| Tuesday, 30th May 2023, 7:17 pm

ഒരു കോടിയാണ് ലാലേട്ടന് പ്രതിഫലം പറഞ്ഞത്, എന്നാല്‍ പത്രത്തില്‍ വന്നത് മറ്റൊന്ന്‌: തുളസിദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുളസിദാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രമാണ് കോളേജ് കുമാരന്‍. 2008ല്‍ പുറത്ത് വന്ന ചിത്രത്തില്‍ വിമല രാമനായിരുന്നു നായിക.

ചിത്രത്തില്‍ മോഹന്‍ലാല്‍ വാങ്ങിയ പ്രതിഫലം സംബന്ധിച്ച വാര്‍ത്തയെ പറ്റി തുളസിദാസ് സംസാരിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിന് ഒരു കോടിയാണ് പ്രതിഫലമായി പറഞ്ഞതെന്നും എന്നാല്‍ അദ്ദേഹം അത്രയും വാങ്ങിയില്ലെന്നും തുളസിദാസ് പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് ശ്രദ്ധ നേടുന്നത്.

‘സാധാരണ ഒരു വര്‍ഷവും രണ്ട് വര്‍ഷവുമൊക്കെ കാത്തിരുന്നിട്ടാണ് അന്ന് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടുന്നത്. എന്നാല്‍ എനിക്ക് ഒരു മൂന്ന് മാസത്തിനുള്ളില്‍ കിട്ടി. ഞാന്‍ ചെന്ന് സംസാരിച്ചു. പ്രൊഡ്യൂസര്‍ അഡ്വാന്‍സ് കൊടുത്തു. മൂന്ന് മാസം കൊണ്ട് സിനിമ തുടങ്ങി. ആളുകള്‍ക്ക് അത്ഭുതം.

മോഹന്‍ലാലിന് ഒന്നേകാല്‍ കോടി രൂപ കൊടുത്താണ് ഞാന്‍ അഭിനയിപ്പിച്ചതെന്ന് പത്രത്തില്‍ വാര്‍ത്ത വന്നു. സത്യത്തില്‍ അന്ന് ഒരു കോടി രൂപ റേറ്റ് സംസാരിച്ചതാണ്. പക്ഷേ ലാലേട്ടന്‍ 95 ലക്ഷം രൂപയേ വാങ്ങിച്ചിട്ടുള്ളൂ. അഞ്ച് ലക്ഷം രൂപ ലാലേട്ടന്‍ പ്രൊഡ്യൂസര്‍ക്ക് റിഡക്ഷന്‍ ചെയ്തുകൊടുത്തു. പത്രത്തില്‍ വന്നത് ഒന്നേകാല്‍ കോടിയെന്നും.

ഞാന്‍ ഉടനെ ആന്റണി പെരുമ്പാവൂരിനെ വിളിച്ച് സംസാരിച്ചു. ഇങ്ങനെ ഒരു വാര്‍ത്ത വന്നിട്ടുണ്ട്. ഞാന്‍ തിരുത്തി പറയട്ടെ എന്ന് പറഞ്ഞു. വേണ്ട അങ്ങനെ കിടന്നോട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ കൂടുതല്‍ പൈസ കൊടുത്തു ഡേറ്റ് വാങ്ങി എന്ന് എല്ലാവര്‍ക്കും വിശ്വാസമായി. മോഹന്‍ലാലിന് ഇഷ്ടമില്ലാതെയാണ് ഡേറ്റ് വാങ്ങിയതെന്നൊക്കെ വന്നു. അങ്ങനെയൊന്നുമല്ല. അത് നല്ലൊരു മെസേജ് ഉള്ള സിനിമയായിരുന്നു,’ തുളസിദാസ് പറഞ്ഞു.

Content Highlight: thulasidas about the remmunaration of mohanlal

We use cookies to give you the best possible experience. Learn more