ലോകം കൊവിഡ് പ്രതിസന്ധിയിലായിരിക്കെ സഹായവുമായി പരിസ്ഥിതി പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനി ഗ്രേറ്റ തുന്‍ബര്‍ഗ്. 10000 യു.എസ് ഡോളറാണ് ഏകദേശം (75 ലക്ഷം രൂപ) കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികള്‍ക്കായുള്ള യു.എന്‍ ശാഖയായ യുനിസെഫിന്റെ ഫണ്ടിലേക്ക് നല്‍കിയിരിക്കുന്നത്. ഒരു ഡാനിഷ് സന്നദ്ധ സംഘടനയില്‍ നിന്നും ലഭിച്ച സമ്മാനമാണ് ഗ്രേറ്റ യുനിസെഫിന് കൈമാറിയത്്.
‘ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ പോലെ തന്നെ കൊറോണ വൈറസ് മഹാമാരിയും കുട്ടികളുടെ അവകാശ പ്രതിസന്ധിയാണ്. ഇത് എല്ലാ കുട്ടികളെയും ബാധിക്കും, ഇപ്പോഴും ദീര്‍ഘകാലാടിസ്ഥാനത്തിലും. എന്നാല്‍ ദുര്‍ബലരായവരെയാണ് കൂടുതല്‍ ബാധിക്കുക,’ ഗ്രേറ്റ തുന്‍ബര്‍ഗ് പറഞ്ഞു. മുന്‍പ് സെന്‍ട്രല്‍ യൂറോപ്പിലേക്ക് ഒരു യാത്ര നടത്തിയിരുന്നതിനാല്‍ തനിക്കും കൊവിഡ് ബാധിച്ചിരിക്കാനിടയുണ്ടെന്നും ഗ്രേറ്റ തുന്‍ബര്‍ഗ് പറഞ്ഞു. ലോക്ഡൗണ്‍ കാരണം ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ബുദ്ധുമുട്ടുന്നതും മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭിക്കാത്ത കുട്ടികള്‍ക്കുമായി ഈ തുക വിനിയോഗിക്കുമെന്ന് യുനിസെഫ് അറിയിച്ചു.
സെപ്റ്റംബറില്‍ 139 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത യു.എന്‍ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ ലോക രാജ്യങ്ങളുടെ നിരുത്തരവാദപരമായ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ഗ്രേറ്റ തുന്‍ ബര്‍ഗ് എന്ന പതിനാറുകാരി ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് നിങ്ങളെന്റെ സ്വപ്നങ്ങളും ബാല്യവും തകര്‍ത്തു. മനുഷ്യര്‍ മരിക്കുകയാണ്, ദുരിതമനുഭവിക്കുകയാണ്, മുഴുവന്‍ ആവാസ വ്യവസ്ഥയും തകരുകയാണ്. വിനാശത്തിന്‍ വക്കിലാണ് എന്നിട്ടും നിങ്ങള്‍ക്ക് പണത്തെക്കുറിച്ചും സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുമാണ് പറയാനുള്ളത്’, കാലാവസ്ഥാ ഉച്ചകോടിയിലെ ഗ്രേറ്റയുടെ ഈ വാക്കുകള്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.