തുപ്പേട്ടന്റെ ലീക്കുള്ള മഷിപ്പേന
Memoir
തുപ്പേട്ടന്റെ ലീക്കുള്ള മഷിപ്പേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st February 2019, 10:44 pm

പി.പി രാമചന്ദ്രന്‍

തുപ്പേട്ടന്‍ കണ്ണടച്ചപ്പോള്‍ അണഞ്ഞുപോയത് അവശേഷിച്ച നാട്ടുവെളിച്ചമായിരുന്നു. പാഞ്ഞാളിലെ നാട്ടുവെളിച്ചം. അത് ഒരു നാട്ടുനാടകവേദിയുടെ വെളിച്ചം കൂടിയായിരുന്നു. ആദ്യമായി വൈദ്യുതിയെത്തിയപ്പോള്‍ കണ്ണഞ്ചിപ്പോയ നാടോടിജീവിതത്തെ കൗതുകപൂര്‍വ്വം പകര്‍ത്തിക്കാണിച്ച അരവിന്ദന്റെ ഒരിടത്ത് ഈ പാഞ്ഞാള്‍ ഗ്രാമമായിരുന്നുവല്ലോ.

ഏറെക്കാലമായി തുപ്പേട്ടന്‍ കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. അന്ധത ഇരുട്ടല്ല, പ്രകാശമായിട്ടാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് തുപ്പേട്ടന്‍ പറയുമായിരുന്നു. കണ്ണുതുറന്നാല്‍ വലിയ പ്രകാശം. അതില്‍ വിചിത്രങ്ങളായ വര്‍ണ്ണമേളങ്ങള്‍. ഏതോ വിഖ്യാത ചിത്രകാരന്റെ അമൂര്‍ത്തചിത്രങ്ങള്‍ കാണുകയാണ് താന്‍ എന്നു സങ്കല്പിക്കുമായിരുന്നത്രേ.

തുപ്പേട്ടന്‍ ചിത്രകാരനുമായിരുന്നല്ലോ. പതിനെട്ടാം വയസ്സില്‍ മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചേര്‍ന്ന് ചിത്രകല അഭ്യസിച്ച് നാട്ടിലെത്തി. ഉപജീവനത്തിന് സ്‌കൂളില്‍ ഡ്രോയിങ് മാഷായി. പാഞ്ഞാള്‍ക്കാര്‍ക്ക് തുപ്പേട്ടന്‍ ഡ്രോയിങ് മാഷാണ്. എന്നാല്‍ വര പഠിപ്പിക്കുന്നതിനേക്കാള്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കലായിരുന്നു ആ ഡ്രോയിങ് മാഷ്‌ക്ക് ഇഷ്ടം. തുപ്പേട്ടന്റെ നാടകങ്ങളുടെ അണിയറ ഈ കഥാകഥനത്തിന്റെ ക്ലാസുമുറികളാവണം.

അക്കാലത്ത് ധാരാളമായി സിഗരറ്റുവലിച്ചിരുന്ന തുപ്പേട്ടന് ആ സിഗരറ്റുകൂടുകള്‍ ക്യാന്‍വാസായി. അതിന്റെ ചിത്രമില്ലാത്ത പുറത്ത് അദ്ദേഹം പേനകൊണ്ട് സങ്കല്പത്തിലുള്ള ആളുകളുടെ മുഖങ്ങള്‍ വരച്ചു. ഏതോ നാടകത്തിലെ സംഘര്‍ഷഭരിതമായ സന്ദര്‍ഭത്തിലെ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന തീക്ഷ്ണമുഖഭാവങ്ങളാണ് അദ്ദേഹം വരച്ചുകൂട്ടിയത്. ആ സിഗരറ്റുകൂടുകള്‍ മുഴുവനും ഭാഗ്യത്തിന് ചവറ്റുകുട്ടയില്‍ പോയില്ല. ചിലരെല്ലാം ആ ചിത്രങ്ങള്‍ കണ്ട് അതു സൂക്ഷിച്ചുവെച്ചു. പലരുടെ കൈവശമായിരുന്ന ആ വിചിത്ര ചിത്രശേഖരം എങ്ങനെയൊക്കെയോ സമാഹരിക്കപ്പെട്ടു.

തുപ്പേട്ടന്‍ പെയിന്റും ബ്രഷും ക്യാന്‍വാസും ഉപയോഗിച്ച് ചിത്രം വരച്ചിട്ടുണ്ടോ എന്നു സംശയമാണ്. മഷിപ്പേനയും കടലാസുതുണ്ടുമായിരുന്നു അദ്ദേഹത്തിനു പഥ്യം. എന്തുകൊണ്ടാണ് തുപ്പേട്ടന്‍ ചിത്രംവര നര്‍ത്തിയത് എന്നൊരിക്കല്‍ ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇതാണ്: “പുകവലി നിര്‍ത്തി. പിന്നെ, പഴയകാലത്തെപ്പോലെ ലീക്കുള്ള മഷിപ്പേന കിട്ടാതായി.” (ലീക്കുള്ള പേനയുണ്ടെങ്കിലേ പെരുവിരലില്‍ മഷി പുരളുകയുള്ളു. എങ്കില്‍മാത്രമേ അതുകൊണ്ട് ഷേഡ് ചെയ്യാനാവു!)

തുപ്പേട്ടന്റെ നോട്ടുപുസ്തകങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത അനുഭവക്കുറിപ്പുകള്‍ ചേര്‍ത്ത് ഒരു പുസ്തകമിറങ്ങിയിട്ടുണ്ട് – “വരകളും വരികളും.” ആറങ്ങോട്ടുകര പാഠശാല പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ അദ്ദേഹത്തിന്റെ ഏതാനും “മുഖചിത്രങ്ങള്‍” ഉള്‍പ്പെടുത്തിയിട്ടുണ്ട്.