| Tuesday, 3rd July 2018, 8:49 am

തൂത്തുക്കുടി വെടിവയ്പ്പ്: പൊലീസ് നിറയൊഴിച്ചത് കലക്ട്രേറ്റിനകത്തുണ്ടായിരുന്ന ജനങ്ങളെ സംരക്ഷിക്കാനെന്ന് ഡി.ജി.പി.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സ്‌റ്റെര്‍ലൈറ്റ് ഫാക്ടറിക്കെതിരെ സമരം ചെയ്തവര്‍ക്കിടയിലേക്ക് നിറയൊഴിച്ചത് കലക്ട്രേറ്റിനകത്തുണ്ടായിരുന്ന ജനങ്ങളെ സംരക്ഷിക്കാനെന്ന് തമിഴ്‌നാട് ഡി.ജി.പി. ടി.കെ. രാജേന്ദ്രന്‍. മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തിലാണ് പൊലീസ് വെടിവയ്പ്പു നടത്തിയത് കലക്ടര്‍ ഓഫീസ് പരിസരത്തുണ്ടായിരുന്ന 277 പേരെ സംരക്ഷിക്കാനായിരുന്നെന്ന ഡി.ജി.പിയുടെ ന്യായീകരണം.

വെടിവയ്പ്പിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതല സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് നാം തമിഴര്‍ പാര്‍ട്ടി നേതാവ് സീമാന്‍ നല്‍കിയ ഹര്‍ജിയെ എതിര്‍ത്തു കൊണ്ടു നല്‍കിയ സത്യവാങ്മൂലത്തിലാണ് പരാമര്‍ശമുള്ളത്. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 28 ലക്ഷത്തോളം മതിപ്പു വരുന്ന പൊതുസ്വത്തിന് പ്രതിഷേധക്കാരുടെ സംഘം നാശനഷ്ടം വരുത്തിയെന്നും ഡി.ജി.പി പറയുന്നു.


Also Read: അഭിമന്യു വധം: രണ്ട് പേര്‍ കൂടി പിടിയില്‍: പ്രതികള്‍ എസ്.ഡി.പി.ഐ ഓഫീസിനു നേരെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു


പൊലീസ് വാഹനങ്ങള്‍ക്കും ബൂത്തുകള്‍ക്കും ടാസ്മാക് ഔട്‌ലറ്റുകള്‍ക്കും വന്നത് 15.67 കോടി രൂപയുടെ നഷ്ടമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. സി.ബി-സി.ഐ.ഡി നടത്തുന്ന അന്വേഷണം കൃത്യമായിത്തന്നെ മുന്നോട്ടു പോകുന്നുണ്ടെന്നും, സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഡി.ജി.പി അവകാശപ്പെടുന്നു.

വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മരിച്ച 13 പേരുടെയും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ഡി.ജി.പി പറയുന്നു.

പ്രതിഷേധറാലിയില്‍ പങ്കെടുത്ത 259 പേര്‍ക്കെതിരെ 235 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും സ്റ്റേറ്റ്‌മെന്റില്‍ പരാമര്‍ശമുണ്ട്.


Also Read: തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയവരെ കണ്ടെത്തി: എല്ലാവരും സുരക്ഷിതരെന്ന് ഗവര്‍ണര്‍


മേയ് 22 നാണ് സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരായി കലക്ട്രേറ്റിലേക്കു നടന്ന പ്രതിഷേധറാലിയിലേക്കുണ്ടായ പൊലീസ് വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടത്. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ടയേഡ് ജഡ്ജി അരുണ ജഗദീശന്റെ നേതൃത്വത്തിലുള്ള കമ്മീഷനെയും നിയമിച്ചിരുന്നു.

We use cookies to give you the best possible experience. Learn more