കാത്തിരിപ്പിന് വിരാമം കുറിച്ച് തുറമുഖം റിലീസ് ഡേറ്റ്; തീപാറും ഗെറ്റപ്പുകളില്‍ നിവിന്‍ പോളി
Entertainment news
കാത്തിരിപ്പിന് വിരാമം കുറിച്ച് തുറമുഖം റിലീസ് ഡേറ്റ്; തീപാറും ഗെറ്റപ്പുകളില്‍ നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th February 2023, 11:37 am

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് അവസാനം കുറിച്ച് മാര്‍ച്ച് പത്തിന് പ്രദര്‍ശനത്തിന് എത്തുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.

മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്.

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 1920കളില്‍ പുതിയ കൊച്ചി തുറമുഖം നിര്‍മിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്.

നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേര്‍ ലേബര്‍ കോണ്‍ട്രാക്ടര്‍മാരുടെ ഓഫീസുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടുന്നു. കോണ്‍ട്രാക്ടര്‍മാരും ശിങ്കിടികളും എറിയുന്ന മെറ്റല്‍ ടോക്കണുകള്‍ക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികള്‍ പരസ്പരം പൊരുതുന്ന ഒരു കാലം.

പിന്നീട് 1940കളിലേക്കും 50കളിലേക്കും നീങ്ങുന്ന കഥയില്‍ ഏറെ വളര്‍ന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയന്‍ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികള്‍ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം.

ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയില്‍, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനില്‍പ്പിനും ഇടയില്‍, പ്രത്യാശക്കും നിരാശക്കും ഇടയില്‍ ഉലയുന്ന രണ്ടു തലമുറകളുടെ കഥ.

നിവിന്‍ പോളി, ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച തുറമുഖത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റര്‍ – ബി. അജിത്കുമാര്‍, കലാസംവിധാനം – ഗോകുല്‍ ദാസ്, സംഗീതം – കെ. ഷഹബാസ് അമന്‍. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി മൂവീസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോസ് തോമസ് സഹനിര്‍മാതാവാണ്. മാര്‍ക്കറ്റിംഗ് പ്ലാന്‍ ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.

content highlight: thuramugam movie release date out