|

ഏഴ് മില്ല്യണും കടന്ന് തലയുടെ വിളയാട്ടം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അജിത് നായകനാകുന്ന ‘തുണിവ്’ലെ ആദ്യഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഡിസംബര്‍ ഒമ്പതിന് പുറത്തിറങ്ങിയിരുന്നു. ഗാനം പുറത്തിറങ്ങി പതിനാറ് മണിക്കൂറിനുള്ളില്‍ വ്യൂവേഴ്‌സിന്റെ എണ്ണം ഏഴ് മില്ല്യണ്‍ കടന്നിരിക്കുകയാണ്. സീ മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്ത് വിട്ടത്. യൂട്യൂബില്‍ തരംഗം സൃഷ്ടിക്കുന്ന ‘ചില്ല ചില്ല’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജിബ്രാനാണ്.

വൈശാഖ് വരികള്‍ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ്, ജിബ്രാന്‍, വൈശാഖ് എന്നിവര്‍ ചേര്‍ന്നാണ്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോണി കപൂര്‍ നിര്‍മിച്ച് എച്ച്. വിനോദ് സംവിധാനം ചെയ്ത് അജിത് നായകനാവുന്ന ചിത്രമാണ് തുണിവ്.

തുണിവില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ഇതേ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഒരു ഗാനം ആലപിക്കുന്നുണ്ട് എന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. അജിത് ആരാധകര്‍ വന്‍ വരവേല്‍പ്പാണ്  പുറത്തിറങ്ങിയ ഗാനത്തിന് നല്‍കുന്നത്. അനിരുദ്ധിന്റെ പാട്ടുകള്‍ക്ക് പൊതുവെ ലഭിക്കുന്ന സ്വീകാര്യത തുണിവിലെ ഗാനത്തിനും ലഭിച്ചിട്ടുണ്ട്.

നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നൃത്തസംവിധാനം ചെയ്തിരിക്കുന്നത് കല്യാണാണ്. വിജയ് വേലുക്കുട്ടി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ബാങ്ക് കവര്‍ച്ച വിഷയമാകുന്ന ത്രില്ലര്‍ ചിത്രമാണ് തുണിവ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നത്. 2023 പൊങ്കല്‍ റിലീസായാണ് സിനിമ തിയേറ്ററുകളിലെത്തുക.

വളരെ പ്രതീക്ഷകളോടെയാണ് തലയുടെ ആരാധകര്‍ തുണിവിന് വേണ്ടി കാത്തിരിക്കുന്നത്. വലിമൈക്ക് ശേഷം ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് പുതിയ സിനിമയുമായി അജിത് വരുന്നത്. ഉദയനിധി സ്റ്റാലിന്റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.

വിജയ് നായകനാവുന്ന  വാരിസും അജിത്തിന്റെ തുണിവും ഒരേ ദിവസങ്ങളിലാണ് തിയേറ്ററിലെത്തുക എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. 2014ലാണ് ഇതിനുമുമ്പ് തിയേറ്ററില്‍ വിജയ്-അജിത് ചിത്രങ്ങള്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയത്. ജില്ലയും വീരവുമായിരുന്നു അന്ന് പരസ്പരം മത്സരിച്ച സിനിമകള്‍.

content highlight: thunivu movie first lyrical video crossed seven million views in youtube

Video Stories