ഈ പൊങ്കലിന് തലയും ദളപതിയും നേര്‍ക്കുനേര്‍ തിയേറ്ററുകളിലെത്തുകയാണ്. തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള രണ്ട് താരങ്ങളുടെ സിനിമകള്‍ ഒരേ ദിവസം തിയേറ്ററിലെത്തുമ്പോള്‍ സിനിമാ പ്രേമികള്‍ക്കുണ്ടാകുന്ന ആകാംക്ഷ ചെറുതൊന്നുമല്ല. അജിത്തും വിജയിയും ഒരേ സമയം ബോക്‌സ് ഓഫീസില്‍ മത്സരിക്കുമ്പോള്‍ അതില്‍ ആര് വാഴും ആര് വീഴുമെന്ന് കാത്തിരുന്ന് തന്നെ കാണണം.
എന്തായാലും ചരിത്രത്തില്‍ ആദ്യമായിട്ടൊന്നുമല്ല അജിത് വിജയ് ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററുകളിലെത്തുന്നത്. ഇതിന് മുമ്പ് ഇത്തരത്തില്‍ ഒരേ ദിവസം റിലീസിനെത്തിയ ഏതാണ്ട് പന്ത്രണ്ട് സിനിമകളോളമുണ്ട്. ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ മത്സരിക്കാനെത്തിയ സിനിമകള്‍ വീരവും ജില്ലയുമായിരുന്നു. അതായത് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2014 ആയിരുന്നു തിയേറ്ററില്‍ തല ദളപതി ഏറ്റുമുട്ടല്‍ പ്രേക്ഷകര്‍ കണ്ടത്. അതും ഇതുപോലെയൊരു പൊങ്കല്‍ ദിവസം തന്നെയായിരുന്നു.
അതിന് മുമ്പ് ആദ്യമായി ഇരുവരുടെയും സിനിമകള്‍ ഇത്തരത്തില്‍ ക്ലാഷ് റിലീസിനെത്തിയത് 1996ലാണ് വിജയ് നായകനായ കോയമ്പത്തൂര്‍ മാപ്പിളയും അജിത്തിന്റെ വാന്‍മതിയുമാണ് അന്ന് തിയേറ്ററുകളില്‍ ഒരുമിച്ചെത്തിയ സിനിമകള്‍. രണ്ട് സിനിമകള്‍ക്കും വലിയ വിജയം നേടാന്‍ സാധിച്ചു എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്.
അതേ വര്‍ഷം തന്നെ പൂവേ ഉനക്കാകെ, കല്ലൂരി വാസല്‍ എന്നീ സിനിമകളും ഒരേ സമയത്ത് തിയേറ്ററിലെത്തി. എന്നാല്‍ ഇത്തവണ ഭാഗ്യം വിജയ്‌യുടെ കൂടെയായിരുന്നു. ഫാസില്‍ സമവിധാനം ചെയ്ത പൂവെ ഉനക്കാകെ എന്ന സിനിമ വിജയ്‌യുടെ കരിയറിനെ തന്നെ മാറ്റി മറിച്ചു. ഏതാണ്ട് 250 ദിവസത്തോളം സിനിമ തിയേറ്ററിലോടി എന്നാണ് കണക്കുകള്‍ പറയുന്നത്.
പിന്നീട് തുടര്‍ന്നങ്ങോട്ട് പല വര്‍ഷങ്ങളിലും ഇരുവരുടെയും സിനിമ തിയേറ്ററില്‍ പരസ്പരം ഏറ്റുമുട്ടികൊണ്ടേയിരുന്നു. ഈ കാലയളവില്‍ ഇരുവരുടെയും ഇമേജിലും മാറ്റങ്ങള്‍ വരാന്‍ തുടങ്ങിയിരുന്നു. ആരാധക പിന്തുണയും ഇരട്ടിയായി വര്‍ധിച്ചു എന്നു തന്നെ പറയാം. ഇത്തരത്തില്‍ തലയും ദളപതിയും തിയേറ്ററില്‍ ഏറ്റുമുട്ടിയപ്പോള്‍ എല്ലാം ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയത് വിജയ് ചിത്രങ്ങളായിരുന്നു. എന്നാല്‍ ഇരുവരുടെയും സിനിമകള്‍ ഒരേ പോലെ വിയിച്ചപ്പോഴും ബോക്‌സ് ഓഫീസ് സ്വന്തമാക്കിയത് വിജയ് തന്നെയായിരുന്നു.
