കൊച്ചി: കൊച്ചി തുറമുഖത്തെ തൊഴിലാളി സമരചരിത്രത്തിന്റെ കഥ പറയുന്ന രാജീവ് രവിയുടെ പുതിയ ചിത്രം തുറമുഖത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. നിമിഷ സജയന്‍, നിവിന്‍ പോളി, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജുന്‍ അശോക് തുടങ്ങി വന്‍ താരനിരയാണ് ഈ പിരീഡ് ഡ്രാമിയിലുള്ളത്.
2016 പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മണികണ്ഠന്‍ ആചാരിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മണികണ്ഠന്‍ ആചാരിയെ തേടിയെത്തിയിരുന്നു.
കരയില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകള്‍ ആക്രമിക്കാനായി കുതിക്കുന്ന വഞ്ചികളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച് 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, തൊഴിലാളി പ്രതിരോധങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തൊഴിയില്ലാഴ്മ രൂക്ഷമായ കാലത്ത് തൊഴില്‍ വിഭജനത്തിനായി ആവിഷ്‌കരിച്ച് കിരാത സമ്പ്രദായമാണ് ചാപ്പ. കൂട്ടമായി നില്‍ക്കുന്ന തൊഴിലാളികള്‍ക്കു നേരെ ടോക്കണുകള്‍ എറിഞ്ഞു കൊടുക്കുന്ന ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി തൊഴിലാളികള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
കെ.എം ചിദംബരന്‍ എഴുതിയ “തുറമുഖം” എന്ന നാടകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്ത ഇയ്യാേബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്തും ചിദംബരന്റെ മകനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥയും ഒരുക്കുന്നത്.