അഹമ്മദാബാദ്: വി.എച്ച്.പിയുടെ നേതൃസ്ഥാനത്ത് നിന്നും കഴിഞ്ഞദിവസമാണ് പ്രവീണ്‍ തൊഗാഡിയ പുറത്താകുന്നത്. ഇതിനു പിന്നാലെ നടന്ന രാമക്ഷേത്ര നിര്‍മ്മാണം അവശ്യപ്പെട്ടുള്ള നിരാഹര സമരവേദിയില്‍ നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് തൊഗാഡിയ നടത്തിയത്. സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാതിരുന്ന തന്നെ എന്തിന് പുറത്താക്കിയെന്ന് അദ്ദേഹം വി.എച്ച്.പി ആസ്ഥാനത്തിനു മുന്‍വശത്ത നടക്കുന്ന അനിശ്ചിതകാല നിരാഹാര വേദിയില്‍ ചോദിച്ചു.
“ഹിന്ദുക്കളുടെ ക്ഷേമത്തിനായാണ് കഴിഞ്ഞ അമ്പതുവര്‍ഷകാലം പ്രവര്‍ത്തിച്ചത്. പ്രധാനമന്ത്രി പദം ഉള്‍പ്പെടെ സ്ഥാനമാനങ്ങള്‍ ഒന്നും തന്നെ ആഗ്രഹിക്കാതെ പ്രവര്‍ത്തിച്ച തന്നെ എന്ത് കാരണത്താലാണ് പുറത്താക്കിയതെന്ന് അറിയില്ല. കുറഞ്ഞ പക്ഷം തേയില പാക്കോ പകോഡ പാകം ചെയ്യുന്ന പാത്രമോ പോലും താന്‍ ആവശ്യപ്പെട്ടിട്ടില്ല” പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.
അയോധ്യയില്‍ രാമ ക്ഷേത്രം പണിയണമെന്ന ആവശ്യം മാത്രമാണ് താന്‍ മുന്നോട്ടുവെച്ചിരുന്നതെന്നു പറഞ്ഞ തൊഗാഡിയ ഈ പ്രശ്നത്തെ മുന്‍നിര്‍ത്തിയാണ് മോദി പ്രധാനമന്ത്രി പദത്തില്‍ എത്തിയതെന്നും കൂട്ടിച്ചേര്‍ത്തു.
“നരേന്ദ്ര ഭായിയുമായി എനിക്ക് വ്യക്തിപരമായി ഒരു പ്രശ്നവുമില്ല. രാമക്ഷേത്രം പണിയുന്നതുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യത്തില്‍ മോദി പിന്തുടരുന്ന മൗനത്തില്‍ മാത്രമാണ് ഞങ്ങള്‍ തമ്മില്‍ ഭിന്നതയുളളത്” തൊഗാഡിയ പറഞ്ഞു. 2001 ല്‍ താന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായേനെയെന്നും തൊഗാഡിയ പറഞ്ഞു.