പലപ്പോഴും അജിത് ചിത്രങ്ങള്‍ പരാജയപ്പെടുന്ന കാഴ്ചയും പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ ഇരുവരുടെയും സിനിമകള്‍ തിയേറ്ററിലെത്തിയത് പൊങ്കല്‍ ദിവസങ്ങളിലായിരുന്നു. വിജയ് സിനിമകള്‍ വെറുതെ വിജയിക്കുക മാത്രമായിരുന്നില്ല ബോക്‌സ് ഓഫീസില്‍ വന്‍ വിജയവുമായിരുന്നു.
ഇരുവരുടെയും അടുത്ത ചിത്രങ്ങളായ തുണിവും വാരിസുമാണ് ഒരേ സമയം തിയേറ്ററിലെത്താന്‍ ഒരുങ്ങുന്നത്. ഈ വാര്‍ത്ത വളരെ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഉദയനിധി സ്റ്റാലിന്റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസാണ് തമിഴ്നാട്ടില്‍ തുണിവിന്റെ വിതരണവും വാരിസിന്റെ അവതരണവും ഏറ്റെടുത്തിരിക്കുന്നത്.
വിജയ് സിനിമയായ വാരിസ് സംവിധാനം ചെയ്തിരിക്കുന്നത് വംശി പൈഡിപ്പള്ളിയാണ്. സിനിമയിലെ നായികയായി എത്തുന്നതാകട്ടെ രശ്മിക മന്ദാനയും. വലിയ പ്രതീകഷകളോടെയാണ് വിജയ് ആരാധകര്‍ വാരിസിന് വേണ്ടി കാത്തിരിക്കുന്നത്. കഥ എത്ര പരാജയമാണെങ്കിലും ക്ലീഷേയാണെങ്കിലും വിജയ് സിനിമകള്‍ പൊതുവെ ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം നടത്താറുണ്ട്. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും വലിയ കളക്ഷന്‍ നേടാന്‍ വിജയ് ചിത്രങ്ങള്‍ക്ക് കഴിയാറുണ്ട്.
അതേസമയം എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന സിനിമയാണ് തുണിവ്. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമകൂടിയാണ് തുണിവ്. അതിനുപുറമേ മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരാണ് സിനിമയില്‍ നായികയായി എത്തുന്നത് എന്ന പ്രത്രേയകതയും തുണിവിനുണ്ട്.
ആദ്യം പറഞ്ഞതു പോലെ ഏറ്റവും ഒടുവില്‍ എത്തിയ സിനിമകള്‍ ജില്ലയും വീരവുമായിരുന്നു അന്ന് തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് വിജയ് ചിത്രമായ ജില്ലയാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്ത്യയില്‍ മുഴുവനായി 44 കോടിക്കടുത്ത് വീരം കളക്ഷന്‍ നേടിയപ്പോള്‍ 48 കോടിയാണ് ജില്ല നേടിയ കളക്ഷന്‍. എന്തായാലും രണ്ട് സിനിമകളും തിയേറ്ററില്‍ കോടികള്‍ വാരികൂട്ടുമെന്ന് ഉറപ്പാണ്. ആരാണ് കൂടുതല്‍ നേടുക എന്നതാണ് ബാക്കി നില്‍ക്കുന്ന ചോദ്യം.