| Saturday, 3rd June 2023, 4:14 pm

മോഹന്‍ലാല്‍ വിദ്യാര്‍ത്ഥിയായി വരുമെന്ന് എല്ലാവരും വിചാരിച്ചു; ആദ്യ ഷോ കഴിഞ്ഞപ്പോള്‍ ആളുകള്‍ എന്നെ പൊക്കിയെടുത്തു: തുളസി ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുളസി ദാസിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രമാണ് കോളേജ് കുമാരന്‍. കാമ്പസ് കേന്ദ്രീകരിച്ച് ഒരുങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. ചിത്രം തിയേറ്ററുകളില്‍ കാര്യമായ വിജയം നേടിയിരുന്നില്ല.

ചിത്രത്തെ പറ്റി തുളസി ദാസ് സംസാരിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകര്‍ ചിത്രം ആഘോഷമാക്കിയിരുന്നുവെന്ന് തുളസി ദാസ് പറഞ്ഞു. അന്ന് മമ്മൂട്ടി ചിത്രം ഒപ്പം വന്നതും കളക്ഷന്‍ നമ്പറില്‍ വ്യത്യാസം വരുത്തിയെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുളസി ദാസ് പറഞ്ഞു.

‘കോളേജ് കുമാരന്‍ എന്ന പേര് കേട്ടപ്പോള്‍ പക്കാ ഹ്യൂമറുള്ള സിനിമ ആണെന്ന് എല്ലാവരും വിചാരിച്ചു. മോഹന്‍ലാല്‍ കോളേജ് വിദ്യാര്‍ത്ഥിയായി വരുന്നുവെന്ന് എല്ലാവരും വിചാരിച്ചു, പലരും തെറ്റിദ്ധരിച്ചു. പക്ഷേ പടം കഴിഞ്ഞപ്പോഴാണ് കോളേജിലുള്ള ഏതോ കാന്റീന്‍ നടത്തുന്ന കുമാരന്റെ പേരാണ് എന്ന് മനസിലായത്.

ആ സിനിമ ആദ്യ ദിവസത്തെ ഷോ കഴിഞ്ഞ് ആളുകള്‍ എന്നെ പൊക്കി എടുത്ത് കൊണ്ടുനടന്നു. അത്രയും ആ സിനിമ ആഘോഷിച്ചു. അന്ന് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പടം ഒന്നിച്ച് റിലീസ് ചെയ്യുകയാണ്. ഫെസ്റ്റിവല്‍ സീസണല്ല. ഫെസ്റ്റിവല്‍ ഒന്നും അല്ലാത്ത സമയത്ത് ഹീറോയുടെ സിനിമ റിലീസ് ചെയ്യുകയാണ്. അതിന്റേതായ ചില കളക്ഷന്‍ വ്യത്യാസങ്ങള്‍ വന്നു,’ തുളസി ദാസ് പറഞ്ഞു.

മോഹന്‍ലാലിന് ഒരു കോടിയാണ് സിനിമക്കായി പ്രതിഫലം പറഞ്ഞതെന്നും എന്നാല്‍ അദ്ദേഹം അത്രയും വാങ്ങിയില്ലെന്നും തുളസിദാസ് പറഞ്ഞു.

‘സാധാരണ ഒരു വര്‍ഷവും രണ്ട് വര്‍ഷവുമൊക്കെ കാത്തിരുന്നിട്ടാണ് അന്ന് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടുന്നത്. എന്നാല്‍ എനിക്ക് ഒരു മൂന്ന് മാസത്തിനുള്ളില്‍ കിട്ടി. ഞാന്‍ ചെന്ന് സംസാരിച്ചു. പ്രൊഡ്യൂസര്‍ അഡ്വാന്‍സ് കൊടുത്തു. മൂന്ന് മാസം കൊണ്ട് സിനിമ തുടങ്ങി. ആളുകള്‍ക്ക് അത്ഭുതം.

മോഹന്‍ലാലിന് ഒന്നേകാല്‍ കോടി രൂപ കൊടുത്താണ് ഞാന്‍ അഭിനയിപ്പിച്ചതെന്ന് പത്രത്തില്‍ വാര്‍ത്ത വന്നു. സത്യത്തില്‍ അന്ന് ഒരു കോടി രൂപ റേറ്റ് സംസാരിച്ചതാണ്. പക്ഷേ ലാലേട്ടന്‍ 95 ലക്ഷം രൂപയേ വാങ്ങിച്ചിട്ടുള്ളൂ. അഞ്ച് ലക്ഷം രൂപ ലാലേട്ടന്‍ പ്രൊഡ്യൂസര്‍ക്ക് റിഡക്ഷന്‍ ചെയ്തുകൊടുത്തു. പത്രത്തില്‍ വന്നത് ഒന്നേകാല്‍ കോടിയെന്നും.

ഞാന്‍ ഉടനെ ആന്റണി പെരുമ്പാവൂരിനെ വിളിച്ച് സംസാരിച്ചു. ഇങ്ങനെ ഒരു വാര്‍ത്ത വന്നിട്ടുണ്ട്. ഞാന്‍ തിരുത്തി പറയട്ടെ എന്ന് പറഞ്ഞു. വേണ്ട അങ്ങനെ കിടന്നോട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ കൂടുതല്‍ പൈസ കൊടുത്തു ഡേറ്റ് വാങ്ങി എന്ന് എല്ലാവര്‍ക്കും വിശ്വാസമായി. മോഹന്‍ലാലിന് ഇഷ്ടമില്ലാതെയാണ് ഡേറ്റ് വാങ്ങിയതെന്നൊക്കെ വന്നു. അങ്ങനെയൊന്നുമല്ല. അത് നല്ലൊരു മെസേജ് ഉള്ള സിനിമയായിരുന്നു,’ തുളസിദാസ് പറഞ്ഞു.

Content Highlight: thulasidas about the failure of college kumaran

We use cookies to give you the best possible experience. Learn more