മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ചേട്ടനും അനിയനുമാക്കി ആ സിനിമ ചെയ്യാനാണ് ആഗ്രഹിച്ചത്, ഒടുവില്‍ മമ്മൂട്ടി അനിയനായി: തുളസി ദാസ്
Film News
മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ചേട്ടനും അനിയനുമാക്കി ആ സിനിമ ചെയ്യാനാണ് ആഗ്രഹിച്ചത്, ഒടുവില്‍ മമ്മൂട്ടി അനിയനായി: തുളസി ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd April 2022, 2:09 pm

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും നിരവധി സിനിമകളിലാണ് ഒന്നിച്ചഭിനയിച്ചത്. പാവം പൂര്‍ണിമ, ചങ്ങാത്തം, അതിരാത്രം, ഒന്നാണ് നമ്മള്‍, ഹരികൃഷ്ണന്‍സ്, സിന്ധൂരസന്ധ്യക്ക് മൗനം തുടങ്ങി ആ ലിസ്റ്റ് നീളും.

ഇതില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ചത് ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സ് തന്നെയാണ്. എന്നാല്‍ ഹരികൃഷ്ണന്‍സിന് മുന്നേ തന്നെ ഇരു താരങ്ങളേയും ഒന്നിപ്പിക്കുന്ന ഒരു കുടുംബചിത്രം താന്‍ മനസില്‍ വിചാരിച്ചിരുന്നു എന്ന് പറയുകയാണ് സംവിധായകന്‍ തുളസി ദാസ്.

മുരളിയും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളായി 1996 ലെത്തിയ ആയിരം നാവുള്ള അനന്തന്‍ എന്ന ചിത്രത്തില്‍ ചേട്ടാനിയന്മാരായി മമ്മൂക്കയേയും ലാലേട്ടനേയും അഭിനയിപ്പിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു എന്നും പിന്നീട് മുരളിയെ ചേട്ടനാക്കി എന്നും അദ്ദേഹം പറഞ്ഞു.

കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുമായുള്ള ചിത്രത്തെ പറ്റി തുളസി ദാസ് പറഞ്ഞത്.

‘ഒരു തമിഴ് സിനിമയുടെ സെറ്റിലാണ് മമ്മൂക്കയോട് ഞാന്‍ കഥ പറയാന്‍ പോകുന്നത്. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണ്. ഒരു ട്രെയ്ന്‍ യാത്രക്കിടയില്‍ ഒപ്പമുള്ള സഹയാത്രികനില്‍ നിന്നാണ് ഞാനാ സംഭവം കേള്‍ക്കുന്നത്. ഒരു കുടംബത്തില്‍ രണ്ട് ഡോക്ടര്‍മാരുണ്ടായതിന്റെ ഈഗോ പ്രശ്‌നമായിരുന്നു. ഒരു ഹോസ്പിറ്റല്‍ രണ്ടാക്കി വിഭജിക്കുന്ന അവസ്ഥയിലെത്തി.

അത് ഒരു കുടുംബ കഥയ്ക്ക് പറ്റിയ സംഭവമാണല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. അങ്ങനെ ഒരു കഥയാക്കി. അന്ന് ഞാന്‍ ആഗ്രഹിച്ചത് മമ്മൂക്കയേയും ലാലേട്ടനേയും കൊണ്ട് അഭിനയിപ്പിക്കണമെന്നാണ്. പക്ഷേ രണ്ട് പേരേയും ഒരുമിച്ച് കിട്ടുക എന്നുള്ളത് ബുദ്ധിമുട്ടായി,’ തുളസി ദാസ് പറഞ്ഞു.

‘അങ്ങനെ ഞാന്‍ മമ്മൂക്കയുടെ അടുത്ത് കഥ പറയാന്‍ പോയി. കഥ കേട്ടു കഴിഞ്ഞ എന്നോട് മമ്മൂക്ക ചോദിച്ചത് ചേട്ടന്റെ കഥാപാത്രം ആര് ചെയ്യുമെന്നാണ്? സത്യത്തില്‍ ചേട്ടനായി മമ്മൂക്കയേയും അനുജനായി ജയറാമിനേയും ഉദ്ദേശിച്ചാണ് ഞാന്‍ പോയത്. മമ്മൂക്ക ഉദ്ദേശിച്ചത് അനുജന്റെ കഥാപാത്രം അദ്ദേഹം ചെയ്യാമെന്നാണ്. ഞാന്‍ തിരുത്താന്‍ പോയില്ല. പിന്നെ മുരളി ചേട്ടനെ കൊണ്ട് ചെയ്യിക്കാം എന്ന് പറഞ്ഞു. അങ്ങനെ ആ കോമ്പിനേഷനില്‍ ആയിരം നാവുള്ള അനന്തന്‍ എന്ന സിനിമ ഉണ്ടായി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: thulasidas says he wanted to make a film with Mammootty and Mohanlal as brothers