| Friday, 10th March 2023, 11:30 am

നിര്‍മിക്കാന്‍ പറ്റില്ലെങ്കില്‍ പണി നിര്‍ത്തി പോകാനാണ് പലരും പറയുന്നത്, തുറമുഖം ചെയ്യാന്‍ മാത്രം എനിക്ക് ത്രാണിയില്ലായിരിക്കാം: സുകുമാര്‍ തെക്കേപ്പാട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിര്‍മാതാവ് സുകുമാര്‍ തെക്കേപ്പാട്ടിന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയുടെ ഫലമായാണ് തുറമുഖം പല തവണ റിലീസ് മാറ്റിവെക്കേണ്ടി വന്നതെന്ന് നിവിന്‍ പോളി പ്രസ് മീറ്റില്‍ വെച്ച് തുറന്നുപറഞ്ഞിരുന്നു. തുറമുഖത്തിന്റെ അവസ്ഥ മലയാളത്തിലെ മറ്റൊരു സിനിമക്കും ഉണ്ടാവാന്‍ പാടില്ലെന്നും നിവിന്‍ പറഞ്ഞിരുന്നു.

ഇത്തരത്തില്‍ വലിയ വിമര്‍ശനങ്ങളായിരുന്നു അദ്ദേഹം നിര്‍മാതാവിനെതിരെ ഉന്നയിച്ചത്. ഇപ്പോഴിതാ ചിത്രം പ്രദര്‍ശനത്തില്‍ എത്തിക്കുന്നതില്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുകയാണ് നിര്‍മാതാവ് സുകുമാര്‍ തെക്കെപ്പാട്ട്.

തുറമുഖം റിലീസാവുന്നതോടെ കഴിഞ്ഞ നാലുവര്‍ഷമായി ഒരുപാട് പ്രയാസങ്ങള്‍ താന്‍ സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും തന്റെ സിനിമാ ജീവിതമാണ് അവസാനിക്കുന്നതെന്നും സുകുമാര്‍ പറഞ്ഞു.

റിലീസ് നടപടിയാവാത്തതിന്റെ പിന്നില്‍ സ്ഥാപിത താല്പര്യക്കാരായ ചിലര്‍ ബോധപൂര്‍വ്വം തടസ്സം നിന്നതാണെന്നും അവരുടെ പേര് മാന്യത കൊണ്ട് ഇപ്പോള്‍ പുറത്ത് പറയുന്നില്ലെന്നും നിര്‍മാതാവ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിര്‍മാതാവ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”തുറമുഖം സിനിമ നിങ്ങള്‍ക്കറിയാവുന്നതുപോലെ ഇന്ന് നിങ്ങള്‍ക്ക് മുന്‍പിലെത്തുകയാണ്. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്.
എല്ലാവരും തീയറ്ററില്‍ തന്നെ പോയി സിനിമ കാണുമെന്ന് പ്രത്യാശിക്കുന്നു.

രാജീവേട്ടന്‍ മികച്ചതായി ചെയ്ത ഒരു ചലച്ചിത്ര കാവ്യമാണ് തുറമുഖം എന്നാണ് എന്റെ പക്ഷം. അതുപോലെ സങ്കടങ്ങളുടെയും പരിഹാസത്തിന്റെയും ഒറ്റപെടലിന്റെയും വേദന അങ്ങേയറ്റം കഴിഞ്ഞ നാലു വര്‍ഷം സഹിക്കേണ്ടി വന്ന എന്റെ സിനിമാ ജീവിതമാണ് ഇതോടെ അവസാനിക്കുന്നത്.

പല പ്രാവശ്യം സിനിമ റിലീസിന് തയ്യാറെടുത്തെങ്കിലും നടപടിയായില്ല, കാരണം ഇതില്‍ സ്ഥാപിത താല്പര്യക്കാരായ ചിലര്‍ ഉണ്ടായിരുന്നു. അവര്‍ അതിന് അപ്പോഴെല്ലാം ബോധപൂര്‍വ്വം തടസ്സം നിന്നു എന്ന് തന്നെ പറയേണ്ടിവരും. ഞാന്‍ ആര്‍ജ്ജിച്ച ജീവിതത്തിന്റെ മാന്യത കൊണ്ട് ഇപ്പോള്‍ ആരുടെയും പേരെടുത്ത് പറയുന്നില്ല.

