| Thursday, 8th February 2018, 10:17 pm

കലാകാരന്മാരേയും വിടാതെ കാമക്കണ്ണുകള്‍; ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിന് തുള്ളല്‍ കലാകാരനെ മര്‍ദ്ദിച്ച് അവശനാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വളാഞ്ചേരി: ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ച ശേഷം നാട്ടിലേക്ക് തിരിച്ചു വരികയായിരുന്ന കലാകരന് മര്‍ദ്ദനമേറ്റു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2 മണിയോടെ വളാഞ്ചേരിയില്‍ വെച്ചാണ് സംഭവം. ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതാണ് മര്‍ദ്ദനത്തിന് കാരണം. വളാഞ്ചേരി സ്വദേശി കലാമണ്ഡലം ജിനേഷിനാണ് മര്‍ദ്ദനമേറ്റത്.

താമരശ്ശേരിയില്‍ നിന്ന് ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച ശേഷം കോഴിക്കോട്ടു നിന്ന് കെ.എസ്.ആര്‍.ടി.സി ബസിലാണ് ജിനേഷ് നാട്ടിലേക്ക് പോയത്. പുലര്‍ച്ചെ 2 മണിയോടെ വളാഞ്ചേരിയില്‍ ഇറങ്ങിയ ജിനേഷിനെ തട്ടുകടയില്‍ നിന്ന് ചായ കുടിക്കവെ എത്തിയ രണ്ടുപേരാണ് മര്‍ദ്ദിച്ചത്. കാറിലെത്തിയ ഇവര്‍ ജിനേഷിനെ അടുത്തേക്ക് വിളിക്കുകയായിരുന്നു.

പരിചയക്കാര്‍ ആണെന്ന് കരുതി അടുത്തു ചെന്ന ജിനേഷിനോട് അവര്‍ കൂടെ പോരുന്നോ എന്ന് ചോദിച്ചു. തുടര്‍ന്ന് കാറില്‍ കയറാന്‍ നിര്‍ബന്ധിച്ച ഇവര്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇതേ സ്ഥലത്ത് തിരികെ എത്തിക്കാമെന്നും പറഞ്ഞു. ലൈംഗികബന്ധത്തിന് തന്നെ നിര്‍ബന്ധിക്കുകയാണെന്ന് മനസിലായതോടെ ജിനേഷ് കാറിനടുത്ത് നിന്ന് തിരികെ നടന്നു.

എന്നാല്‍ കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ജിനേഷിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സമീപമുണ്ടായിരുന്ന ആളുകളെല്ലാം നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരുക്കേറ്റ ജിനേഷിനെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഓട്ടന്‍തുള്ളലിന്റെ ഭാഗമായുണ്ടായിരുന്ന ചമയങ്ങള്‍ മുഖത്ത് നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നില്ലെന്നും അതു കണ്ടിട്ടാകാം അവര്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതെന്നും ജിനേഷ് പറയുന്നു. കേരളത്തിലെ ഒട്ടുമിക്ക കലാകാരന്മാരുടെയും ജീവിതത്തില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടാകുമെന്നും അഭിമാനമോര്‍ത്ത് ആരും തുറന്നുപറയാത്തതാണെന്നും സമൂഹത്തിന്റെ ചിന്താഗതി മാറണമെന്നും ജിനേഷ് കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ വേദിയില്‍ തുള്ളല്‍ അവതരണത്തിനിടെ കുഴഞ്ഞു വീണ് അന്തരിച്ച പ്രശസ്ത തുള്ളല്‍കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്റെ ശിഷ്യനാണ് മര്‍ദ്ദനത്തിനിരയായ ജിനേഷ്. 17 വര്‍ഷമായി കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ ജിനേഷ് ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്. ജിനേഷിന്റെ പരാതിയില്‍ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

We use cookies to give you the best possible experience. Learn more