'തുഷാര്‍ വെള്ളാപ്പള്ളി ഏജന്റ്'; ടി.ആര്‍.എസ് എം.എല്‍.എമാരെ ബി.ജെ.പിയിലെത്തിക്കാന്‍ ശ്രമിച്ചു, ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കെ.സി.ആര്‍
national news
'തുഷാര്‍ വെള്ളാപ്പള്ളി ഏജന്റ്'; ടി.ആര്‍.എസ് എം.എല്‍.എമാരെ ബി.ജെ.പിയിലെത്തിക്കാന്‍ ശ്രമിച്ചു, ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കെ.സി.ആര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th November 2022, 8:21 am

ഹൈദരാബാദ്: ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. തെലങ്കാനയിലെ ‘ഓപ്പറേഷന്‍ കമലിന്’ പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നാണ് കെ.സി.ആറിന്റെ ആരോപണം.

നാല് ടി.ആര്‍.എസ് (തെലങ്കാന രാഷ്ട്ര സമിതി) എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച മൂന്ന് പേരെ കോടിക്കണക്കിന് രൂപയുമായി പൊലീസ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ടാണ് കെ.സി.ആറിന്റെ ആരോപണം.

ടി.ആര്‍.എസ് എം.എല്‍.എമാരെ ബി.ജെ.പിയിലെത്തിക്കാന്‍ തുഷാര്‍ ശ്രമിച്ചു. ഇതിനായി ടി.ആര്‍.എസ് നേതാക്കളുമായി തുഷാര്‍ സംസാരിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുഷാര്‍ 100 കോടിയാണ് വാഗ്ദാനം ചെയ്തത്. നാല് എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിച്ചു. കേസില്‍ അറസ്റ്റിലായ ഏജന്റുമാര്‍ പ്രവര്‍ത്തിച്ചത് തുഷാറിന്റെ നിര്‍ദേശപ്രകാരമെന്നും കെ.സി.ആര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

തെലങ്കാന, ആന്ധ്രാപ്രദേശ്, ദല്‍ഹി, രാജസ്ഥാന്‍ സര്‍ക്കാരുകളെ വീഴ്ത്താനായിരുന്നു പദ്ധതി. തുഷാര്‍ അമിത് ഷായുടെ നോമിനിയാണെന്നും കെ.സി.ആര്‍ പറഞ്ഞു. എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളും കെ.സി.ആര്‍ പുറത്തുവിട്ടു. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒളിക്യാമറ ദൃശ്യങ്ങളില്‍ തുഷാറും ഉണ്ടെന്നാണ് വിവരം.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച വ്യക്തിയാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്ന് പറഞ്ഞ ചന്ദ്രശേഖര റാവു, തുഷാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രവും വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി. സി.ബി.ഐ, ഇ.ഡി ഉള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ആണ് എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുഷാര്‍ പറഞ്ഞുവെന്നും ആരോപണമുണ്ട്.

ഇതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികളിലേക്ക് ചന്ദ്രശേഖര റാവു കടന്നു. തെലങ്കാന ഹൈക്കോടതിക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് തെളിവുകള്‍ കൈമാറുമെന്നും എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും കൈമാറുമെന്നും കെ.സി.ആര്‍ വ്യക്തമാക്കി.

അതേസമയം, ടി.ആര്‍.എസ് എം.എല്‍.എ രോഹിത് റെഡ്ഡിയെ വലവീശിപ്പിടിക്കാന്‍ ബി.ജെ.പി ശ്രമം നടത്തി എന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. നൂറ് കോടി രൂപ ബി.ജെ.പിയുടെ ബ്രോക്കര്‍മാര്‍ വാഗ്ദാനം ചെയ്തു എന്നായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ തെലങ്കാന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.

ഇതിനിടയിലാണ് തെലങ്കാന മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ച് ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടത്. പ്രതിപക്ഷ പാര്‍ട്ടികളെ മുന്‍നിര്‍ത്തിക്കൊണ്ട് ഈ ശ്രമം രാജ്യവ്യാപക ക്യാമ്പെയ്‌നാക്കി മാറ്റി നിയമപരമായി മുന്നോട്ട് കൊണ്ടുപോകാനാണ് കെ.സി.ആറിന്റെ ശ്രമം.

Content Highlight: Thushar Vellappally behind Operation Kamala in Telangana says KCR