| Tuesday, 17th October 2023, 8:10 pm

അമിത് ഷായുടെ രാജ്യസഭ സീറ്റ് വാഗ്ദാനം നിരസിച്ചു; ബി.ഡി.ജെ.എസിന് തങ്ങളുടേതായ നിലപാടുണ്ട്‌: തുഷാര്‍ വെള്ളാപ്പിള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അമിത് ഷാ രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ ബി.ഡി.ജെ.എസ് രൂപീകരിച്ചത് സ്ഥാനങ്ങള്‍ക്ക് വേണ്ടി മാത്രമല്ലെന്നുള്ള കാരണത്താല്‍ വാഗ്ദാനം താന്‍ നിരസിച്ചെന്നും ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പിള്ളി.

ഷായുടെ വാഗ്ദാനം സ്വീകരിച്ചാല്‍ ബി.ഡി.ജെ.എസിന്റെ രൂപീകരണം തനിക്ക് മന്ത്രിസ്ഥാനം അലങ്കരിക്കാന്‍ വേണ്ടിയാണെന്നുള്ള ആരോപണങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാലുമാണ് സ്ഥാനമാനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് ഷായോട് ആവശ്യപ്പെട്ടതെന്നും തുഷാര്‍ പറഞ്ഞു.

മറ്റുള്ള ആര്‍ക്കെങ്കിലും സ്ഥാനങ്ങള്‍ കൊടുക്കാമെങ്കില്‍ ആലോചിക്കാവുന്നതാണെന്നും കേരളം ഭരിച്ചവര്‍ ഈഴവ സമുദായത്തെ ഒരുകാലത്തും പരിഗണിച്ചിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പിള്ളി പറഞ്ഞു.

‘എസ്.എന്‍.ഡി.പി രൂപീകരിച്ചത് രാഷ്ട്രീയ താല്പര്യങ്ങള്‍ക്കപ്പുറം സമുദായത്തെ എതിര്‍ക്കുന്ന മറ്റ് സംഘടനാ നിലപാടുകളെ പ്രതിരോധിക്കാനാണ്.
നൂറ് വര്‍ഷത്തിന്റെ പ്രവര്‍ത്തന ഫലമായാണ് എസ്.എന്‍.ഡി.പി കേരളത്തില്‍ പല മാറ്റങ്ങളും കൊണ്ടുവന്നത്. എന്നാല്‍ ബി.ഡി.ജെ.എസ്. രൂപീകരിച്ചിട്ടു 5 വര്‍ഷം മാത്രമേ ആവുന്നുള്ളൂ. ഞങ്ങളുടെ പ്രതിനിധികളെ കോര്‍പറേഷന്‍ പോലെയുള്ള സ്ഥാപനങ്ങളിലെ സ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്,’ തുഷാര്‍ പറഞ്ഞു.

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ ഇടത് സര്‍ക്കാറിനോടൊപ്പവും ബി.ഡി.ജെ.എസ് എന്‍.ഡി.എ സഖ്യത്തിനോടപ്പവും നില്‍ക്കുന്നതിന് കാരണം നിയമകുരുക്കുകളില്‍ നിന്ന് രക്ഷപെടാനല്ലെന്നും നിയമപരമായ ഒരു ലംഘനങ്ങളും തങ്ങള്‍ ചെയ്തിട്ടില്ലായെന്നും തുഷാര്‍ പറഞ്ഞു.

കൂടാതെ എന്‍.ഡി.എ സര്‍ക്കാര്‍ പിന്നാക്ക വിഭാഗത്തിന് എതിരാണെന്നത് മാധ്യമങ്ങള്‍ കെട്ടിച്ചമക്കുന്ന കാര്യങ്ങളാണെന്ന് തുഷാര്‍ ആരോപിച്ചു.

രാഷ്ട്രീയപരമായി ഓരോ പാര്‍ട്ടിക്കും അവരുടേതായ നിലപാട് ഉണ്ടെന്നും ബി.ഡി.ജെ.എസിനും തങ്ങളുടേതായ തീരുമാനങ്ങള്‍ ഉണ്ടെന്നും തുഷാര്‍ പറഞ്ഞു.

Content Highlight: Thushar vellappally rejected Amit Shah’s Rajya Sabha offer

We use cookies to give you the best possible experience. Learn more