ന്യൂദല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് ചർച്ച നടത്തും. ഇന്ന് രാവിലെ 11 മണിയോടെ ദൽഹിയിൽ വെച്ചാകും ഇവരുടെ കൂടിക്കാഴ്ച നടക്കുക. തുഷാർ വെള്ളാപ്പള്ളി മൽസരിക്കുമോ ഇല്ലയോ എന്നതിൽ തീരുമാനത്തിൽ എത്താനാണ് ചർച്ച. കൂടിക്കാഴ്ചയിൽ ബി.ഡി.ജെ.എസിന് ലഭിക്കാവുന്ന സീറ്റുകളുടെ എണ്ണത്തിലും തീരുമാനമായേക്കും
തുഷാർ മത്സരിക്കണമെന്ന ആവശ്യം അമിത് ഷാ വീണ്ടും മുന്നോട്ട് വെക്കും എന്നാണു സൂചനകൾ. മൽസരിക്കണമെങ്കിൽ എസ്.എൻ.ഡി.പി.യിലെ സ്ഥാനങ്ങൾ രാജിവെക്കേണ്ടി വരുമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയാണ് ഈ കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ തുഷാറിനെ അനുവദിക്കാത്തത്.
തുഷാർ മൽസരിക്കാൻ വിസമ്മതിച്ചാൽ തൃശൂർ ലോക്സഭാ സീറ്റ് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് നൽകാനാണ് ബി.ജെ.പി. പദ്ധതിയിടുന്നത്. ഇങ്ങനെ സംഭവിച്ചാൽ പത്തനംതിട്ടയിൽ പി.എസ്. ശ്രീധരൻ പിള്ളയോ അൽഫോൻസ് കണ്ണന്താനമോ ആകും സ്ഥാനാർത്ഥിയാകുക.
വയനാട്, ഇടുക്കി, എറണാകുളം, തൃശ്ശൂർ, ആലത്തൂർ, മണ്ഡലങ്ങളാണ് നിലവിൽ ബി.ജെ.പി. ബി.ഡി.ജെ.എസിന് നൽകിയത്. ബി.ഡി.ജെ.എസിന്റെ തൃശ്ശൂർ മണ്ഡലം ബി.ജെ.പിക്ക് വിട്ടുനൽകുകയാണെങ്കിൽ ആറ്റിങ്ങലോ ആലപ്പുഴയോ മണ്ഡലങ്ങൾ ബി.ജെ.പിക്ക് പകരം നൽകേണ്ടി വരും.