|

സാര്‍ സെയ്ത്താനാണെങ്കില്‍ നുമ്മ ഇബിലീസ്; തുറമുഖം മോഷന്‍ പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളി പ്രധാന കഥാപാത്രമായി എത്തുന്ന തുറമുഖത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മാര്‍ച്ച് പത്ത് നാളെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തുറമുഖം.

അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍, ജോജു ജോര്‍ജ്, നിവിന്‍ പോളി എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മട്ടാഞ്ചേരി മൊയ്തു എന്നാണ് നിവിന്‍ പോളിയുടെ കഥാപാത്രത്തിന്റെ പേര്.

ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. പല ഗെറ്റപ്പുകളില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്.

ഇന്നലെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. ശക്തമായ സമരങ്ങളും അവയെ അടിച്ചമര്‍ത്തുന്ന ശക്തികേന്ദ്രങ്ങളെയുമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. തല്ലും വഴക്കുമാണ് ടീസറില്‍ ഉള്ളത്. ‘തല്ലടാ തല്ലികൊല്ലെടാ’ എന്നാണ് പശ്ചാത്തലത്തില്‍ ഉയരുന്ന ശബ്ദം.

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 1920കളില്‍ പുതിയ കൊച്ചി തുറമുഖം നിര്‍മിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്.

രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച തുറമുഖത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഇതിന് മുമ്പ് മൂന്ന് തവണ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നു. പല കാരണങ്ങളാല്‍ വീണ്ടും റിലീസ് നീണ്ടുപോവുകയായിരുന്നു.

content highlight: thuramukham movie motion poster out