ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കി നവാഗത സംവിധായകനായ റിയാസ് ഷെരീഫ് ഒരുക്കിയ ചിത്രമാണ് തുണ്ട്.
പ്രഖ്യാപനം മുതല്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറാന്‍ തുണ്ടിന് കഴിഞ്ഞിരുന്നു. പേര് കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രം പ്രമേയം കൊണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
ബിജു മേനോന്‍ ബോബി എന്ന കഥാപാത്രമായെത്തിയ ചിത്രം പറഞ്ഞത് പൊലീസുകാരെ ചുറ്റിപറ്റിയുള്ള കഥയാണ്. മലയാളത്തില്‍ പൊലീസുകാരെ പറ്റി റിയലസ്റ്റിക്കായി കഥ പറയുന്ന സിനിമകള്‍ക്ക് കുറവൊന്നും തന്നെയില്ല. അത്തരം സിനിമകളിലേക്ക് ചേര്‍ത്തു വെക്കാന്‍ പറ്റുന്ന ഒന്നായിരുന്നു തുണ്ട്.
എന്നാല്‍ മറ്റ് പൊലീസ് ചിത്രങ്ങളെ പോലെ കേസന്വേഷണമായിരുന്നില്ല തുണ്ട് പറഞ്ഞത്. ഒരു പൊലീസുകാരന്‍ സ്ഥാനകയറ്റത്തിനുള്ള പരീക്ഷയില്‍ തുണ്ട് വെക്കുന്നതും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത്. ചുരുക്കത്തില്‍ ഇതുവരെ മലയാള സിനിമയില്‍ കണ്ടിട്ടില്ലാത്ത പ്രമേയമായിരുന്നു അത്.
ഒപ്പം മേലുദ്യോഗസ്ഥരുടെ ചീത്തവിളിയും, ചെയ്യാത്ത തെറ്റില്‍ ബലിയാടാകേണ്ടി വരുന്ന സാധാരണ പൊലീസുകാരുടെ അവസ്ഥയും സഹപ്രവര്‍ത്തകരുടെ പാരവെപ്പുമൊക്കെ ഈ ബിജു മേനോന്‍ ചിത്രത്തില്‍ കാണാം.
എന്നാല്‍ അത്രവലിയ കെട്ടുറപ്പുള്ള കഥയല്ല തുണ്ടിലേതെന്ന് വേണം പറയാന്‍. ഒരുപാട് തുണ്ട് പേപ്പറില്‍ എഴുതി വെച്ച പല കഥകള്‍ ഒരു സിനിമയാക്കിയാല്‍ എങ്ങനെയുണ്ടാകുമെന്ന് കാണിക്കാന്‍ തുണ്ടിന് കഴിഞ്ഞു.
തുടക്കത്തില്‍ സ്‌കൂളിലെ പരീക്ഷയില്‍ കോപ്പിയടിക്കുന്ന മകനെ ഉപദേശിക്കുന്ന അച്ഛനാണ് ബിജു മേനോന്‍. എന്നാല്‍ അയാള്‍ക്ക് മേലുദ്യോഗസ്ഥന്‍ കാരണം സ്ഥാനകയറ്റ പരീക്ഷ എഴുതേണ്ടി വരുന്നു. അവിടെ പഠിക്കാന്‍ മടിയനായ ബേബിക്ക് പരീക്ഷയില്‍ തുണ്ട് വെക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
സ്‌കൂളിലെ പരീക്ഷയില്‍ തുണ്ട് വെച്ച മകനെയും ഹെഡ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തുണ്ട് വെക്കേണ്ടി വരുന്ന അച്ഛനെയും മാത്രം പറഞ്ഞു കൊണ്ട് മുന്നോട്ട് പോയിരുന്നെങ്കില്‍ മികച്ചതാകുമായിരുന്നു ഈ ചിത്രം.
എന്നാല്‍ സംവിധായകന്‍ തുണ്ട് വെക്കലിന് അപ്പുറത്തേക്ക് ഒരുപാട് ആശയങ്ങള്‍ ഈ ചിത്രത്തില്‍ പറയാന്‍ ശ്രമിച്ചത് കാരണം തുണ്ടിന് തിയേറ്ററില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ സാധിച്ചില്ലെന്ന് വേണം പറയാന്‍.
സിനിമയുടെ തുടക്കത്തില്‍ കാണുന്ന സീന്‍ കഴിഞ്ഞാല്‍ പിന്നീട് സിനിമയുടെ അവസാനമാണ് കോപ്പിയടി സീന്‍ കാണിക്കുന്നത്. ഇതിനിടയില്‍ മൃഗ സ്‌നേഹവും, നായകന്റെ ട്രോമ നിറഞ്ഞ കുട്ടികാലവും മറ്റും പറഞ്ഞ് കഥ മറ്റെങ്ങോട്ടോ പോകുന്നത് കാണാം.
ഇടയ്ക്ക് സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള ഈഗോയും സിനിമ പറയുന്നുണ്ട്. എന്നാല്‍ ഈ ഈഗോയുടെ കാരണം അത്ര വ്യക്തമായി കാണിക്കുന്നതില്‍ സിനിമ പരാജയപെട്ടു.
തുണ്ടില്‍ ബിജു മേനോന് പുറമെ ഷൈന്‍ ടോം ചാക്കോ, റാഫി, കോട്ടയം നസീര്‍, ഉണ്ണിമായ പ്രസാദ്, ഗോകുലന്‍, ബൈജു, ജോണി ആന്റണി ഉള്‍പെടെയുള്ള വലിയ താരനിര തന്നെയുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ – ജിംഷി ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ – സംഭാക്ഷണം ഒരുക്കിയത് സംവിധായകന്‍ റിയാസ് ഷെരീഫ്, കണ്ണപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ്.
Content Highlight: Thundu; Biju Menon Movie That Stitched On Piece of Papers