മനുഷ്യന്‍ ഏറ്റവും ശക്തനായിരിക്കുന്നത് രണ്ടു കാര്യങ്ങളിലാണ്. സൃഷ്ടിക്കാനുളള കഴിവും നശീകരണ ശേഷിയുമാണവ. സൃഷ്ടിക്കാനുളള കഴിവ് നൈസര്‍ഗ്ഗികമാണെങ്കിലും സൃഷ്ടി നടത്തുന്നതിന് മനുഷ്യനെ സഹായിക്കുന്നത് നിരീക്ഷണമാണ്. നല്ല നിരീക്ഷണ പാടവമുളളവരുടെ സര്‍ഗ്ഗതമ്പുരു വെറുതെ മുഴങ്ങും. അതാണ് ജീനിയസുകളുടെ ആവിഷ്‌കാരത്തില്‍ കാണുന്ന സ്വാഭാവികത.
സൂക്ഷ്മ നിരീക്ഷണത്തില്‍ മികവുറ്റ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സൃഷ്ടിക്കും നശീകരണത്തിനും അഗ്രഗണ്ണ്യനായിരുന്നു. നാഗരികതകളുടെ അതിജീവനവും പ്രകൃതിയുടെ നിലനില്‍പ്പും വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് രാഷ്ട്രീയം (നിയമനിര്‍മ്മാണവും പ്രയോഗവും) സൂക്ഷ്്മ നിരീക്ഷണപാടവമുളളവരുടെ കൈകളിലെത്തണമെന്നത് കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണ്. അത്തരത്തിലുളള പ്രതീക്ഷയാണ് പി.ടി തുഫൈല്‍ എന്ന മാദ്ധ്യമപ്രവര്‍ത്തകന്‍, ഊര്‍ജ്വസ്വലനായ ചെറുപ്പക്കാരന്‍ എ.എ.പിയുടെ സംസ്ഥാന നേതാവാകുമ്പോള്‍ ലഭിക്കുന്നത്.
തുഫൈലിന്റെ സാദ്ധ്യത
ദേശീയ രാഷ്ട്രീയത്തെ അതിസൂക്ഷ്മമായി നിരീക്ഷിക്കാനുളള ശേഷിയുളളതുകൊണ്ടു തുഫൈലിന് വളരെ മുന്നേ തന്നെ എ.എ.പിയുടെ കേന്ദ്രനേതൃത്വത്തിന്റെ അണിയറശില്‍പ്പികളില്‍ ഒരാളാകാന്‍ സാധിച്ചു. അരവിന്ദ് കെജ്രിവാളിന്റെ വിപണന മൂല്യം പി.ടി തുഫൈല്‍ കണ്ടറിഞ്ഞു. ബദല്‍ രാഷ്ട്രീയത്തിന്റെ പ്രതീകമായി നവ ഗാന്ധിയനായി ആ കുറിയ മനുഷ്യനെ ഇന്ത്യയുടെ വടക്കുനിന്നും തെക്കോട്ടെത്തിക്കാന്‍ തുഫൈലിനു കഴിയും. കാരണം ആകാരത്തില്‍ നിസ്സാരനാണെന്ന് തോന്നിക്കുന്ന കെജ്രിവാളിന്റെ വിപണന മൂല്ല്യത്തിലാണ് പി.ടി തുഫൈല്‍ പ്രതീക്ഷ പുലര്‍ത്തുന്നത്.
