| Tuesday, 10th August 2021, 6:51 pm

വിവാഹിതയായ സ്ത്രീയ്ക്ക് നേരെ പ്രണയലേഖനം എറിഞ്ഞു നല്‍കുന്നത് അപമാനിക്കുന്നതിന് തുല്യം:ബോംബെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വിവാഹം കഴിഞ്ഞ സത്രീയുടെ നേരെ പ്രണയാഭ്യര്‍ത്ഥന എഴുതി എറിഞ്ഞു നല്‍കിയത് മര്യാദയല്ലെന്നും അത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും ബോംബെ ഹൈക്കോടതി.

2011ല്‍ മഹാരാഷ്ട്രയിലെ അകോലയില്‍ നടന്ന സംഭവുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.

എളിമയെന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് അവര്‍ വിലപിടിപ്പുള്ള ഒന്നായി കണക്കാക്കുന്നതാണെന്നും അതിന് നേരേയുള്ള അപമാനം പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു. പ്രണയവാക്യങ്ങള്‍ അടങ്ങുന്ന കവിത വചനങ്ങള്‍ എറിഞ്ഞു നല്‍ക്കുന്നത് സ്ത്രിയുടെ പരിമിതത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.

2011 ഒക്ടോബര്‍ 3 നാണ് സംഭവം നടക്കുന്നത്. 45 വയസ്സ് പ്രായം വരുന്ന വിവാഹിതയായ സ്ത്രീയാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.

കടയുടമ ശ്രികൃഷുണ തവാരി പരാതിക്കാരിയായ സ്ത്രീ പാത്രങ്ങള്‍ കഴുക്കികൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് നേരെ ഒരു കടലാസ് നീട്ടുകയായിരുന്നു. എന്നാല്‍ യുവതി അത് നിരസിച്ചതോടെ അയാള്‍ കടലാസ് അവര്‍ക്ക് നേരെ വലിച്ചെറഞ്ഞു. അടുത്ത ദിവസം അശ്ലീലമായ ആംഗ്യങ്ങള്‍ കാണിക്കുകയും സംഭവിച്ചതൊന്നും ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് യുവതി പരാതി നല്‍കുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സി 354,509, 506 വകുപ്പ് പ്രകാരം തവാരിക്കെതിരെ കേസ് എടുത്തിരുന്നു. മേല്‍ പറഞ്ഞ വകുപ്പ് പ്രകാരം 2018ല്‍ സെഷന്‍സ് കോടതി ഇയാള്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. പിഴയോടൊപ്പം നഷ്ടപരിഹാരമായി ഒരു തുക നല്‍ക്കാനും വിധിയില്‍ പറയുന്നുണ്ട്. ഈ വിധിക്കെതിരെയായിരുന്നു തവാരി കോടതിയെ സമീപിച്ചത്.

തനിക്കെതിരെ വ്യാജ പരാതിയുമായി സ്ത്രീ വന്നതാണെന്നും തന്റെ കടയില്‍ നിന്നും കടമായി പലവ്യഞ്ജന സാധനങ്ങള്‍ വാങ്ങുകയും അതിന് പണം നല്‍കിയിട്ടില്ലെന്നുമാണ് പരാതിക്കാരന്റെ വാദം. എന്നാല്‍ തവാരിയുടെ വാദം കോടതി മുഖവിലക്കെടുത്തില്ല. യുവതി നല്‍കിയ പരാതി അവിശ്വസിക്കേണ്ടതില്ലെന്നും ജഡ്ജി പറഞ്ഞു. നിലവില്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ തവാരി അനുഭവിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇയാളുടെ ഹരജി തള്ളുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Latest Stories

We use cookies to give you the best possible experience. Learn more