| Sunday, 14th April 2019, 1:08 pm

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് അറിയാത്തവരാണ് വയനാട്ടിലുള്ളത്; വയനാട്ടിലെ ജനങ്ങളെ അപഹസിച്ച് തുഷാര്‍ വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: വയനാട്ടിലെ ജനങ്ങളെ അപഹസിച്ച് എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് പോലും അറിയാത്തവരാണ് ഇപ്പോഴും വയനാട്ടിലുള്ളതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സ്വകാര്യ ചാനലിലാണ് വയനാട്ടുകാരെ അപഹസിച്ച് തുഷാര്‍ സംസാരിച്ചത്.

‘കേരളത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജില്ലയാണ് വയനാട്. ഇത്രനാളും ഇടതും വലതും മാറി മാറി ജയിച്ചിട്ടും വയനാടിന്റെ അവസ്ഥ വളരെ ദയനീയമാണെന്നും’ തുഷാര്‍ പറഞ്ഞു. ആദിവാസി ഊരുകളില്‍ ഇപ്പോഴും വൈദ്യുതിയും വെള്ളവുമില്ലെന്നും നല്ല ആശുപത്രികള്‍ ഇല്ലെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മാവോയിസ്റ്റ് ഭീഷണിയുള്ളത് കൊണ്ട് കേന്ദ്രം സുരക്ഷ ഏര്‍പ്പെടുത്തിയേക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ വിശ്വാസവും വലിയൊരു ഘടകമാകുമെന്നും വയനാടിനെക്കുറിച്ച് അമിത് ഷാ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചതാണെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വയനാട് റാലി കണ്ടപ്പോള്‍ ‘ഇത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല’ എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. റാലിയിലുണ്ടായിരുന്ന മുസ്‌ലിം ലീഗ് പതാകകളെ ലക്ഷ്യം വെച്ചായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

‘സഖ്യ കക്ഷികള്‍ക്ക് വേണ്ടി ഈ രാഹുല്‍ ബാബ കേരളത്തിലേക്ക് പോയി അവിടെ ഒരു സീറ്റില്‍ മത്സരിക്കുകയാണ്. അവിടെ ഒരു ഘോഷയാത്ര നടന്നപ്പോള്‍ ഇന്ത്യയിലാണോ അതോ പാകിസ്ഥാനിലാണോ നടക്കുന്നതെന്ന് തിരിച്ചറിയാനാവില്ല’ ഇതായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

അതേസമയം, അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. രാജവെമ്പാലയ്ക്ക് പോലും മോദിയുടെ അത്ര വിഷമുണ്ടാകില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

അമിത് ഷായ്ക്ക് വയനാടിന്റെ പാരമ്പര്യം അറിയില്ല. എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന നാടാണ് വയനാട്. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ ചുട്ട മറുപടി കൊടുക്കും. പാകിസ്ഥാനില്‍ വിളിക്കാത്തിടത്ത് പോയി ചായ കുടിച്ചയാളാണ് മോദി. കോണ്‍ഗ്രസിനെ മോദി രാജ്യസ്നേഹം പഠിപ്പിക്കേണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more