ചെന്നൈ: ചെന്നൈയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും നായക്കുട്ടിയെ വലിച്ചെറിയുന്ന വീഡിയോക്ക് പിന്നില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയും സുഹൃത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും ചേര്‍ന്നാണ് ഒരു നേരമ്പോക്കിന് വേണ്ടി നായക്കുട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് എടുത്തെറിയാനും വീഡിയോ എടുക്കാനും പദ്ധതിയിട്ടത്. ചെന്നൈ മാതാ മെഡിക്കല്‍ കോളേജിലെ ഗൗതം എസ് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് വീഡിയോയില്‍ ഉള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും ഒളിവിലാണ്. അതേസമയം വീഡിയോയിലുള്ള യുവാവിനെതിരെ ചെന്നൈ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഒരു ബഹുനിലക്കെട്ടിടത്തിന് മുകളില്‍ നിന്ന് ഒരു നായക്കുട്ടിയെ യുവാവ് എടുത്തെറിയുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. സ്ലോ മോഷനിലുള്ള വീഡിയോ എടുക്കുന്നതിന് വേണ്ടി മന:പൂര്‍വം നായയെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്ന നായക്കുട്ടി വേദന കൊണ്ട് പുളഞ്ഞ് കരയുന്നതും വീഡിയോയിലുണ്ട്.