധകരും ക്രിക്കറ്റ് ആരാധകരും ഒരുപോലെ ഈ പ്രചരണങ്ങള്‍ക്കെതിരെ രംഗത്തു വന്നു. മുത്തയ്യ ഒരു ശ്രീലങ്കന്‍ എന്നതിലുപരി ലോകമെമ്പാടും ആരാധകരുള്ള ഒരു ക്രിക്കറ്റ് താരമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരിലൊരാളായ വിജയ് സേതുപതിയെ ഇത്തരത്തില്‍ ആക്രമിക്കരുതെന്നും സിനിമ തെരഞ്ഞെടുക്കുന്നത് ഒരു കലാകാരന്റെ സ്വാതന്ത്ര്യമാണെന്നും ഒരുവിഭാഗം പറഞ്ഞു. ഒപ്പം മഹാത്മാ ഗാന്ധിയെപറ്റി അമേരിക്കയില്‍ സിനിമ എടുക്കാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയില്‍ ഒരു ശ്രീലങ്കന്‍ താരത്തെ പറ്റി സിനിമ ചെയ്തുകൂടാ എന്ന് ചിലര്‍ ചോദിച്ചു.
ചിത്രത്തില്‍ ലങ്കന്‍ ആഭ്യന്തര യുദ്ധവും മുരളിയുടെ കുട്ടിക്കാലവും പശ്ചാത്തലമാകുന്നുണ്ട്. ഡര്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം ശ്രീപതി രംഗസ്വാമിയാണ് എഴുതി സംവിധാനം ചെയ്യുന്നത്.
133 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 800 വിക്കറ്റുകളും 350 ഏകദിന മത്സരങ്ങളില്‍ നിന്ന് 534 വിക്കറ്റുകളുമാണ് മുരളീധരന്‍ ശ്രീലങ്കയ്ക്കു വേണ്ടി നേടിയിട്ടുള്ളത്. ടെസ്റ്റില്‍ 67 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ മുരളീധരന്‍ ഏകദിനത്തില്‍ പത്ത് തവണയും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.