ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ആദ്യ ഇംപാക്ട് പ്ലെയര്‍ എന്ന നിലയില്‍ തുഷാര്‍ ദേശ്പാണ്ഡേ എന്ന താരത്തിന്റെ പേര് എന്നെന്നും ഓര്‍മിക്കപ്പെടും എന്ന കാര്യം ഉറപ്പാണ്. മറ്റാര് തന്നെ മറന്നാലും ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ ഒരിക്കലും അവനെ മറക്കാന്‍ സാധ്യതയില്ല.
അംബാട്ടി റായിഡുവിന് പകരക്കാനായി കളത്തിലിറങ്ങി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിധിയെഴുതിയ താരമാണ് ദേശ്പാണ്ഡേ. സ്‌പെല്ലിലെ ആദ്യ രണ്ട് ഓവറില്‍ തന്നെ 29 റണ്‍സ് വഴങ്ങിയ താരം തുടര്‍ന്നെറിഞ്ഞ പന്തിലും അന്തസ്സായി തന്നെ റണ്‍സ് വഴങ്ങിയിരുന്നു.
അവസാന ഓവറില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വിജയിക്കാന്‍ എട്ട് റണ്‍സ് മാത്രം മതിയെന്നിരിക്കെ ഓവറിലെ ആദ്യ പന്ത് തന്നെ വൈഡ് എറിഞ്ഞ് സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് ആകെയുണ്ടായിരുന്ന പ്രതീക്ഷ കൂടി തല്ലിക്കെടുത്തിയ ശേഷമാണ് താരം ടീമിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്.
തൊട്ടടുത്ത പന്തുകളില്‍ അത്രയും നേരം മുട്ടി നിന്ന തേവാട്ടിയ സിക്‌സറിനും ബൗണ്ടറിക്കും തൂക്കിയാണ് ദേശ്പാണ്ഡേയുടെ കരിയര്‍ തന്നെ ചോദ്യചിഹ്നത്തിലാക്കിയത്.
ആകെയറിഞ്ഞ 20 പന്തില്‍ (3.2 ഓവര്‍) താരം വഴങ്ങിയ 51 റണ്‍സാണ്. എക്കോണമിയാകട്ടെ 15.30ഉം. ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റ് നേടാന്‍ സാധിച്ചു എന്നത് മാത്രമാണ് താരത്തിലൂടെ ചെന്നൈയ്ക്ക് ഉണ്ടായ ഏക നേട്ടം.
ഇംപാക്ട് പ്ലെയറായി വന്ന മത്സരത്തില്‍ ഇത്രത്തോളം ‘ഇംപാക്ട്’ ഉണ്ടാക്കിയ താരത്തിന് തുടര്‍ന്നുള്ള മത്സരത്തില്‍ അവസരം കിട്ടുമോ എന്നത് കണ്ടുതന്നെ അറിയണം.
അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 179 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റും നാല് പന്തും ബാക്കി നില്‍ക്കെ ഗുജറാത്ത് അടിച്ചെടുക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ശുഭ്മന്‍ ഗില്ലിന്റെ ഇന്നിങ്‌സാണ് ചാമ്പ്യന്‍മാര്‍ക്ക് അനായാസ ജയം നേടിക്കൊടുത്തത്.
സൂപ്പര്‍ കിങ്‌സിന്റെ ഇംപാക്ട് പ്ലെയറിനെ കൊണ്ട് ടീമിന് ഗുണത്തേക്കാളേറെ ദോഷം ചെയ്തപ്പോള്‍ ടൈറ്റന്‍സിന്റെ ഇംപാക്ട് പ്ലെയറായ സായ് സുദര്‍ശന്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. 17 പന്തില്‍ നിന്നും 22 റണ്‍സാണ് താരം നേടിയത്.
ഏപ്രില്‍ മൂന്നിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.
Content Highlight: Thushar Deshpandey’s bad performance