ഇന്ത്യ സപ്തതിയിലെത്തിയപ്പോഴേക്കും രാഷ്ട്രീയ നേതാക്കള്‍ സ്ഥാപനവല്‍ക്കരിക്കപ്പട്ടുവെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് തുഫൈല്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. രാഷ്ട്രത്തിന്റെ പള്‍സ് അറിയുന്ന ഔട്ട്ലുക്ക് വാരികയുടെ എഡിറ്റോറിയല്‍ ഡസ്‌കില്‍ ജോലി ചെയ്തുവരുന്ന തുഫൈലിന് വിനോദ് മേത്തക്കുശേഷം മാധ്യമപ്രവര്‍ത്തനത്തിന് സെന്‍സിറ്റിവിറ്റി നഷ്ടപ്പെട്ടതും രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണതയും നേരിട്ടുള്‍ക്കൊണ്ടിട്ടുളളയാളാണ്. കശ്മീരി പണ്ഡിറ്റിന്റെ ആകാര സൗഷ്ടവത്തിന്റെ മുന്നില്‍ വളരെ ചെറിയ ഒരു ശരീരമാണ് കെജ്രിവാള്‍ എന്നിട്ടും ആ പ്രതീകത്തിന് ലഭിക്കുന്ന സ്വീകാര്യത പി.ടി തുഫൈല്‍ കൗതുകത്തോടെ കണ്ടറിഞ്ഞു. അതുകൊണ്ടുതന്നെ തന്റെ സംസ്ഥാനമായ കേരളത്തില്‍ ഒരു രാഷ്ട്രീയ ബദല്‍ തീര്‍ക്കണമെന്ന ഒരു ഉള്‍ക്കര്‍ഷേച്ച പി.ടിക്കുണ്ട്.
ഈ പശ്ചാത്താലത്തിലാണ് കേരളത്തില്‍ സംഘടനാപരമായി ദുര്‍ബലമായ പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ പാര്‍ട്ടി തുഫൈലിനെ കണ്ടെത്തിയത്. ഒരു നിരീക്ഷകന്‍, സത്യസന്ധനായ മാധ്യമപ്രവര്‍ത്തകന്‍, ഊര്‍ജ്ജസ്വലമായ യുവത്വത്തിന്റെ മുഖം പി.ടി തുഫൈല്‍ എന്തുകൊണ്ടും കേരളത്തില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ അമരക്കാരന്‍ ആവേണ്ടതാണ്. മാത്രമല്ല, ശബരിമല വിഷയത്തില്‍ വലതുപക്ഷം അവരുടെ കാപട്യം തുറന്നു കാണിച്ച പശ്ചാത്തലത്തില്‍ എ.എ.പിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് വീണുകിട്ടിയിരിക്കുന്നത്.
നിയമ നിര്‍മ്മാണത്തിലും പ്രയോഗത്തിലും സാധാരണക്കാരന്റെ മനസറിഞ്ഞും പങ്കാളിത്തം ഉറപ്പുവരുത്തിയും മുന്നോട്ടു പോകുകയാണെങ്കില്‍ എ.എ.പിക്ക് വൈകാതെ തന്നെ കേരളത്തില്‍ അടിത്തറ വികസിപ്പിക്കാന്‍ സാധിക്കും. ഒരു മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്ന നിലക്ക് പൊതുമനസിന്റെ തുടിപ്പറിയാന്‍ പി.ടി തുഫൈലിന് അധികം പണിപെടേണ്ടി വരില്ല. ഒരു ദേശീയ മാദ്ധ്യമപ്രവര്‍ത്തകന്‍ എന്ന നിലക്ക് രാഷ്ട്രത്തിലെ ഒരോ കുഞ്ഞു ദേശത്തിന്റേയും പള്‍സ് അറിയാന്‍ ശ്രമിച്ചുവെന്നത് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ച് കേരളം പ്രളയം നേരിട്ടപ്പോള്‍.
തുഫൈലിന് നേരിടാനുളളത്
സംഘടനയുടെ ദൗര്‍ബല്ല്യങ്ങള്‍ കണ്ടെത്തി നല്ല മരുന്ന് നിര്‍ദ്ദേശിക്കുകയും തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ ഒപ്പം കൂട്ടി സംഘടന ശക്തമാക്കുകയുമായിരിക്കണം തുഫൈലിന്റെ മുന്‍ഗണന. ഇപ്പോള്‍ സാറാ ജോസഫ്, എം.എന്‍ കാരശ്ശേരി, സി.ആര്‍ നീലകണ്ഠന്‍ തുടങ്ങിയ നേതാക്കള്‍ ഒരോ തുരുത്തുകളിലായി മാറി നില്‍ക്കുകയാണ്. ഈ മുന്നു നേതാക്കളും അവര്‍ക്കൊപ്പം നില്‍ക്കുന്നവരുമായി തുഫൈല്‍ സംസാരിക്കണം.