ഓരോ ഘട്ടത്തിലും ട്രെയ്‌ലറിന്റെയും ഫേസ്ബുക്ക് പോസ്റ്റുകളുടെയും താഴെ തനിക്ക് സിനിമ നിര്‍മിക്കാനും അത് വിതരണം ചെയ്യാനും പറ്റില്ലെങ്കില്‍ ഈ പണി നിര്‍ത്തി പോടാ എന്ന് പല തരം ഭാഷകളില്‍ പറഞ്ഞവരുണ്ട്. എല്ലാരോടും എനിക്ക് നന്ദി മാത്രമേയുള്ളൂ.

എന്റെ ജീവിതം അടിമുടി സിനിമയാണ്. സിനിമ സ്വപ്നം കണ്ടുറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്ത ഒരു ജീവിതമുണ്ട്. മദ്രാസ്സില്‍ കിടന്നുറങ്ങാന്‍ ഇടമില്ലാത്ത കാലത്തു സിനിമാമോഹങ്ങളുമായി നടന്നൊരു കാലം. എണ്ണയടിക്കാന്‍ പോലും പൈസയില്ലാതെ പഴയൊരു സ്പ്ലെണ്ടര്‍ ബൈക്കുമായി സിനിമയുടെ എക്‌സിക്യൂട്ടീവ് ആയി നടന്നൊരു കാലമുണ്ട്. അങ്ങനെ തുടങ്ങിയതാണിത്.

സിനിമയില്‍ ഞാന്‍ പരമാവധി ആളുകളെ സഹായിക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. പലപ്പോഴും ഒന്നും നേടിയിട്ടുമില്ല. അതേസമയം ധാരാളം പഴികള്‍ മാത്രം കിട്ടിയിട്ടുമുണ്ട്. തുറമുഖം പോലൊരു സിനിമ ചെയ്യാന്‍ മാത്രം എനിക്ക് ത്രാണിയില്ലായിരിക്കാം, ചിലപ്പോള്‍ പലര്‍ക്കും കൊടുക്കാനുള്ള പൈസ കൊടുക്കാന്‍ ആവാത്ത സാഹചര്യത്തില്‍ ചില ചെറിയ കള്ളങ്ങള്‍ പറഞ്ഞിട്ടുണ്ടാകാം, പലരുടെയും പക്കല്‍ നിന്ന് കടം വാങ്ങിയിട്ടുണ്ടാകാം. എല്ലാം സമ്മതിക്കുന്നു. ഇതെല്ലാം സിനിമ എന്ന മേഖലയോടുള്ള പ്രണയം കൊണ്ടാണ്.

വേദനയുടെ വല്ലാത്ത തീച്ചൂളയില്‍ നിന്ന് കാലും കൈയ്യും വെന്തുരുകുമ്പോഴും, മനസ്സ് വല്ലാതെ വ്രണപ്പെട്ടപ്പോഴും കൂടെ നിന്ന, ചേര്‍ത്തുപിടിച്ച അനേകം പേരുണ്ട്. പേരെടുത്ത് പറയുന്നില്ല. അവരോട് നന്ദി പറയാന്‍ ഭാഷകളില്ല, അവരോട് വല്ലാതെ കടപ്പെട്ടിരിക്കുന്നു. കടപ്പാടുണ്ട് പ്രേക്ഷകരായ നിങ്ങളോടും. സിനിമയില്‍ തന്നെ ഉണ്ടാകും മരണം വരെയും. കാരണം ഏറെ പ്രണയിച്ചുപോയി സിനിമയെ. എല്ലാവരും സിനിമ കാണുമെന്ന പ്രതീക്ഷയോടെ.
തുറമുഖത്തിന് വേണ്ടി, രാജീവേട്ടന് വേണ്ടി,” സുകുമാര്‍ തെക്കേപ്പാട്ട് കുറിച്ചു.

content highlight: thuramukam producer about movie release

We use cookies to give you the best possible experience. Learn more