മോഹന്‍ലാലിനെ നായകനാക്കി തുളസി ദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 2003 ല്‍ പുറത്തുവന്ന മിസ്റ്റര്‍ ബ്രഹ്മചാരി. ശരീരം കാത്തുസൂക്ഷിക്കാനായി വിവാഹം വേണ്ടെന്ന് വെച്ച അനന്തന്‍ തമ്പിയുടെ കഥ പറഞ്ഞ സിനിമയില്‍ മീനയായിരുന്നു നായിക.
കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമക്ക് പിന്നില്‍ നടന്ന കഥകള്‍ പറയുകയാണ് തുളസി ദാസ്. മോഹന്‍ലാല്‍ ആ സമയത്ത് അമാനുഷിക കഥാപാത്രങ്ങളായിരുന്നു ചെയ്തുകൊണ്ടിരുന്നതെന്നും അതിനാല്‍ ഈ ചെറിയ കഥയുമായി പോകാന്‍ തനിക്ക് മടിയുണ്ടായിരുന്നു എന്നും തുളസ് ദാസ് പറഞ്ഞു.
മിസ്റ്റര്‍ ബ്രഹ്മചാരി ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി താന്‍ രണ്ട് കഥയുമായിട്ടാണ് മോഹന്‍ലാലിന്റെയടുത്ത് പോയതെന്നും തുളസി ദാസ് കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘മിസ്റ്റര്‍ ബ്രഹ്മചാരി മോഹന്‍ലാല്‍ ചെയ്താല്‍ രസമായിരിക്കുമെന്ന് എന്റെ ഭാര്യ ആണ് എന്നോട് പറയുന്നത്. ലാലേട്ടന്‍ അപ്പോള്‍ വലിയ അമാനുഷിക കഥാപാത്രങ്ങള്‍ ചെയ്യുന്ന സമയമാണ്. അപ്പോള്‍ ഞാനീ ചെറിയ കഥയുമായി ചെന്നാല്‍ ലാലേട്ടന് ഇഷ്ടമാകുമോ എന്ന സംശയമുണ്ടായിരുന്നു. പക്ഷേ ഭാര്യ എന്നെ നിര്‍ബന്ധിച്ചു.
അങ്ങനെ ലാലേട്ടനെ കാണാന്‍ പോയി. പോവുമ്പോള്‍ മറ്റൊരു കഥയും കൂടെ കയ്യില്‍ കരുതിയിരുന്നു. കാരണം ഇത് സ്വീകരിച്ചില്ലെങ്കില്‍ മറ്റേത് പറയാമെന്ന് വിചാരിച്ചു,’ തുളസി ദാസ് പറഞ്ഞു.
‘ഷാജി കൈലാസിന്റെ താണ്ഡവം എന്ന സിനിമയുടെ സെറ്റിലാണ് ഞാന്‍ കഥ പറയാന്‍ ചെന്നത്. ഞാന്‍ ചെന്നപ്പോള്‍ ആഷ് പോഷ് ലെവലിലാണ് സെറ്റ്. സെറ്റ് കണ്ട് മിസ്റ്റര്‍ ബ്രഹ്മചാരിയുടെ കഥ ഞാന്‍ മാറ്റിവെച്ചു.
അങ്ങനെ ലാലേട്ടനെ കണ്ട് മറ്റേ കഥ പറയാന്‍ തുടങ്ങി. അച്ഛനും മകനും തമ്മിലുള്ള യുദ്ധത്തിന്റെ കഥയായിരുന്നു. അപ്പോള്‍ ലാലേട്ടന്‍ പറഞ്ഞത് തുളസി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കുടുംബവും കോമഡിയുമൊക്കെയുള്ള സിനിമ ആയിരിക്കുമെന്നാണ് ഉദ്ദേശിച്ചതെന്നും ഇതുപോലുള്ള സിനിമ അല്ലേ ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതെന്നും പറഞ്ഞു.
എന്നാല്‍ വേറൊരു കഥയുണ്ടെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ മിസ്റ്റര്‍ ബ്രഹ്മചാരിയുടെ കഥ പറയാന്‍ തുടങ്ങി. കഥ പറഞ്ഞ തീര്‍ക്കുന്നതിന് മുമ്പേ ഇത് ചെയ്യാമെന്ന് ലാലേട്ടന്‍ പറഞ്ഞു. അങ്ങനെയാണ് ആ സിനിമ സംഭവിച്ചത്,’ തുളസി ദാസ് കൂട്ടിച്ചേര്‍ത്തു.
Content Highlight: thulasi das about his experience when he narrates mister brahmachari to mohanlal