മുന്നു ചേരികളും കേരളത്തിന്റെ മൂന്നു തരം പ്രശ്നങ്ങളുടെ പ്രതിനിധികളാണെന്ന് തിരിച്ചറിയണം. ആ പ്രാധിനിത്യങ്ങളെ ഏകോപിച്ച് നിര്‍ത്തി പാര്‍ട്ടിയെ ജനാധിപത്യപാര്‍ട്ടിയാക്കി നിലനിനിര്‍ത്തണം. ജനാധിപത്യത്തിനു മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കൂകയുളളു. ഈ മൂന്നു പ്രാതിനിധ്യങ്ങള്‍ക്കപ്പുറത്ത് കേരളം നേരിടുന്ന യഥാര്‍ത്ഥ പ്രശ്നത്തെ തുഫൈല്‍ മനസിലാക്കണം. അതിനു പരിഹാരമുണ്ടാക്കാന്‍ പറ്റുന്ന തരത്തിലുളള വ്യത്യസ്ത വര്‍ക്കിങ് ബോഡികള്‍ അനിവാര്യമാണ്.
ഉറച്ച സംഘടനക്കൊപ്പമേ മലയാളികള്‍ നില്‍ക്കൂകയുളളൂ. കാരണം കേരളമൊരും എക്സറ്റന്‍ഡഡ് സമൂഹമാണ്. വ്യക്തി എന്നതിലുപരി സംഘത്തിന് പ്രാധാന്യം നല്‍കുന്ന ഒരു സവിശേഷ സമൂഹമാണ് നമ്മുടേത്. ആ സാദ്ധ്യത മുന്നില്‍ കണ്ടു കര്‍മ്മപദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുകയും അതു പ്രയോഗത്തില്‍ കൊണ്ടുവരികയുമായിരിക്കും തുഫൈലിന്റെ മുഖ്യവെല്ലുവിളി. മുന്നെ പറഞ്ഞ മൂന്ന് പ്രാതിനിധ്യങ്ങളെ ഏകോപിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. കേരളത്തെ മനസിലാക്കുകയെന്നത് തുഫൈലിന് അത്ര വലിയ പ്രശ്നം ആയിരിക്കില്ല.
വെല്ലുവിളികളില്‍ കടുത്തത്
തകര്‍ക്കുകയെന്ന മനുഷ്യന്റെ നൈസര്‍ഗിക വാസന കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാപനങ്ങളും നേരിടുന്ന വലിയ വെല്ലുവിളിയാണ്. തുഫൈലും ആ പ്രവണതകളെ മനസിലാക്കേണ്ടിയിരിക്കുന്നു. നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ അടുത്ത നേതാക്കളെ തിരഞ്ഞെടുക്കുക ജനാധിപത്യരീതിയിലല്ല. പകരം പിന്നില്‍ കുത്തിയും കാലില്‍ കൊളുത്തിയും നടത്തുന്ന കളികള്‍ വഴിയാണ്.
നമ്മുടെ എല്ലാ രാഷ്ട്രീയക്കാരുടേയും പിന്നില്‍ വലിയ കുത്തുകളുടെ പാടുണ്ടാകും. ആ മുറിപ്പാടുകള്‍ നോക്കിയിട്ടുമാത്രമേ പി.ടി തുഫൈലിനും മുന്നോട്ട് പോകാനാകുകയുളളൂ. നമ്മുടെ രാഷ്ട്രീയത്തില്‍ ചെസുകളിക്കുളള പ്രധാന്യം തുഫൈല്‍ ഓര്‍ക്കണം. ചതുരംഗകളിയുടെ ഉറവിടം ഇന്ത്യയാണെന്ന് പറയാറുണ്ട്. നമ്മുടെ രാഷ്ട്രീയത്തിന്റെ അണിയറയിലെ നീക്കുപോക്കുകള്‍ കണ്ടെറിഞ്ഞുവേണം കരുക്കള്‍ നീക്കാന്‍.