| Tuesday, 13th August 2024, 5:45 pm

മെസിയും റൊണാള്‍ഡോയും അവനെ പോലെ; ആ ഇതിഹാസത്തെ പ്രതിരോധിക്കുക ബുദ്ധിമുട്ട്: തിയാഗോ സില്‍വ

സ്പോര്‍ട്സ് ഡെസ്‌ക്

ആധുനിക ഫുട്‌ബോള്‍ ഇതിഹാസങ്ങളില്‍ ലയണല്‍ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ മികച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ ബ്രസീല്‍ നായകന്‍ തിയാഗോ സില്‍വ. ഇരുവരും മികച്ച താരമാണെന്നും എന്നാല്‍ മെസിയെ പ്രതിരോധിക്കുന്നതാണ് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് സില്‍വ ഇക്കാര്യം പറഞ്ഞത്.

‘മെസിയെ തടഞ്ഞുനിര്‍ത്തുക അല്‍പം പ്രയാസമുള്ള കാര്യമാണ്. റൊണാള്‍ഡോയെ പ്രതിരോധിക്കുക അത്ര എളുപ്പമാണെന്നല്ല ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. എന്നിരുന്നാലും മെസിയാണ് കൂടുതല്‍ അപകടകാരിയായ താരം.

മെസിയും റൊണാള്‍ഡോയും പ്രഗത്ഭരായ താരങ്ങളാണ്, നെയ്മറിനെ പോലെ. റൊണാള്‍ഡോയെക്കാളും മെസിയെ ഡിഫന്‍ഡ് ചെയ്യാനാണ് ബുദ്ധിമുട്ട് എന്നാണ് ഞാന്‍ മനസിലാക്കിയത്,’ സില്‍വ പറഞ്ഞു.

അതേസമയം, സൗദി സൂപ്പര്‍ കപ്പിന്റെ സെമി ഫൈനലിനാണ് ക്രിസ്റ്റ്യാനോയും അല്‍ നസറും ഒരുങ്ങുന്നത്. പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ താവൂനാണ് എതിരാളികള്‍.

ടൂര്‍ണമെന്റിലെ ആദ്യ സെമി ഫൈനലില്‍ അല്‍ നസറിന്റെ ചിരവൈരികളും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുമായ അല്‍ ഹിലാല്‍ അല്‍-ആഹില്‍ സൗദിയെ നേരിടും. പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് സ്റ്റേഡിയം തന്നെയാണ് വേദി.

അതേസമയം, ലീഗ്‌സ് കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി കൊളംബസ് ക്രൂവിനെ നേരിടും. കൊളംബസ് ഒഹായോയിലെ ലോവര്‍ ഡോട് കോം ഫീല്‍ഡാണ് വേദി.

ഈ മത്സരത്തില്‍ മെസി കളിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ പരിക്കേറ്റതാണ് സൂപ്പര്‍ താരത്തിന് വിനയായത്. മെസിയുടെ അഭാവം ടീം എങ്ങനെ മറികടക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Tiago Silva about Lionel Messi and Cristiano Ronaldo

Latest Stories

We use cookies to give you the best possible experience. Learn more