അജ്മാന്‍: രാഷ്ട്രീയ ഗൂഢാലോചനയല്ല പണം തട്ടാനുള്ള ശ്രമമാണ് തന്റെ അറസ്റ്റിന് വഴിവെച്ചതെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണ് നടന്നത്. 20ാം തിയതി ഇവിടെ വന്ന് 23 ാം തിയതി തിരിച്ചുപോകാന്‍ ഇരുന്നതാണ് ഞാന്‍. 24 ാം തിയതി എസ്.എന്‍ ട്രസ്റ്റിന്റെ ബോര്‍ഡ് മീറ്റിങ് ഉണ്ടായിരുന്നതാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഒന്ന് രണ്ട് പേരെ കാണാനായാണ് ഇവിടെ എത്തിയത്. എനിക്ക് ഇവിടെ കുറച്ച് സ്ഥലമുണ്ട്. ആ സ്ഥലം വില്‍ക്കുന്നോ എന്ന് ചോദിച്ച് ഒന്ന് രണ്ടാഴ്ച മുന്‍പ് ഒരാള്‍ വിളിച്ചിരുന്നു. എന്നാല്‍ വില്‍ക്കാന്‍ താത്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അവര്‍ സാധാരണ വിലയേക്കാള്‍ വലിയ വില പറയുകയും ആ വിലയ്ക്കാണെങ്കിലും എടുക്കാന്‍ തയ്യാറാണെന്നും പറഞ്ഞു.
എനിക്ക് ഇവിടെ വരാനുണ്ടെന്നും വരുന്ന സമയത്ത് കാണാമെന്നും അവരോട് പറഞ്ഞു. ഇവിടെ എത്തിയപ്പോള്‍ ഷങ്കിരിയിലെ ഹോട്ടലില്‍ കാണാമെന്ന് പറഞ്ഞ് അവര്‍ വിളിച്ചു. ഞാന്‍ അവരുടെ മുന്‍പില്‍ പോയി ഇരുന്ന ഉടനെ തന്നെ രണ്ട് സി.ഐ.ഡിമാര്‍ വന്ന് അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്.
എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്നും എന്താണ് കാര്യമെന്നും ചോദിച്ചു. എനിക്ക് ഇവിടെ റെസിഡന്റ് വിസയില്ല, കമ്പനിയില്ല പിന്നെ എന്തിന് എന്നെ അറസ്റ്റ് ചെയ്യുന്നു എന്ന് ചോദിച്ചപ്പോള്‍ അവര്‍ ഒന്നും പറയുന്നില്ല.
ഇന്നാണ് കോടതിയില്‍ എത്തിയത്. അവിടെ മുഴുവന്‍ കാര്യങ്ങളും ബോധ്യപ്പെടുത്തി. 12-14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഇവിടെ ഒരു കമ്പനിയുണ്ടായിരുന്നു. ആ കമ്പനിയുടെ ലൈസന്‍സ് റിന്യൂവലായിട്ട് പത്ത് വര്‍ഷത്തിന് മുകളിലായി. അവിടെ നിന്ന് ചെക്ക് ലീഫ് മോഷ്ടിക്കുകയോ അല്ലെങ്കില്‍ ഞാന്‍ കൊടുത്തിട്ടുള്ള ഏതെങ്കിലും കണ്‍സള്‍ട്ടിങ് ഫേമില്‍ നിന്ന് മോഷ്ടിക്കുകയോ ചെയ്തിട്ട് കള്ളയൊപ്പും മറ്റും ഇട്ടുകൊണ്ട് ഈ വ്യക്തി കള്ളക്കേസ് കൊടുത്താണ് ഇങ്ങനെ ഒരു അറസ്റ്റ് ഉണ്ടാക്കി എടുത്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ല. ഇതിനെ നിയമപരമായി തന്നെ ഞാന്‍ നേരിടും. കാരണം വലിയ ചതിയാണ് ചെയ്തിട്ടുള്ളത്. ഈ പറയുന്ന ആള്‍ എന്റെയടുത്ത് സബ്‌കോണ്‍ട്രാക്ട് ചെയ്തിരുന്ന ആളാണ്. അദ്ദേഹത്തിന്റെ കോണ്‍ട്രാക്ടിന്റെ വാല്യൂ എന്ന് പറയുന്നത് അന്നത്തെ കാലത്തെ7,00,000 ദിര്‍ഹമേയുള്ളൂ. അതിന്റെ പണമിടപാടുകള്‍ ഞാന്‍ അന്ന് കൊടുത്തുകൊണ്ടിരുന്നതാണ്. 