| Monday, 27th December 2021, 9:01 am

മുളയിലെ നുള്ളിയില്ലെങ്കില്‍ പിന്നെ മടിയില്‍ വെക്കാന്‍ സാധിക്കില്ല, കിഴക്കമ്പലം ഒരു ഓര്‍മപ്പെടുത്തലാണ്; അതിഥി തൊഴിലാളികള്‍ക്കെതിരെ വിദ്വേഷപ്രചരണവുമായി തുഷാര്‍ വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: കിഴക്കമ്പലത്ത് കിറ്റെക്‌സ് തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ അതിഥി തൊഴിലാളികള്‍ക്കെതിരെ വിദ്വേഷപ്രചരണവുമായി ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി.

മറുനാടന്‍ തൊഴിലാളികള്‍ക്ക് നമ്മള്‍ അതിഥി തൊഴിലാളികള്‍ എന്ന ഓമനപ്പേര് നല്‍കിയെന്നും, അവരെ മുളയിലെ നുള്ളിയില്ലെങ്കില്‍ വന്‍മരമാവുമെന്നും പിന്നെ മടിയില്‍ വെക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു തുഷാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘മറുനാടന്‍ തൊഴിലാളികള്‍ക്ക് നമ്മള്‍ അതിഥി തൊഴിലാളികള്‍ എന്ന ഓമനപേര് നല്‍കി. അതിഥികളെ ഊട്ടി ഉറക്കി. മലയാളികള്‍ മറുനാട്ടില്‍ ജോലിക്കു പോകുന്നത് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പോകുന്നിടത്ത് അവഗണന അനുഭവിച്ച് മൃഗതുല്യ ജീവിതം നയിച്ചവരുമാണ് നമ്മള്‍. നമ്മുടെ ദുരനുഭവം മറ്റുള്ളവര്‍ക്ക് ഉണ്ടാകരുത് എന്ന് കരുതി സേവനം ആകാം. പക്ഷെ അത് അതിരുകടക്കരുത്. കിഴക്കമ്പലം കലാപം ഒരു ഒര്‍മ്മപ്പെടുത്തലാണ്,’ തുഷാര്‍ വെള്ളാപ്പള്ളി എഴുതി.

മറ്റ് സംസ്ഥാനങ്ങളില്‍ ഭീകര പ്രവര്‍ത്തനത്തിലും കലാപങ്ങളിലും കൊലപാതകങ്ങളിലും പ്രതിയായവര്‍ അതിഥി തൊഴിലാളികള്‍ക്കിടിയില്‍ നിന്നും പിടികൂടുന്നത് നിത്യസംഭവമാണെന്നും, കേരളത്തില്‍ കൊള്ളയും കൊലയും ചെയ്യുന്നവരും നിരവധിയുണ്ടെന്നും തുഷാര്‍ പറയുന്നു.

അതേസമയം, പൊലീസിനെ ആക്രമിച്ചതില്‍ നിരവധി അതിഥി തൊഴിലാളികളെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

കുന്നത്തുനാട് സ്റ്റേഷനിലെ രണ്ട് ജീപ്പുകള്‍ക്ക് തൊഴിലാളികള്‍ തീയിടുകയായിരുന്നു. ഇതില്‍ ഒരു ജീപ്പ് പൂര്‍ണമായും കത്തി നശിച്ചു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

അക്രമത്തില്‍ സി.ഐ അടക്കം അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികള്‍ നടത്തിയ കല്ലേറിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. ഇന്നലെ അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. 150ലധികം തൊഴിലാളികളെ പ്രദേശത്ത് നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.

തൊഴിലാളികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ സംഭവമറിഞ്ഞ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ പൊലീസിനെ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്ക് നേരെയും കല്ലേറുണ്ടായി.

കുന്നത്തുനാട് സി.ഐ വി.ടി. ഷാജന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും കൈ ഒടിയുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. മറ്റ് നാല് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കിഴക്കമ്പലം കലാപം ഗൗരവമായി കാണണം.
മറുനാടന്‍ തൊഴിലാളികള്‍ക്ക് നമ്മള്‍ അതിഥി തൊഴിലാളികള്‍ എന്ന ഓമനപ്പേര്് നല്‍കി.
അതിഥികളെ ഊട്ടി ഉറക്കി. മലയാളികള്‍ മറുനാട്ടില്‍ ജോലിക്കു പോകുന്നത് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പോകുന്നിടത്ത് അവഗണന അനുഭവിച്ച് മൃഗതുല്യ ജീവിതം നയിച്ചവരുമാണ് നമ്മള്‍. നമ്മുടെ ദുരനുഭവം മറ്റുള്ളവര്‍ക്ക് ഉണ്ടാകരുത് എന്ന് കരുതി സേവനം ആകാം.പക്ഷെ അത് അതിരുകടക്കരുത്.

കിഴക്കമ്പലം കലാപം ഒരു ഒര്‍മ്മപ്പെടുത്തലാണ്.
മലയാളികളെ ഭയപ്പെടുത്തുന്ന സംഭവവുമാണ്.

പോലീസിനു പോലും മറുനാടന്‍ തൊഴിലാളികളെ കൊണ്ട് പൊറുതി മുട്ടിയെങ്കില്‍ സാധാരണ ജനത്തിന്റെ അവസ്ഥയെന്ത് ?
ഇവര്‍ ആരൊക്കെ?
കൃത്യമായ രേഖകള്‍ സര്‍ക്കാരിന്റെ കൈവശം ഉണ്ടോ?
ഇവര്‍ക്ക് ജോലി കൊടുക്കുന്ന കമ്പനിക്കാര്‍ വശം രേഖകള്‍ ഉണ്ടോ?
പ്രാദേശിക പോലീസ് സ്റ്റേഷനില്‍ ഇവരുടെ റെക്കോഡുകള്‍ ഉണ്ടോ?

അതിഥികള്‍ ആരൊക്കെയെന്ന് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഒരു പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എടുത്ത് നമ്മുടെ പോലീസ് ഇവരുടെ പ്രാദേശിക സ്വഭാവം ഉറപ്പുവരുത്താറുണ്ടോ ?
മറ്റ് സംസ്ഥാനങ്ങളില്‍ ഭീകര പ്രവര്‍ത്തനത്തിലും കലാപങ്ങളിലും കൊലപാതകങ്ങളിലും പ്രതിയായവരെ നമ്മുടെ അതിഥി തൊഴിലാളികള്‍ക്ക് ഇടയില്‍ നിന്ന് പിടികൂടുന്നത് നിത്യ സംഭവമാണ്. കേരളത്തില്‍ കൊല ചെയ്ത് മുങ്ങുന്ന അതിഥികളും ഏറെയാണ്.

മറുനാടന്‍ തൊഴിലാളികളെ നിയന്ത്രിക്കുന്നതിനും സാമൂഹിക സുരക്ഷക്കു വേണ്ടിയും സംസ്ഥാന സര്‍ക്കാര്‍ ഒരു നയം രൂപികരിച്ച് വൈകാതെ നടപ്പിലാക്കണം.
മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാടന്മാര്‍ ഇവിടെ വന്‍ മരമാകും. പിന്നീട് മടിയില്‍ വെയ്ക്കാനും പറ്റില്ല.
ജനങ്ങളുടെ കാര്യത്തില്‍ ജാഗ്രത വേണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Thushar Vellappally against Migrant Labors

We use cookies to give you the best possible experience. Learn more