| Tuesday, 4th May 2021, 4:27 pm

ബി.ജെ.പി അവഗണിച്ചു; തോല്‍വിയ്ക്ക് പിന്നാലെ എന്‍.ഡി.എ കണ്‍വീനര്‍ സ്ഥാനം രാജിവെക്കാനൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ എന്‍.ഡി.എ കണ്‍വീനര്‍ സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ് യോഗത്തിലാണ് തുഷാര്‍ രാജി സന്നദ്ധത അറിയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തോതിലുള്ള വോട്ടു ചോര്‍ച്ചയാണ് ബി.ഡി.ജെ.എസിന് ഉണ്ടായത്. മത്സരിച്ച ഭൂരിപക്ഷം മണ്ഡലങ്ങളിലും 2016ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനേക്കാള്‍ പകുതിയായി കുറഞ്ഞു.

ബി.ജെ.പിയുടെ വോട്ടുകള്‍ ലഭിച്ചില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ട പരിഗണന സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചില്ലെന്നും ബി.ഡി.ജെ.എസ് ആരോപിച്ചിരുന്നു.

ബി.ജെ.പി അവഗണനയിലുള്ള പ്രതിഷേധം കേന്ദ്ര നേതൃത്വത്തെ അറിയിക്കും.

21 സീറ്റുകളിലേക്കായിരുന്നു ഇത്തവണ ബി.ഡി.ജെ.എസ് മത്സരിച്ചത്. മിക്ക മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് വോട്ടുചോര്‍ച്ചയുണ്ടായിട്ടുണ്ട്. ഉടുമ്പന്‍ ചോലയിലാണ് കൂടുതല്‍ വോട്ടു ചോര്‍ച്ചയുണ്ടായത്.

2016ല്‍ എന്‍.ഡി.എയ്ക്ക് ഉടുമ്പന്‍ ചോലയില്‍ 21,799 വോട്ടുകള്‍ ലഭിച്ചെങ്കില്‍ 7,208 വോട്ടുകള്‍ മാത്രമാണ് ഇത്തവണ നേടാനായത്.

റോഷി അഗസ്റ്റിന്‍ വിജയിച്ച ഇടുക്കി മണ്ഡലത്തില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത് 9,286 വോട്ടുകള്‍ മാത്രമാണ്. 2016ല്‍ പാര്‍ട്ടിക്ക് ഇവിടെ 27,403 വോട്ടുകളുണ്ടായിരുന്നു.

പാര്‍ട്ടി മത്സരിച്ച മിക്കയിടങ്ങളിലും 5000 മുതല്‍ 10,000 വരെ വോട്ടു ചോര്‍ച്ചയുണ്ടായിട്ടുണ്ട്. പല മണ്ഡലങ്ങളിലും ബി.ജെ.പി വോട്ട് മറിച്ചതായും ബി.ഡി.ജെ.എസ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thushar Vellappally may resign from convenor position of NDA

We use cookies to give you the best possible experience. Learn more