യാത്രാ വിലക്കൊഴിവാക്കാന്‍ തുഷാറിന്റെ നീക്കം; യു.എ.ഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവെക്കും
Kerala
യാത്രാ വിലക്കൊഴിവാക്കാന്‍ തുഷാറിന്റെ നീക്കം; യു.എ.ഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവെക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th August 2019, 9:13 am

അജ്മാന്‍: ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യാത്രാ വിലക്ക് ഒഴിവാക്കാന്‍ പുതിയ നീക്കങ്ങള്‍ നടത്തുന്നു. യു.എ.ഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടാനാണ് ശ്രമം. ഇതിനായി തുഷാര്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് സൂചന.

കോടതിക്ക് അകത്തും പുറത്തും വച്ചുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് തുഷാറിന്റെ പുതിയ നീക്കം. യു.എ.ഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവച്ച് ജാമ്യ വ്യസ്ഥയില്‍ ഇളവ് വാങ്ങി കേരളത്തിലേക്ക് മടങ്ങാനാണ് തുഷാറിന്റെ നീക്കം. യു.എ.ഇ സ്വദേശിയുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചാല്‍ തുഷാറിന്റെ പാസ്‌പോര്‍ട്ട് കോടതി വിട്ടുനല്‍കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസിന്റെ തുടര്‍ നടത്തിപ്പുകള്‍ക്ക് അറബ് സുഹൃത്തിന്റെ പേരില്‍ തുഷാര്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി കഴിഞ്ഞു. ഇത് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. തുഷാറിന്റെ അസാന്നിധ്യത്തില്‍ കേസിന്റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സാമ്പത്തിക ശേഷിയുള്ള സ്വദേശിയുടെ പാസ്‌പോര്‍ട്ട് മാത്രമേ ഇത്തരത്തില്‍ സ്വീകാര്യമാവൂ. ആള്‍ ജാമ്യത്തിനൊപ്പം കൂടുതല്‍ തുകയും കോടതിയില്‍ കെട്ടി വയ്ക്കേണ്ടി വരും.

വിചാരണ തീരുന്നത് വരെയോ കോടതിക്ക് പുറത്തു കേസ് ഒത്തുതീര്‍പ്പാകുന്നത് വരെയോ യു.എ.ഇ വിട്ടുപോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന്‍ കോടതി തുഷാറിനു ജാമ്യം അനുവദിച്ചത്.

വ്യവസായി എംഎ യൂസഫലി തന്നെ ഇത്തവണയും സാമ്പത്തികമായി സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്. തുഷാറിന് ജാമ്യം ലഭിക്കുന്നതിനാവശ്യമായ പണം കോടതിയില്‍ കെട്ടിവച്ചതും യൂസഫലി ആയിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞ തുക അംഗീകരിക്കാന്‍ പാരതിക്കാരനായ നാസില്‍ അബ്ദുള്ള തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വൈകുന്നത്.

താന്‍ മുന്നോട്ടുവെച്ച തുക തരാന്‍ തയ്യാറായാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂ എന്നും പണം തരാതെ എങ്ങനെയാണ് ഒത്തുതീര്‍പ്പ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും നാസില്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യു.എ.ഇ വിട്ടുപോകരുത് എന്നാവശ്യപ്പെട്ട കോടതി തുഷാറിന്റെ പാസ്‌പോര്‍ട്ട് വാങ്ങി വയ്ക്കുകയും യാത്രാവിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.