പാര്‍ലമെന്റ് മന്ദിരത്തിന് സവര്‍ക്കര്‍ സദനം എന്ന് പേരിടണം; ഹാളിന് മാപ്പ് മുറിയെന്നും: തുഷാര്‍ ഗാന്ധി
national news
പാര്‍ലമെന്റ് മന്ദിരത്തിന് സവര്‍ക്കര്‍ സദനം എന്ന് പേരിടണം; ഹാളിന് മാപ്പ് മുറിയെന്നും: തുഷാര്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st May 2023, 7:26 pm

ന്യൂദല്‍ഹി: സംഘപരിവാര്‍ സൈദ്ധാന്തികനായ വി.ഡി. സവര്‍ക്കരുടെ ജന്മദിനമായ മെയ് 28ന് ഉദ്ഘാടനം നിര്‍വഹിക്കാന്‍ പോകുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തെ പരിഹസിച്ച് എഴുത്തുകാരനും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ തുഷാര്‍ ഗാന്ധി.

മന്ദിരത്തിന് സവര്‍ക്കര്‍ സദനം എന്നും സെന്ററല്‍ ഹാളിന് മാപ്പ് മുറിയെന്നും പേരിടണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘വി.ഡി.സവര്‍ക്കറിന്റെ ജന്മദിനമായ മെയ് 28ന് പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യും. മന്ദിരത്തിന് അദ്ദേഹം സവര്‍ക്കര്‍ സദനം എന്നും സെന്ററല്‍ ഹാളിന് മാപ്പ് മുറിയെന്നും പേരിടണം,’ തുഷാര്‍ ഗാന്ധി പറഞ്ഞു.

സവര്‍ക്കറുടെ ജന്മദിനത്തിന്റെ അന്ന് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. രാജ്യത്തിന്റെ സ്ഥാപക പിതാക്കന്‍മാരെ നാണം കെടുത്തുന്ന തീരുമാനമാണിതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.

അതേസമയം പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നരേന്ദ്ര മോദി നിര്‍വഹിക്കുന്നതിനെതിരെയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് നരേന്ദ്രമോദിയല്ലെന്നും ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

പാര്‍ലമെന്റ് മന്ദിരം, സുഹൃത്തുക്കള്‍ നല്‍കിയ സ്വകാര്യ സ്വത്ത് കൊണ്ട് നിര്‍മിച്ചത് പോലെയാണ് പ്രധാനമന്ത്രി പെരുമാറുന്നതെന്നും എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയും കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.

CONTENT HIGHLIGHT: THUSHAR GANDHI ABOUT PARLIAMENT BULIDING