ദല്‍ഹിയില്‍ ആര്‍മി ഉദ്യോഗസ്ഥന്റെ ഭാര്യയെ തൊണ്ടകീറിയ ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു
Crime
ദല്‍ഹിയില്‍ ആര്‍മി ഉദ്യോഗസ്ഥന്റെ ഭാര്യയെ തൊണ്ടകീറിയ ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th June 2018, 10:43 am

ന്യൂദല്‍ഹി: ദല്‍ഹിക്കടുത്ത് ആര്‍മി മേജറിന്റെ ഭാര്യയെ തൊണ്ടകീറി കാന്റ് മെട്രോ റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും യുവതിയെ വലിച്ചെറിയുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.

ആര്‍മിയില്‍ മേജറായ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ ദ്വിവേദിയെയാണ് തൊണ്ടകീറി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്  മുമ്പ് ഭാര്യയെ കാണാനില്ലെന്ന് കാട്ടി അമിത് ദ്വിവേദി പൊലീസില്‍ പരാതി നല്‍കിയിരുന്നു.


ALSO READ: കാശ്മീര്‍ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തിന് കാരണം ഗവര്‍ണര്‍ ജഗ്‌മോഹന്‍ സിംഗ്; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിയാഫുദ്ദിന്‍ സോസ്


അതേസമയം ബലാത്സംഗശ്രമങ്ങളോ മോഷണമോ നടന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആര്‍മി ബേസ് ഹോസ്പിറ്റലില്‍ ഡോക്ടറെ കാണാന്‍ ഷൈലജ എത്തിയിരുന്നു. ഹോസ്പിറ്റലില്‍ നിന്നിറങ്ങി അരമണിക്കൂറിനു ശേഷം ഇവര്‍ കൊല്ലപ്പെടുകയായിരുന്നു.


ALSO READ: ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രകോപിതരാകരുത്; അങ്കമാലി അതിരൂപത ഭൂമി വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മാര്‍ മനത്തോടത്തിന്റെ ഇടയലേഖനം


ഉച്ചയ്ക്ക് ഏകദേശം 1.30 ഓടെയാണ് ഷൈലജയുടെ മൃതദേഹം തൊണ്ട കീറിയ അവസ്ഥയില്‍ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹം കാന്റ് സ്റ്റേഷനില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് നിരീക്ഷണം. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിശദീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

കാല്‍മുട്ടിന്റെ ചികിത്സയ്ക്കായാണ് ഷൈലജ ഹോസ്പിറ്റലില്‍ എത്തിയിരുന്നത്. എന്നാല്‍ ഹോസ്പിറ്റലില്‍ നിന്ന് തിരികെയെത്താന്‍ വൈകുന്നതറിഞ്ഞ ഭര്‍ത്താവ് അമിത് ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഷൈലജയെപ്പറ്റി ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് അമിത് പൊലീസില്‍ പരാതി നല്‍കിയത്.


ALSO READ: ഏറ്റുമാനൂരില്‍ കാണാതായ അര്‍ജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തി


അതേസമയം സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനു ശേഷം മാത്രമേ കേസിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കുവെന്ന് അന്വേഷണ സംഘം പറഞ്ഞു.