'ഈ മണ്ണിന്റെ മകള്‍ക്ക് വിജയം നേരുന്നു'; കമല ഹാരിസിന് പിന്തുണയേകി തമിഴ്നാട്ടിലെ ഗ്രാമം
national news
'ഈ മണ്ണിന്റെ മകള്‍ക്ക് വിജയം നേരുന്നു'; കമല ഹാരിസിന് പിന്തുണയേകി തമിഴ്നാട്ടിലെ ഗ്രാമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th July 2024, 7:25 pm

ചെന്നൈ: യു.എസ് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ കമല ഹാരിസിന് പിന്തുണയേകി തമിഴ്നാട്ടിലെ ഗ്രാമമായ തുളസേന്ദ്രപുരം. ‘ഈ മണ്ണിന്റെ മകള്‍ക്ക് വിജയം നേരുന്നു’ എന്ന അടിക്കുറിപ്പോട് കൂടിയ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് ഗ്രാമനിവാസികള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം തങ്ങള്‍ക്ക് അഭിമാനമാണെന്ന് ഗ്രാമത്തിലുള്ളവര്‍ പ്രതികരിച്ചതായി ദേശീയ മാധ്യമമായ ‘ദി പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു.

2021ല്‍ കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് ആയതിനുപിന്നാലെയാണ് തങ്ങളുടെ ഗ്രാമവും യു.എസിലെ തങ്ങളുടെ പ്രതിനിധിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മനസിലാക്കിയതെന്നും ഗ്രാമനിവാസികളില്‍ ഒരാള്‍ പ്രതികരിച്ചു. വൈസ് പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ടതിന് പിന്നാലെ ജനാധിപത്യത്തോടും ഇന്ത്യയോടും തമിഴ്‌നാടിനോടും തനിക്കുള്ള ബന്ധത്തെ കുറിച്ച് കമല ഹാരിസ് പ്രസംഗങ്ങളില്‍ പരാമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ കമല ഹാരിസിന്റെ വിജയം ആഘോഷമാക്കുകയും ചെയ്തിരുന്നു.

മന്നാര്‍ഗുഡിക്കടുത്തുള്ള തിരുവാരൂര്‍ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തെ ലോകപ്രശസ്തമാക്കിയതില്‍ ഗ്രാമത്തിലുള്ളവര്‍ കമല ഹാരിസിന് നന്ദി അറിയിക്കുകയും ചെയ്തു. കൂടാതെ കമല ഹാരിസിന്റെ മുത്തശ്ശന്‍ അവരുടെ പേരില്‍ തുളസേന്ദ്രപുരം വില്ലേജിലെ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സംഭാവന നല്‍കിയതിന്റെ വിവരങ്ങളും മാധ്യമങ്ങളോട് പങ്കുവെച്ചു.

നിലവില്‍ യു.എസ് വൈസ് പ്രസിഡന്റ് പദവി വഹിക്കുന്ന കമല ഹാരിസിന്റെ അച്ഛന്‍ ഡോണള്‍ഡ് ജെ. ഹാരിസ് ജമൈക്കക്കാരനാണ്. അമ്മ ശ്യാമള ഗോപാലന്‍ തമിഴ്നാട്ടുകാരിയുമാണ്. കമലയുടെ ഹാരിസിന്റെ മുത്തശ്ശനായ ഗോപാലന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തുളസേന്ദ്രപുരം ഗ്രാമത്തിലെ ഒരു അഗ്രഹാരത്തില്‍ താമസിച്ചിരുന്നതായി ഗ്രാമവാസികള്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം മകളായ ശ്യാമള ഉള്‍പ്പെടെയുള്ള തന്റെ കുടുംബത്തെ ദല്‍ഹിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഉപരിപഠനത്തിനായി ബെര്‍ക്‌ലിയിലെത്തിയ ശ്യാമള കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുകയും ചെയ്തു. ബെര്‍ക്‌ലിയില്‍ വെച്ചാണ് ജമൈക്കന്‍ സാമ്പത്തിക വിദഗ്ധനായ ഡൊണാള്‍ഡ് ജെ. ഹാരിസിനെ ശ്യാമള കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവര്‍ക്കും 1964ല്‍ കമല ജനിക്കുകയും ചെയ്തു.

നവംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാല്‍ അമേരിക്കന്‍ പ്രസിഡന്റാകുന്ന ആദ്യ വനിതയാകും കമല ഹാരിസ്. ഇതുവരെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുടെയെല്ലാം പിന്തുണ കമല ഹാരിസ് നേടി കഴിഞ്ഞു. ബൈഡന്‍ തന്റെ പിന്‍ഗാമിയായി കമല ഹാരിസിനെ പ്രഖ്യാപിച്ചതോടെ 81 മില്യണ്‍ ഡോളറിലധികം സംഭാവന അവര്‍ നേടുകയും ചെയ്തു.

Content Highlight: Thulasendrapuram, a village in Tamil Nadu, supported Kamala Harris in the US presidential election