7,00,000 ദിര്‍ഹംസിന്റെ കോണ്‍ട്രാക്ട് ചെയ്യുന്ന ആളാണ് ഞാന്‍ 9 മില്യണ്‍ ദിര്‍ഹംസ് കൊടുക്കാന്‍ ഉണ്ടെന്ന് പറഞ്ഞ് കേസുകൊടുക്കാന്‍ കഴിയും? 9 മില്യണ്‍ ദിര്‍ഹം പോയിട്ട് 1 മില്യന്‍ ദിര്‍ഹമെങ്കിലും ഏതെങ്കിലും കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നോ എന്ന് കൂടി പരിശോധിക്കേണ്ടതാണ്.-
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസാനിപ്പിക്കാനും യൂസഫലി ചേട്ടനും കേരള മുഖ്യമന്ത്രിയും ഉള്‍പ്പെടെയാണ് എന്നെ സഹായിച്ചത്. ഇത് ഫ്രോഡ് കേസാണെന്ന് അറിയാവുന്നതുകൊണ്ട് അവരുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ സഹായവും കിട്ടി. ഒരു കമ്പനി പോലും ഇല്ലാത്ത ആള്‍, സ്വന്തം വിസ പോലും ഇല്ലാത്ത ആള്‍. ഞാന്‍ ഇവിടെ വിസിറ്റിങ് വിസയ്ക്കാണ് വന്നിരിക്കുന്നത്.
മാത്രമല്ല ആ ചെക്ക് ഒപ്പിട്ടിരിക്കുന്നത് കഴിഞ്ഞ മാസം ഒന്നാം തിയതിയാണ്. കഴിഞ്ഞ മാസം ഞാന്‍ ഇവിടെ ഇല്ല. നാലഞ്ച് മാസമായി ഇവിടെ വന്നിട്ടില്ല. ബ്ലാങ്ക് ചെക്കാണെന്നാണ് തോന്നുന്നത്. മുന്നില്‍ ഇട്ടിരിക്കുന്ന ഒപ്പ് എന്റേതും പിറകില്‍ ഇട്ടിരിക്കുന്ന ഒപ്പ് എന്റേതുമല്ല. 12 വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ചെക്ക് ബുക്കാണ്. ആ ചെക്ക് ബുക്ക് പോലും ഇപ്പോള്‍ ഇവിടെ വാലിഡ് അല്ല.
ഇതൊരു രാഷ്ട്രീയ ഗൂഢാലോചന അല്ല. അദ്ദേഹത്തിന് എന്നെ മാധ്യമങ്ങളിലൂടെ ചീത്തയാക്കാനുള്ള ശ്രമമാണെന്നാണ് തോന്നുന്നത്. അതോടെ ഞാന്‍ ഭയപ്പെട്ട് 9 മില്യണ്‍ കാശുകൊടുത്ത് സെറ്റില്‍ ചെയ്യുമെന്നാണ് അദ്ദേഹം കരുതിയത്. അത് എന്നോട് പറയുകയും ചെയ്തു. നിങ്ങളെ നശിപ്പിക്കാനോ മാധ്യമങ്ങള്‍ക്ക് കൊടുക്കാനോ അല്ല ഉദ്ദേശിക്കുന്നത്. ഇതിന്റെ പണം മുഴുവനായിട്ട് വേണം. തന്നാല്‍ ഈ കേസ് പിന്‍വലിക്കാം എന്നാണ് പറഞ്ഞത്. കാശ് കൊടുത്തൊരു ഇടപാട് ചെയ്യേണ്ട ആവശ്യമില്ല. ഞാന്‍ തെറ്റുകാരനല്ല. അതിന് ഞാന്‍ വളഞ്ഞുകൊടുക്കേണ്ട കാര്യവുമില്ല- തുഷാര്‍ പറഞ്ഞു.