| Sunday, 18th February 2024, 3:31 pm

തുണ്ട്; ഒരു ഹൈ-ടെക് തുണ്ടുവെപ്പില്‍ തുടങ്ങിയ സിനിമ; തുണ്ട് വെക്കാന്‍ മറന്ന സംവിധായകന്‍

വി. ജസ്‌ന

പ്രഖ്യാപനം മുതല്‍ക്ക് തന്നെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട ബിജു മേനോന്‍ ചിത്രമാണ് ‘തുണ്ട്’. പേര് കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രം പ്രമേയം കൊണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്.

ബിജു മേനോന്‍ അവതരിപ്പിക്കുന്ന ബോബിയെന്ന പൊലീസുകാരന്‍ പരീക്ഷയില്‍ തുണ്ട് വെക്കുന്നതാണ് ചിത്രത്തിന്റെ പേരിന് പിന്നിലുള്ള കാരണം. ഇത് അറിഞ്ഞു കൊണ്ട് തന്നെയാണ് പ്രേക്ഷകര്‍ സിനിമ കാണാന്‍ പോയത്.

എന്നാല്‍ സിനിമയുടെ തുടക്കത്തില്‍ കണ്ടത് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി തന്റെ പരീക്ഷാ ഹാളിനുള്ളില്‍ കോപ്പിയടിക്കുന്നതാണ്. പല തരത്തിലുള്ള കോപ്പിയടികള്‍ മലയാള സിനിമയില്‍ കണ്ടിട്ടുണ്ടെങ്കിലും തുണ്ടിലെ ആദ്യ പത്ത് മിനിട്ടിലെ കോപ്പിയടി സീന്‍ കണ്ടിരിക്കുന്ന പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതായിരുന്നു.

പരീക്ഷാ ഹാളിനുള്ളില്‍ വിദഗ്ധമായ രീതിയില്‍ എങ്ങനെ തുണ്ട് വെക്കാമെന്നത് മാത്രമായിരുന്നില്ല ആ സീനുകള്‍ കാണിച്ചു തന്നത്. മികച്ച ക്യാമറ ആംഗിളില്‍ എങ്ങനെ സീനുകള്‍ എടുക്കാമെന്നും തുണ്ടിലൂടെ കാണാന്‍ കഴിഞ്ഞു.

ഒരു നിമിഷം കൊറിയന്‍ – ചൈനീസ് ഡ്രാമകളിലും മറ്റും കണ്ടു വരുന്ന കോപ്പിയടി സീനുകള്‍ ഓര്‍മ വന്നെങ്കിലും ആ സീനുകളിലെ ജിംഷി ഖാലിദിന്റെ ക്യാമറ വര്‍ക്ക് ഏറെ പ്രശംസ അര്‍ഹിക്കുന്നത് തന്നെയായിരുന്നു.

ബോബിയുടെ (ബിജു മേനോന്‍) മകന്‍ മാത്യുവായിരുന്നു തന്റെ പരീക്ഷയില്‍ വിദഗ്ധമായ രീതിയില്‍ കോപ്പിയടിച്ച ആ വിദ്യാര്‍ത്ഥി. പിന്നീട് സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷയില്‍ ബോബിക്കും കോപ്പിയടിക്കേണ്ടി വരുന്നുണ്ട്.

എന്നാല്‍ സിനിമയുടെ തുടക്കത്തില്‍ കാണുന്ന സീന്‍ കഴിഞ്ഞാല്‍ പിന്നീട് സിനിമയുടെ അവസാനമാണ് കോപ്പിയടി സീന്‍ കാണിക്കുന്നത്. സംവിധായകന്‍ തുണ്ട് വെക്കലിന് അപ്പുറത്തേക്ക് ഒരുപാട് ആശയങ്ങള്‍ ഈ ചിത്രത്തില്‍ പറയാന്‍ ശ്രമിച്ചത് കാരണം കോപ്പിയടിക്കലിന് സിനിമയില്‍ വലിയ പ്രധാന്യമില്ലാതെയായി പോയെന്ന് വേണം പറയാന്‍.

സ്‌കൂളിലെ പരീക്ഷയില്‍ തുണ്ട് വെച്ച മകനെയും ഹെഡ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തുണ്ട് വെക്കേണ്ടി വരുന്ന അച്ഛനെയും മാത്രം പറഞ്ഞു കൊണ്ട് മുന്നോട്ട് പോയിരുന്നെങ്കില്‍ മികച്ചതാകുമായിരുന്നു ഈ ചിത്രം.

ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കി നവാഗത സംവിധായകനായ റിയാസ് ഷെരീഫാണ് ഈ ചിത്രമൊരുക്കിയത്. ബിജു മേനോന്‍ ബോബി എന്ന കഥാപാത്രമായെത്തിയ ചിത്രം പറഞ്ഞത് പൊലീസുകാരെ ചുറ്റിപറ്റിയുള്ള കഥയായിരുന്നു.

മേലുദ്യോഗസ്ഥരുടെ ചീത്തവിളിയും, ചെയ്യാത്ത തെറ്റില്‍ ബലിയാടാകേണ്ടി വരുന്ന സാധാരണ പൊലീസുകാരുടെ അവസ്ഥയും സഹപ്രവര്‍ത്തകരുടെ പാരവെപ്പുമൊക്കെയാണ് ചിത്രം പറഞ്ഞത്.

തുണ്ടില്‍ ബിജു മേനോന് പുറമെ ഷൈന്‍ ടോം ചാക്കോ, റാഫി, കോട്ടയം നസീര്‍, ഉണ്ണിമായ പ്രസാദ്, ഗോകുലന്‍, ബൈജു, ജോണി ആന്റണി ഉള്‍പെടെയുള്ള വലിയ താരനിര തന്നെയുണ്ട്.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ – ജിംഷി ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ – സംഭാക്ഷണം ഒരുക്കിയത് സംവിധായകന്‍ റിയാസ് ഷെരീഫ്, കണ്ണപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ്.

Content Highlight: Thundu; A Movie That Started With High-Tech Copying

വി. ജസ്‌ന

ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more